Tuesday, May 08, 2012

അവനവൻ ‍കുഴിക്കുന്ന കുഴികളില്‍...



സുഖിയന്‍ ഡോറില്‍ മുട്ടി..


"അകത്തേക്ക് വന്നോളൂ".. അശരീരി....
അകത്തൊന്നു കൂടി ശീതീകരിച്ച മുറി. എന്തൊരു തണുപ്പ്.. ഇയാള്‍  എസ്കിമോ ആണോ ആവോ  തണുപ്പ് എങ്ങിനെ സഹിക്കുന്നു..


" ഇരിക്കാം"..

ഇരുന്നു.. വല്ലാതെ തണുക്കുന്നു..

"എന്നെ ഓര്‍മ്മയുണ്ടോ" ?

ഉണ്ടോ? എവിടെയോ കണ്ടു മറന്ന മുഖം.. ഇല്ല ഓര്‍ക്കാൻ കഴിയുന്നില്ല.
ആരാണാവോ?

"ഞാൻ  ഹാംബര്‍‍ഗര്‍‍.  എല്ലാവരും കൊച്ചുമുതലാളി എന്ന് വിളിക്കും".

പഴയ സിനിമ - സീരിയല്‍ നടനാണോ. അല്ല പേര് എവിടെയോ കേട്ടിട്ടുണ്ട്.
ഹാം: ഞാൻ താങ്കളുടെ കമ്പനിയില്‍ നിന്നൊരു സര്‍വീസ് എടുത്തിരുന്നു..

സു : 
അതെയോ.. അല്ലെങ്കിലും ഞങ്ങളുടെ കമ്പനീയില്‍ ഭയങ്കര സര്‍വീസ് ആണ്..

ഹാം:
സര്‍വീസ് ചെയ്തത് താനാണ്.
സു : ഉവ്വോ.. ഒരുപാട് മുഖങ്ങള്‍ ഇങ്ങനെ കയറി ഇറങ്ങി പോകുന്നതല്ലേ സര്‍‍‍..

ഹാം:
സര്‍‍‍വീസ് മോശം ആയതിനു  തന്നെ വിളിച്ചു പത്തു  പറഞ്ഞത്  ഓര്‍‍‍മ്മയുണ്ടോ?

സുഖിയന്റെ  മുഖം വിളറി.. സംഗതി സത്യം ആണെങ്കിലും ഇങ്ങനെ വിളിച്ചു പറയാമോ ? ഇതിനൊക്കെ  സമയവും  സന്ദര്‍ഭവുമില്ലേ ? മാത്രമല്ല  ഇതൊരു  ഒരു  സ്ഥിരം  സംഭവമായത് കൊണ്ട് മുഖം ഓര്‍ത്തു വയ്ക്കാനും  പറ്റില്ല..

തുടര്‍ന്ന് ആ സര്‍വീസിന്റെ പോരായ്മകളും അദ്ദേഹത്തിന്  ഉണ്ടായ  ബുദ്ധിമുട്ടുകളും  ഇടതടവില്ലാതെ,  ആക്രോശമാണോ  അതോ  പൊട്ടിത്തെറി  ആണോ  എന്ന്  വേര്‍തിരിച്ചു  പറയാന്‍  പറ്റാത്ത  വിധം  പുലമ്പി  കൊണ്ടിരുന്നു..

സുഖിയന്‍ ഒന്നും കേള്‍ക്കുന്നുണ്ടായിരുന്നില്ല. ഇന്റര്‍വ്യൂനു ചെല്ലുമ്പോള്‍ തന്നെ അദ്ദേഹത്തിനെ കൈയില്‍ എടുക്കാൻ പാകത്തിന്  ചില നമ്പര്‍ ഒക്കെ റെഡി ആക്കി വച്ചിരുന്നു.. എല്ലാം  പോയി..  തകര്‍‍ന്നു.. തുടക്കത്തില്‍  തന്നെ  കല്ല്‌  കടിച്ചു.. അതും  ഒരു  മുട്ടന്‍ കല്ല്‌...


ജോലി കിട്ടുമോ ഐ മീന്‍ പണി കിട്ടുമോ ?


അയാള്‍... ക്ഷമിക്കണം "അദ്ദേഹം"... അതും  മുതലാളി  ആകാൻ ‍ ചെറിയ സാധ്യത പോലുമുള്ള  ഒരു വ്യക്തിയെ ബഹുമാന പൂര്‍വ്വം അങ്ങിനെ അഭിസംബോധന ചെയ്യണം‍..
അദ്ദേഹത്തിന്റെ ആദ്യ ചോദ്യം വിചാരിച്ച പോലെ തന്നെ .

ചായ അടിക്കാനുള്ള  പ്രവര്‍ത്തി പരിചയത്തെക്കുറിച്ച്  നാല്  വാക്ക് .

ചെയ്തതും  ചെയ്യാത്തതുമായ  കാര്യങ്ങള്‍  പ്രാസം  ഒപ്പിച്ചു  എടുത്തു  താങ്ങി. ചായ  എത്ര  പൊക്കിയടിച്ചു,  എത്ര പതപ്പിച്ചു,  ലൈറ്റ്,  മീഡിയം, സ്ട്രോങ്ങ്‌  ചായകളുടെ  അളവുകള്‍ ,  പോരാത്തതിനു  'കടികളുടെ'  രാസനാമം, അവ  തയ്യാറാക്കുന്ന  വിധം,  എത്ര  ആളുകള്‍   വാങ്ങി  കുടിച്ചു,  കടിച്ചു, കട്ടനും  കാപ്പിയും  തമ്മിലുള്ള  വ്യത്യാസം...  ഇവയെല്ലാം  നാലാം  ക്ലാസ്സില്‍  മനപ്പാഠം  പഠിച്ചു  ചൊല്ലുന്ന  ഒരു  കുട്ടിയുടെ ആവേശത്തോടെ  പറഞ്ഞു തീര്‍‍ത്തു.. 

ഹാം: അപ്പൊ  ആറ്  വര്‍ഷത്തെ പ്രവര്‍ത്തി പരിചയം. അല്ലെ?

അതല്ലേടോ ഇത്രേം  നേരം ഞാൻ ഘാണ്ടം ഘാണ്ടമായി പറഞ്ഞത്.  അങ്ങിനെ ചോദിക്കണം  എന്നുണ്ടായിരുന്നു‍.. 
പക്ഷെ, അതെ... എന്നൊരു  ദയനീയ  സ്വരം  മാത്രമേ  പുറത്തു  വന്നുള്ളൂ...

അദ്ദേഹം  വീണ്ടും ബയോടാറ്റയിലേക്ക് മൂക്ക് കുത്തി..

ഹാം: ആറ്   വര്‍‍ഷത്തിനുള്ളില്‍‍ നാല്  കടകള്‍‍... അപ്പൊ താനൊരു ജോബ്ഹോപ്പര്‍ ആണല്ലോ? 
ഗ്രാസ്ഹോപ്പര്‍  എന്നത് പുല്‍ച്ചാടി ആണെന്ന് അറിയാം. അഞ്ചാം ക്ലാസ്സില്‍വിക്ടോറിയ സിസ്റ്റര്‍ന്നെകൊണ്ട് ഇമ്പോസിഷൻ  എഴുതിച്ചതാ. മറക്കില്ല..
അപ്പൊ  ഹോപ്പര്‍ എന്ന് വെച്ചാല്‍ ചാട്ടക്കാരൻ‍..  അതായതു ജോബ്ഹോപ്പര്‍ അഥവാ  ജോലി ചാട്ടക്കാരൻ‍..‍.. 
മനസിലായി.. തന്നെ കുത്തിയതാണ്.
അതിനുള്ള മറുപടി ഇങ്ങനെ..
ആദ്യം ജോലി ചെയ്തിരുന്ന ‍ ഹോട്ടലില്‍ സാമ്പത്തിക പ്രതിസന്ധി.. അപ്പൊ തന്നെ ഈ പുല്‍ച്ചാടി അടുത്ത് തന്നെയുള്ള  മറ്റൊരു   തട്ടുകടയിലേക്ക്  കൂട് മാറ്റി. പിന്നെ ഒരു എട്ട് മാസം ചായ  അടിച്ചത്  അവിടെ. ഇതിനിടെ   ദുഫായ്ക്ക്  ഒരു  ഉരു  പോകുന്നതു  അറിഞ്ഞു അതില്‍  കേറി  സ്ഥലം  വിട്ടു. പത്തിരുപത്  ദിവസം  അലഞ്ഞു  തിരിഞ്ഞു ജോലി സമ്പാദിച്ചു. രണ്ടു  ദിവസം  ജോലിക്കും പോയി ദുഫായില്‍ വന്നാലുടനെ  പോറോട്ടയും  ചിക്കനും ഉണ്ടാക്കാമെന്നും , ‍ഒരു  വര്‍‍ഷത്തിനുള്ളില്‍  അമേരിക്കൻ  ചോപ്സിയും  പിസ്സയും  ഒക്കെ  ഉണ്ടാക്കാമെന്നും   തുടര്‍‍ന്ന് ഒരു   ഹോട്ടലും വിലയ്ക്ക് വാങ്ങാമെന്നു  കരുതിയതാണ്.  തെറ്റി.. അവിടെ  ചായ  അടിക്കണമെങ്കില്‍ ആദ്യം  വെള്ളം  കോരലും, പിന്നെ  തൂത്തു  വാരണമെന്നും  പറഞ്ഞതോടെ  സുഖിയന്റെ   ആത്മാഭിമാനത്തിന്  ക്ഷതമേറ്റു.  ഇത് ചെയ്യാൻ ദുഫായില്‍ വരണോ ? നാട്ടില്‍  പറയത്തക്ക  ബാധ്യത  ഒന്നുമില്ല. പിന്നെ തിന്നത്  എല്ലിന്റെ  ഇടയില്‍ കേറി  പുറപ്പെട്ടു  പോന്നതാണ്.   പിന്നൊന്നും  ആലോചിച്ചില്ല..   അടുത്ത  വണ്ടിക്ക്  തിരിച്ചു  നാട്  പിടിച്ചു. ഉടൻ  തന്നെ  മറ്റൊരു  തട്ടുകടയില്‍  ഉദ്യോഗം.   ആറ് മാസത്തോളം   അവരെ  ബുദ്ധിമുട്ടിക്കുന്നതിനിടയിലാണ്   ദുരിതാശ്വാസത്തില്‍  സാമാന്യം  ഭേദപെട്ട  തുക  വാഗ്ദാനം  ചെയ്തു  ഒരു ത്രീ സ്റ്റാര്‍ ഹോട്ടല്‍ ചാക്കിട്ടു പിടിക്കുന്നത്.  അവിടെ  വീണ്ടും രണ്ടില്‍  കൂടുതല്‍  കൊല്ലം..  ഇതൊക്കെ ജീവിതം എന്നെകൊണ്ട് കെട്ടിച്ച വേഷമല്ലേ..  ഇതിലെവിടെയാ സാറേ കോപ്പിംഗ് ?

ആറ് വര്‍ഷത്തിനുള്ളില്‍ നാല് കടകള്‍ എന്നത് മഹാപരാധം ആണത്രേ. പോരാത്തതിനു രണ്ടെണ്ണം തട്ടുകടകള്‍.  എന്നെ കുത്തിമലര്‍ത്താന്‍ കിട്ടിയ അവസരം  അദ്ദേഹം  നന്നായി  വിനിയോഗിച്ചു.  വെടിവെച്ചിട്ട   പന്നിയെ  നോക്കുന്ന  പോലെ  അദ്ദേഹം  നോക്കി.
ഒരു ശ്വാസത്തിന്റെ ഇടവേളയ്ക്കു ശേഷം അടുത്ത ചോദ്യം..
ദുരിതാശ്വാസം എത്ര കിട്ടുന്നുണ്ട്‌ ?

സുഖിയന്‍ തന്റെ പരിതാപകരമായ  അവസ്ഥ  പറഞ്ഞു.

ഹാം: അതിന്റെ എഴുത്ത് കുത്തുകള്‍ ഉണ്ടോ?

