Wednesday, July 18, 2012

മതമില്ലാത്ത ജീവന്‍ ....

മതസ്പര്‍ധ വളര്‍ത്താനോ, വിവാദങ്ങള്‍ ഉണ്ടാക്കാനോ കഴിവില്ലാത്ത, മിനിമം മാധ്യമ സിന്ടികേറ്റിലെ ഒരംഗം പോലും ആകാന്‍ കഴിവില്ലാത്ത ഈയുള്ളവന്റെ  ഒരു ചെറു കുറിപ്പായി കണ്ടാല്‍ മതി. എന്റെ മാത്രം അഭിപ്രായം ആണിതില്‍ . ഏതെങ്കിലും വിധത്തില്‍ ആരെയെങ്കിലും ഇത് വേദനിപ്പിക്കുന്നെങ്കില്‍ തുടര്‍ന്ന് വായിക്കരുത്.. അല്ല വായിക്കണ്ട. അമീര്‍ഖാന്‍ പറയുന്ന പോലെ നിങ്ങളുടെ വിവേചനബുദ്ധി (അങ്ങിനെ ഒന്നുണ്ടെങ്കില്‍ ) ഉപയോഗിച്ച് ഇത് വേണ്ട രീതിയില്‍ കണ്ടാല്‍ മതി.


ഇതിനാധാരം എന്റെ ഒരു സുഹൃത്തിനെ, അന്യ മതത്തില്‍ പെട്ട ഒരു പെണ്‍കുട്ടിയെ കല്യാണം കഴിച്ചതിനു, പള്ളീല്‍ നിന്ന് പുറത്താക്കപെട്ടതാണ്. രജിസ്റ്റര്‍ കല്യാണം ചെയ്ത പെണ്‍ക്കുട്ടിയെ  പള്ളിയില്‍ ചേര്‍ത്തില്ലെങ്കില്‍ നീയും കേറണ്ട എന്ന് പറയാതെ പറഞ്ഞു വെച്ചു പള്ളിയും പട്ടക്കാരും. ധാര്‍ഷ്ട്യം നിറഞ്ഞ ആ വാക്കുകള്‍ പുരോഹിതന്‍ പറഞ്ഞു കേട്ടപ്പോള്‍ അവന്‍ ഉള്‍പ്പെടെ ഞങ്ങള്‍ നാലഞ്ചു പഹയന്മാര്‍ ഒരുമിച്ചു ചിരിച്ചത് പള്ളിയില്‍ ചെറിയൊരു സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. അത് ചിരിച്ചതല്ലെന്നും ചുമച്ചതാനെന്നും പറഞ്ഞു തല്‍കാലം ഞങ്ങളെല്ലാവരും തടിയൂരി. ഏതായാലും ഒരു കുഞ്ഞു ചെഗുവേര ആയ സുഹൃത്ത്, പുരോഹിതന്റെ വാക്കുകള്‍ വി എസ്‌ പറഞ്ഞത് പോലെ അര്‍ഹിച്ച അവജ്ഞയോടെ തള്ളി കളഞ്ഞു.


പള്ളിയില്‍ നിന്ന് പുറത്തിറങ്ങി 'ബാര്‍ലി കല്യാണം' ആഘോഷിച്ചു  കൊണ്ടിരുന്നപ്പോള്‍  ഒരു സുഹൃത്ത്   പറഞ്ഞു "പള്ളീലച്ചന്‍ അങ്ങേരുടെ ജോലി ചെയ്തു എന്നതിനപ്പുറമായി നമ്മളാ വിഷയത്തെ കാണേണ്ടതില്ല" എന്ന്. പൊതുവേ അനുസരണക്കേട്‌  എന്റെ കൂടെപ്പിറപ്പ്‌ ആയതിനാല്‍ എനിക്ക് ആ വിഷയം അവിടെ വിട്ടു പോരാന്‍ തോന്നിയില്ല.


മതമില്ലാതെ ജീവിക്കുന്നത് ഫാഷന്‍ അല്ല.  അത് വിവേകത്തിന്റെ ലക്ഷണം ആണെന്ന് എവിടെയോ വായിച്ചതു ഞാന്‍ ഓര്‍ക്കുന്നു. ഓര്‍മ ശരി എങ്കില്‍ (ആകാന്‍ വഴിയില്ല എങ്കിലും) അത് മാര്‍ക്സ്‌, ഏംഗല്ല്‍സ്, ലെനിന്‍ ത്രയങ്ങളില്‍ ആരെങ്കിലും ആകാനെ തരമുള്ളൂ.  അത് ശരി ആണെന്ന് അറിയാമെങ്കിലും നമ്മള്‍ മലയാളികള്‍ അത് തിരുത്താന്‍ മിനക്കെടുന്നില്ല. മനുഷ്യന് ഈ ലോകത്ത് ജീവിക്കാന്‍ മതവും ജാതിയും വേണ്ട എന്നെനിക്ക്‌ തോന്നുന്നു. വിവേചന ബുദ്ധിയും അറിവും മാത്രം മതി. അത് തന്നെയാണ് മനുഷ്യനെ മൃഗങ്ങളില്‍ നിന്നും വേര്‍തിരിച്ചു നിര്‍ത്തുന്നതും. എങ്കിലും ഒരുവനെ മനുഷ്യനായി മാത്രം ജീവിക്കാന്‍ ഉപകരിക്കുമെങ്കില്‍ മതം നൂറു ശതമാനം നല്ലതാണ് .  പക്ഷെ അത് മതത്തില്‍ നിന്നുള്ള നല്ല വശങ്ങള്‍ മാത്രം എടുക്കുന്നവനെ കഴിയൂ.


എന്റെ കൂട്ടുകാരില്‍ പലര്‍ക്കും താന്‍ എന്തിനാണ് പള്ളിയിലോ അമ്പലത്തിലോ പോകുന്നതെന്ന് വ്യക്തമായി പറയാന്‍ കഴിയുന്നില്ല. ക്രിസ്ത്യന്‍ പള്ളികളില്‍ എന്റെ സുഹൃത്തുക്കള്‍ പോകുന്നത് (പോകുന്നവര്‍ വിരലില്‍ എണ്ണാവുന്നവര്‍ മാത്രം) വീട്ടുകാര്‍ നിര്‍ബന്ധിക്കുന്നത്‌ കൊണ്ടും, പിന്നെ നല്ല പെണ്‍കുട്ടികളെ കാണാനും മാത്രം. ഇസ്ലാം മതസുