Tuesday, June 12, 2012

ചെയ്യാത്ത കുറ്റത്തിന്..

ഇത് ശരിക്കും ഒരു സംഭവ കഥയാണ് . ഇതിലെ കഥാപാത്രങ്ങള്‍ ഇപ്പോളും ജീവിച്ചിരിക്കുന്നു,  ആയതിനാല്‍ കഥാപാത്രങ്ങള്‍ക്കുള്ള   സാമ്യം തികച്ചും മനപൂര്‍വമാണ്.  ശാരീരികമായി എന്നെക്കാളും  കരുത്തരായ അവരുമായി  ഒരു ഏറ്റുമുട്ടല്‍ ഒഴിവാക്കുക എന്ന ഒരേ ഒരു ആഗ്രഹം കാരണം  ഇതില്‍ അവരുടെ വട്ടപ്പേരുകള്‍ മാത്രം ചേര്‍ത്ത് കൊള്ളുന്നു.
 
*************************************************************************************************************************************************************************************************************

ഒരു വാരാന്ത്യത്തില്‍, കോളേജ് ഹോസ്റ്റലില്‍ ആശാനും തടിയനും പിന്നെ പന്നിപ്പൊളിയും  മാത്രം. ബാക്കി എല്ലാവരും സ്വന്തം വീടുകളില്‍ പോയിരുന്നു .  രാത്രി മാത്രം ഹോസ്റ്റല്‍ മുറിയില്‍ എത്താറുള്ള  പന്നിപ്പൊളി പതിവ് പോലെ  പകല്‍ സമയങ്ങളില്‍ എങ്ങോ അപ്രത്യക്ഷനായി.  പന്നിപ്പൊളി  എന്നത്  വേട്ടാവളിയന്‍ പോലൊരു ജീവി ആണെന്ന് തെറ്റിദ്ധരിച്ചവര്‍ മനസിലാക്കുക,  ഇതൊരു വട്ടപ്പേരാണ്.

തടിയനു പനിയുടെ ലക്ഷണം വെള്ളിയാഴ്ച രാവിലെ മുതല്‍ തന്നെ തുടങ്ങിയിരുന്നു. ശനിയാഴ്ച രാവിലെ ആയപ്പോ കലശലായ വിറയലും പനിയും.. പാരസെറ്റമോളിന് ആ 110 കിലോ ശരീരത്തില്‍ കാര്യമായ  പ്രതികരണം  ഉണ്ടാക്കാന്‍ കഴിയുമെന്ന് കരുതുന്നത്  തന്നെ  തെറ്റാണ്.  മാത്രമല്ല  ഇത്  സാധാരണ പനിയാണെന്ന്  തോന്നുന്നില്ല.

ആശാന്‍ മനസിലോര്‍ത്തു.. തടിയന്റെ ബോധം പോയാല്‍, ക്രെയിനിന്  താന്‍  തന്നെ പണം മുടക്കേണ്ടി വരും.  കടം വാങ്ങാന്‍ പോലും ഹോസ്റ്റലില്‍ ആരുമില്ല.  ഇപ്പൊ അവനു നടക്കാന്‍ ആവതുണ്ട് .  ആശാന്‍ പിന്നൊന്നും ആലോചിച്ചില്ല.  ഒരു ഓട്ടോ വിളിച്ചു വന്നു.. പെട്ടി ഓട്ടോ  വിളിക്കാനാണ്  പോയതെങ്കിലും കിട്ടിയില്ല.  പാസ്സെന്‍ജര്‍ ഓട്ടോയുടെ പരിമിതികളില്‍ ആശാനും സംശയമുണ്ടായിരുന്നു. ഏതായാലും വരുന്നിടത്ത് വെച്ച് കാണാം.

റൂമില്‍ നിന്ന് തടിയനേം താങ്ങി, ആശാന്‍ ഓട്ടോയുടെ അടുത്തെത്തി. 
" ഡബിള്‍ ചാര്‍ജു തരണം. പാസ്സെന്‍ജര്‍ ഓട്ടോയില്‍ ചരക്കു കയറ്റാന്‍  പാടില്ല.  പോലീസു  പിടിച്ചാല്‍ പെറ്റി  അടിക്കും" . തടിയന്റെ തടിയില്‍ മാത്രം മൈന്‍ഡ് ചെയ്തു ഓട്ടോക്കാരന്‍.

ഓട്ടോക്കാരന്‍ പറഞ്ഞതില്‍ ന്യായം ഉണ്ടെന്നു തോന്നിയതിനാലാകണം ആശാന്‍ മറിച്ചൊന്നും പറയാതെ സമ്മതിച്ചു.  ഏതായാലും പോലീസു  പിടിക്കാതെ തന്നെ ആശുപത്രിയില്‍ എത്തി.

ഓട്ടോയില്‍ നിന്നിറങ്ങി തടിയന്‍ ആശാനെ നോക്കി. ഒരു അബദ്ധം എന്നോണം പറഞ്ഞു. ' ഞാന്‍ പേഴ്സ് എടുത്തില്ല'.

അത് പ്രതീക്ഷിട്ടെന്നോണം ആശാന്‍ പറഞ്ഞു.. 'സാരമില്ലെടാ, പൈസ   ഞാന്‍  കൊടുത്തോളാം'.

തടിയന്റെ  കണ്ണ് നിറഞ്ഞു. ആശാനെ കെട്ടിപിടിച്ചൊരു ഉമ്മ കൊടുത്താലോ. ഓട്ടോക്കാരന്‍ എന്ത് വിചാരിക്കും.  പിന്നെ മനസിലോര്‍ത്തു.. ഇതാണ് ആത്മാര്‍ത്ഥ  സുഹൃത്ത്ബന്ധം. എത്രയോ പേര്‍ സുഹൃത്തുക്കള്‍ എന്ന് പറഞ്ഞു കൂടെ നടക്കുന്നു. പക്ഷെ ഇപ്പോള്‍ ഇങ്ങനെ ഒരവസ്ഥയില്‍.. അത്യാവശ്യഘട്ടത്തില്‍ പണം പോലും  വകവയ്കാതെ  തന്നെ സ്നേഹിച്ചു  കൊല്ലുന്നു.  ഇതിനു  ഞാന്‍ എന്ത്  പ്രത്യുപകാരം  ചെയ്താലും  മതിയാകില്ല.

ആശാന്‍ പേഴ്സ് തുറന്നു നൂറു രൂപ  നോട്ട് എടുത്തു ഓട്ടോക്കാരനു  നേരെ വീശി.

പാതിരാത്രി ഏതോ അജ്ഞാത ജീവിയെ കണ്ട പോലെ തടിയന്‍ ഞെട്ടിത്തരിച്ചു നിന്നു.  ആശാന്റെ കയ്യില്‍ നൂറു രൂപയോ ? തടിയന്‍ വാപൊളിച്ചു . പനി  കാരണം നിലവിളിക്കാനുള്ള  ത്രാണി  ഇല്ലാത്തതു കൊണ്ട് അതിനു പറ്റിയില്ല.  ഒന്നൊന്നര വര്‍ഷം  കൂടെ  താമസിച്ചിട്ടും  ആശാന്റെ കയ്യില്‍ ഒരു പത്തിന്റെ നോട്ടിനപ്പുറം താന്‍ കണ്ടിട്ടില്ല. വേറെയാരും കണ്ടതായി  റിപ്പോര്‍ട്ടുകളും ഇല്ല. 

വിശ്വാസം വരാതെ അടുത്ത് പോയി നോക്കിയ തടിയന്‍ ശരിക്കും ഞെട്ടി. ആശാന്റെ കയ്യിലിരിക്കുന്ന പേഴ്സില്‍ തന്റെ പപ്പയുടേയും മമ്മിയുടെയും ഫോട്ടോ !

ആശാനാരാ മോന്‍?

ഓ പി ടിക്കറ്റ്‌ എടുത്തു ഡോക്ടറിനെ കണ്ടു. കുറെ ഗുളികള്‍ക്കുള്ള കുറിപ്പടിയും ഒരു കുത്തിവയ്പ്പിനും  അദ്ദേഹം ഉത്തരവിട്ടു. പണം അടയ്ക്കേണ്ട സ്ഥലത്തു  ആശാന്‍ 'തന്റെ'  പേഴ്സ് ഒരു അധികാരം എന്നോണം എടുത്തു പണം കൊടുക്കുന്നതും നിര്‍വികാരനായി നോക്കി നില്ക്കാനെ തടിയനു കഴിഞ്ഞുള്ളു .

അതിനു ശേഷം കുത്തിവയ്ക്കാന്‍ അടുത്ത റൂമിലേക്ക്‌ പോയി.  അവിടെ സുന്ദരിയായ ഒരു നേഴ്സ്. അവളെ കണ്ടതും ഏതൊരു മലയാളിയെയും പോലെ  രണ്ടു പേരിലും  നല്ല മുട്ടനൊരു പൂവന്‍ കോഴി കൂകി.  അവിടെ മൂന്ന് നാല് സീനിയര്‍ നേഴ്സുമാര്‍ നില്‍ക്കുന്നുണ്ടെങ്കിലും അവരെയൊന്നും വക വയ്ക്കാതെ  ആശാന്‍ നേരെ  ആ സുന്ദരി ജൂനിയര്‍ നേഴ്സിനടുത്തേക്ക് .. വാല് പോലെ തടിയനും.

"അതാ.. ആ ബെഡില്‍ കിടന്നോളൂ". സുന്ദരി മൊഴിഞ്ഞു. മനസില്ലാമനസ്സോടെ തടിയന്‍ പോയി കിടന്നു..

ആശാനാകട്ടെ നേഴ്സിനെ സഹായിക്കാനെന്നവണ്ണം അവളുടെ കൂടെ നടന്നു. അവള്‍ ആവശ്യപ്പെടാതെ തന്നെ. അവസാനം ഗതികെട്ട് അവള്‍ പറഞ്ഞു.
"ചേട്ടാ കുത്തിവയ്ക്കുമ്പോള്‍ ആരെങ്കിലും അടുത്ത് വേണം. ചേട്ടന്‍ അവിടെ നിന്നാല്‍ മതി."
ഒരു ഗെറ്റ് ഔട്ടിന്റെ സകല ലക്ഷണങ്ങളും ആ വാക്യത്തില്‍ ഉണ്ടായിരുന്നെങ്കിലും  ആശാന്‍ അവള്‍ പറഞ്ഞത്  അക്ഷരം പ്രതി അനുസരിച്ചു . കേള്‍കാതിരിക്കാന്‍  കഴിയുമായിരുന്നില്ല.
അത്രയ്ക്ക് സുന്ദരി ആയിരുന്നവള്‍.

പത്തു മിനിട്ട് കഴിഞ്ഞപ്പോള്‍ രണ്ട് പേരുടെയും സകലസ്വപ്നങ്ങളെയും തല്ലിക്കെടുത്തികൊണ്ട് ഒരു മൂത്ത നേഴ്സ് കടന്നു വന്നു.. ശരിക്കും ഒരു ഹെഡ് നേഴ്സ്. വന്നപാടെ സൂചിയും തയ്യാറാക്കി പഞ്ഞിയുമെടുത്തു നിന്ന നേഴ്സിനോടു  തടിയന്‍ അറിയാതെ പറഞ്ഞു പോയി
"നിങ്ങളാണ് എടുക്കുന്നതെങ്കില്‍ കയ്യില്‍ എടുത്താല്‍ മതി."

"പറ്റില്ല.. ചട്ടത്തില്‍ തന്നെ എടുക്കണം."

"ഞാന്‍ ജീവനോടുണ്ടെങ്കില്‍ അതിനു സമ്മതിക്കില്ല"

എന്ത് പറഞ്ഞിട്ടും തടിയന്‍ സമ്മതിക്കുന്നില്ല.

നേഴ്സ് ആശാനോട് പറഞ്ഞു. "ഇത് പനിക്കുള്ള ആന്റിബയോട്ടിക്കാ.. ഇത് കയ്യില്‍ എടുക്കാന്‍ പറ്റില്ല."

 ആശാന്‍ തടിയനെ കാര്യം പറഞ്ഞു മനസിലാക്കിച്ചു, കുറച്ചു ബലം പ്രയോഗിച്ചു തടിയനെ കമഴ്ത്തി കിടത്തി മുണ്ട് ചെറുതായി താഴ്ത്തി.

കാണാന്‍ പാടില്ലാത്തത് എന്തോ കണ്ടത് പോലെ നേഴ്സ് ഞെട്ടിത്തരിച്ചു നിന്നു. ആദ്യം ഒന്ന് അമ്പരന്നൊ ? പിന്നെ ചിരിച്ചോ? അതോ തോന്നിയതാണോ? ഏതായാലും കുത്തിവയ്പ്പ് കൃത്യം നിര്‍വഹിച്ചു ചിരിച്ചു കൊണ്ട് തന്നെ  നേഴ്സ് അകത്തേക്ക് പോയി.

തിരിച്ചു റൂമിലെത്തി, തടിയന്‍ മറക്കാതെ തന്റെ പേഴ്സ് വാങ്ങി ഭദ്രമായി വെച്ച്, പിന്നീടു കിടന്നുറങ്ങി.. രാത്രി ആയപ്പോള്‍ പന്നിപ്പൊളി എത്തി.. അവനും  ഒരു  പനിക്കോള്. അവനു വേണ്ടി രണ്ടു പാരസെറ്റമോള്‍ ജീവത്യാഗം ചെയ്തു. രാവിലെ പൊള്ളുന്ന പനി. തലേന്ന് കിട്ടിയ വിവരങ്ങളും  ലക്ഷണങ്ങളും  വെച്ച് ഇത് വൈറല്‍പനിയാണെന്ന്  ആശാനുറപ്പിച്ചു.

ആശാന്‍ ഒരു ഓട്ടോ വിളിച്ചു വന്നു. തലേ ദിവസത്തെ ഓര്‍മ്മ ഉള്ളതിനാലാവണം തടിയന്‍, പന്നിപ്പൊളിയുടെ  പേഴ്സ് അവന്റെ പാന്റ്സില്‍ തിരുകിവച്ചു  കൊടുത്തു..
ആശാനും പന്നിപ്പൊളിയും  നേരെ ആശുപത്രിക്ക്..

ഇന്നലെ കൊണ്ട് തന്നെ എല്ലാ നേഴ്സുമരെയും അറ്റണ്ടര്‍മാരെയും  ആശാന്‍ പരിചയപ്പെട്ടിരുന്നു. അത് കൊണ്ട് അധികം കാത്തു നില്‍ക്കാതെ  തന്നെ  ഡോക്ടറിനെയും കാണാന്‍ പറ്റി. അത് കഴിഞ്ഞു  കുത്തിവയ്ക്കുന്ന മുറിയിലെത്തി.  ഇന്നലെ കണ്ട അതേ ഹെഡ് നേഴ്സ്. കണ്ട പാടെ  അവര്‍ ഒന്ന് ചിരിച്ചു. പിന്നെ തലേന്ന് നടന്ന സംഭവത്തിന്റെ തനിയാവര്‍ത്തനം. ചടങ്ങ് ഇന്നലത്തെക്കാള്‍ ഭംഗിയായി നടന്നു.  ഇത്തവണ നേഴ്സിന്റെ  മുഖത്ത് വല്ലാത്ത കടുപ്പം. ഇന്നലത്തെ ചിരി മാഞ്ഞിരിക്കുന്നു.

പോകാന്‍ നേരം നേഴ്സ് ആശാനെ  നേഴ്സുമാരുടെ ഡ്യൂട്ടി റൂമിലേക്ക് വിളിപ്പിച്ചു.  എല്ലാ മൂത്ത നേഴ്സുമാരും ഉണ്ട്,  കൂട്ടത്തില്‍ തന്റെ സ്വന്തം  സുന്ദരി നേഴ്സും.

എന്തോ പന്തികേടുണ്ട്?  എന്റെ ഈശോ മറിയം ഔസേപ്പേ .. പന്നിപ്പൊളിക്ക്  എന്തെങ്കിലും മാറാരോഗം ?  എന്ത് തന്നെ ആയാലും സഹിക്കാനുള്ള ശക്തി തരണേ കര്‍ത്താവേ. അവനു കാര്യമായ എന്തോ  അസുഖമാണ്. ഇല്ലെങ്കില്‍ ഇത്രേം നേഴ്സുമാര്‍ എന്തിനിങ്ങനെ ശോകമൂകരായി നില്‍ക്കണം ?

"എന്താ തന്റെ ഉദ്ദേശം  ? " ഹെഡ് നേഴ്സ് ചോദിച്ചു.

"മനസിലായില്ല.." - ആശാന്‍

"ഇത് പോലത്തെ തോന്ന്യാസം കാണിച്ചാല്‍ എങ്ങിനെ കൈകാര്യം ചെയ്യണം എന്ന് ഞങ്ങള്‍ക്ക് അറിയാം.."

"എന്റെ  പൊന്നു ചേച്ചി എനിക്കൊന്നും മനസിലായില്ല.."

"എനിക്ക് അറിയാമേലാഞ്ഞിട്ടു ചോദിക്കുവാ.. തനിക്കിത്  തന്നെയാണോ പണി?"

"എന്ത് പണി ? "

"ഒരു കാര്യം പറഞ്ഞേക്കാം.. ഇനി താന്‍ കൊണ്ട് വരുന്നവന്മാരെ  ഒരു ജെട്ടി  ഇടീച്ചോണ്ട്  കൊണ്ട് വന്നില്ലെങ്കില്‍ തന്നെ പിടിച്ചു പോലീസില്‍ ഏല്‍പ്പിക്കും.  ഈ ഞരമ്പു രോഗം ഞങ്ങള്‍ മാറ്റി തരാം."

ആശാന്‍ ശരിക്കും ഞെട്ടി. അല്ല മാനം കെട്ടു. ഒരുപകാരം, അല്ല രണ്ടുപകാരം ചെയ്ത എനിയ്ക്കിതു തന്നെ വരണം.  അവന്മാര്‍ ചെയ്ത കുറ്റത്തിന്.. അല്ല ചെയ്യാത്ത കുറ്റത്തിന് പഴി എനിക്ക്.

ഒരു വിധം ക്ഷമാപണം നടത്തി പന്നിപ്പൊളിയെയും കൊണ്ട് തിരിച്ചു വരുമ്പോള്‍ ആശാന്റെ മുഖം നന്നായി വിളറിയിരുന്നു .

കര്‍ത്താവേ !  ആ സുന്ദരിയായ നേഴ്സ് തന്നെ പറ്റി എന്ത് വിചാരിച്ചു കാണുമോ ആവോ ?
***