സു: ഉണ്ടല്ലോ..  അതും കാണിച്ചു..

ഹാം: ആട്ടെ.. എത്ര ആണെങ്കില്‍ വരും  ?

സു: സാധാരണ  ഇപ്പോഴത്തെ  കൂലിയില്‍  നിന്നും  നാല്പതു  ശതമാനം  കൂടുതലാ   ചോദിക്കുന്നത്.  പിന്നെ   താങ്കള്‍  ആയതുകൊണ്ടും   ഈ  ഹോട്ടലില്‍ ജോലി   ചെയ്യണം   എന്നത്  എന്റെ  ചിരകാലാഭിലാഷം   ആയതുകൊണ്ടും മുപ്പതു ശതമാനം മതി..
അദ്ദേഹം ചിരിച്ചോചിലപ്പോ തോന്നിയതായിരിക്കും..

ഹാം: അതായത് രമണാ... അല്ല സുഖിയാ..  താങ്കളുടെ രണ്ടു  വര്‍‍‍ഷത്തോളം പ്രവര്‍‍‍ത്തി പരിചയം തട്ടുകടയിലായിരുന്നുപിന്നെയാണ്  താങ്കള്‍  ഹോട്ടലുകളില്‍ പണി  ചെയ്തു  തുടങ്ങുന്നത്. അപ്പോള്‍  ഞങ്ങളുടെ  ആവശ്യകതയുമായി  ഇത്  യോജിച്ചു  പോകുന്നില്ലലോ..


സു: അപ്പൊ നാല് വര്‍ഷത്തെ പ്രവര്‍‍‍ത്തി പരിചയം മതി എന്ന് നിങ്ങളുടെ  എച്ച് ആര്‍ കൊച്ചു പറഞ്ഞതോ മാത്രമല്ല  ഇക്കാര്യം ഞാൻ ഫോണിലൂടെ   ആവര്‍‍‍‍ത്തിച്ചു  ചോദിച്ചതല്ലേ.  എന്നെ  പിന്നെന്തിനാ  മിനക്കെടുത്തിയത്  ?


ഉടന്‍ തന്നെ അദ്ദേഹം എച്ച് ആര്‍ കൊച്ചിനെ ഫോണില്‍ ബന്ധപെട്ടു.. മേല്പറഞ്ഞ അവകാശവാദം ബോധ്യപെട്ടതിനാലാകണം  അദ്ദേഹത്തിന്റെ  മുഖം  വീണ്ടും  ബയോടാറ്റയിലേക്ക്.. പിന്നീടുള്ള   അദ്ദേഹത്തിന്റെ  ശബ്ദത്തിനു  ഒരു  മയം. 
അത് ശരി... അപ്പൊ  താങ്കള്‍ക്ക്   വിപണനതന്ത്രങ്ങളും  അറിയാം  അല്ലെ? അത് കൊണ്ടാണ് വിളിപ്പിച്ചതു.. അപ്പോള്‍   നിങ്ങള്‍  ഭയങ്കര സംഭവമാണ്.   ഇത്  പോലെ  എല്ലാം തികഞ്ഞ  ഒരാളെ  ഞങ്ങള്‍‍ക്ക്   ഇത്  വരെ  കിട്ടീടില്ല..

താൻ  ഭയങ്കര സംഭവമാണത്രേ .. തമാശയാണെങ്കിലും  സുഖിയനു   അതങ്ങ്  സുഖിച്ചു.  കസേരയില്‍  ഒന്ന് കൂടി  നിവര്‍‍ന്നിരുന്നു..  അപ്പൊ കുറച്ചു മുന്‍പ്  തന്നെ   പറ്റി പറഞ്ഞത്,  ഇനി അദ്ദേഹത്തിന്  വല്ല  മറവി  രോഗം  ബാധിച്ചതാണോ ? അതോ എല്ലാ ഇന്റര്‍വ്യൂനും ഇങ്ങനാണോ ? ആവോ ?

ഇത്രേം  വല്യ  'സംഭവത്തിനെ'  എവിടെ  ഫിറ്റു  ചെയ്യും  എന്നാണ് ‍ അദ്ദേഹത്തിന്റെ അടുത്ത ആലോചന.

മനസിലായില്ല.. ഫിറ്റു ചെയ്യാൻ താൻ വല്ല പൈപ്പോ മറ്റോ  ആണോ..

ഹാം:  ഞങ്ങള്‍ ഉദ്ദേശിക്കുന്ന പോലുള്ള ഒരാളാണ് താങ്കള്‍.. പക്ഷെ...
സുഖിയന്റെ സ്വരം  താഴ്ന്നു.. സര്‍ എവിടെയാ പ്രശ്നം..  തുറന്നു പറഞ്ഞോളൂ..

ഹാം: ഇപ്പൊ താങ്കള്‍ വാങ്ങുന്ന റേഷൻ‍.. അതിത്തിരി കൂടതലാ...

സു: ഉവ്വ മനസിലായി. അത്  തന്നെയാകും  താങ്കളുടെ  വിഷയം  എന്ന്  എനിക്ക് തോന്നിയിരുന്നു..

ഹാം: അതില്‍ ഒരു നീക്ക് പോക്ക് ഉണ്ടാക്കണം. അപ്പൊ  എത്ര  ആണെങ്കില്‍ വരും ?


സു: ഞാൻ പറഞ്ഞല്ലോ സര്‍‍...


ഹാം: അതിത്തിരി കൂടുതലല്ലേ.. അത്ര  ഒന്നും  തരാൻ  പറ്റുമെന്നു   തോന്നുന്നില്ല.


സു: എങ്കില്‍ സാറ് തന്നെ പറ. എത്ര  തരാൻ  പറ്റും..

ഹാം: പതിനഞ്ച് ശതമാനം.

സു: അത് നക്കാപിച്ച അല്ലെ?

ഹാം: അതാണ് നമ്മുടെ ഹോട്ടലിന്റെ  ഒരു  സ്റ്റാൻ‍ഡേര്‍‍ഡ്.

നാശം.. മാറേണ്ടത്  തന്റെ  ആവശ്യം..   ഇല്ലെങ്കില്‍  അടുത്ത  മാസം പ്രോമോഷന്  വല്ല   ഗോകര്‍‍ണ്ണത്തെക്കും  പോകേണ്ടി വരും.. എന്ത് ചെയ്യണം ?  സുഖിയന്‍ ആലോചിച്ചു അവസാനം ഓക്കേ പറഞ്ഞു.. ഇത് മതി..

എലി പുന്നെല്ലു കണ്ടപോലെ അദ്ദേഹം ചിരിച്ചു..

ഹാം: നിയമന ഉത്തരവ് അയയ്ക്കാം. അത്  ഒപ്പിട്ടു  സമ്മതപത്രം  കൈപറ്റിയതുമായി കാണിച്ചു തിരിച്ചു  ഒരു  ഇണ്ടാസ്സും  തരണം. ബാക്കി  എല്ലാം  എച്ച്  ആര്‍  കൊച്ചു  പറഞ്ഞു  തരും.. എന്നാ വിട്ടോ..

സു: ശരി. വളരെ നന്ദിയുണ്ട്.

അന്ന് വൈകുന്നേരം തന്നെ ഉത്തരവ്  കിട്ടി  ബോധിച്ചു,  ഒരു കുഞ്ഞു പുസ്തകത്തിന്റെ  (ശരിയായി വായിക്കുക )  അത്രേം  ഉള്ള നിയമനഉത്തരവ്.. ഇതിനിടയില്‍ തന്റെ സ്ഥാവരജംഗമം ഒക്കെ  എഴുതി  ചേര്‍ത്തിട്ടുണ്ടാവുമോ. പണ്ടേ  വായിക്കാന്‍  പുസ്തകം  എടുത്താല്‍  ഉറക്കം  വരുന്ന  പതിവുണ്ട്. ആയതിനാല്‍  മുഴുവന്‍  വായിച്ചു   നോക്കാതെ  അപ്പൊ   തന്നെ  ഒപ്പിട്ടു.   ഒപ്പിടാന്‍ നേരം  ആരെങ്കിലും  ആ  പാട്ട്  കേട്ടോ ? ഏതു പാട്ട് ? തോന്നലായിരിക്കും.  ഒപ്പിട്ടു ഇണ്ടാസ് തിരിച്ചു  കൊടുത്തു.

രണ്ടു  ദിവസം  കഴിഞ്ഞപ്പോള്‍  ഒരു  കിളിമൊഴി..  അങ്ങേത്തലയ്ക്കല്‍  എച്ച് ആര്‍ കൊച്ചു.. ക്ഷമിക്കണം  മാടം..

എച്ച് ആര്‍: പിന്നെ  ഒരു  കാര്യം  അന്ന് പറയാൻ വിട്ടു പോയി... പി എഫ് ഇല്ല..

സു: വേണം  എന്നെനിക്ക്   നിര്‍‍ബന്ധമില്ല..  അപ്പൊള്‍    മുഴുവൻ   തുകയും  കയ്യില്‍ കിട്ടും  അല്ലെ..

എച്ച് ആര്‍:  ഇല്ല.. ഒരു  നിശ്ചിത   തുക   എല്ലാ   മാസവും   പിടിക്കും.  മൂന്നു   വര്‍‍ഷം   കഴിയുമ്പോള്‍   തിരിച്ചു  ഒരുമിച്ചു  ഒരു  തരല്‍  തരും.. അപ്പൊ  വേണ്ടാന്നു  പറയരുത്..

സു:   ഉ.. ഉ.. ഉജ്വലമായി.. അപ്പൊ ഇതെന്താ നേരത്തെ പറയാത്തെ?

എച്ച് ആര്‍:  ഇത്  സാധാരണ കടകളില്‍  ഉള്ളതാ.. ഹോട്ടല്‍  ഭീമന്മാര്‍  ഒക്കെ  ഇപ്പൊ  ഇങ്ങനാ..

സു: ആര് പറഞ്ഞു.. ഞാൻ ആദ്യമായിട്ടാ  കേള്‍ക്കുന്നെ.  അതൊക്കെ പോട്ടെ,  പറഞ്ഞു  വരുമ്പോ  എത്ര കയ്യില്‍  കിട്ടും..

എച്ച് ആര്‍: എല്ലാം കൂടി ഇത്ര കിട്ടും..


ദൈവമേ.. പണി കിട്ടി.. അല്ല തന്നു.. താന്‍ അത്  ചോദിച്ചു വാങ്ങി.
പഴയ  കൂലിയെക്കാള്‍  അഞ്ച് ശതമാനം മാത്രം കൂടുതല്‍‍. മുപ്പതു  ചോദിച്ചിട്ട് അവസാനം അഞ്ചില്‍  എത്തി.  ഇതെന്തിനാ.. ?


സു: അങ്ങനെ ആണെങ്കില്‍ എനിക്കീ ജോലി വേണ്ട.

എച്ച് ആര്‍: സമ്മതപത്രം  കൈപറ്റി  ഒപ്പിട്ടില്ലേ ? ഇനി  ജോയിൻ ചെയ്തില്ലെങ്കില്‍  വേറെ  കുറെ  കാശ്  ഇങ്ങോട്ട്‌  തരേണ്ടി  വരും

അതിലൊരു ഭീഷണിയുടെ സ്വരം തലപൊക്കിയില്ലേ..  

ഇതൊരു  കുരുക്കായി പോയല്ലോ ഈശ്വരാ...

അപ്പുറത്തെ വീട്ടിലെ  കുഞ്ഞു ചെക്കന്‍  മികച്ച   ടൈമിങ്ങില്‍  ഒരു  പാട്ട്  കൂടി  തൊടുത്തു   വിട്ടപ്പോള്‍  എല്ലാം പൂര്‍ത്തിയായി ..അവനവൻ ‍ കുഴിക്കുന്ന കുഴികളില്‍....

സമ്മതപത്രത്തില്‍ ഒപ്പിട്ടപ്പോള്‍  കേട്ട    ഗാനം  ഇത് തന്നെയായിരുന്നു എന്ന്   സുഖിയന്‍  ഇപ്പോള്‍  ഓര്‍‍ക്കുന്നു....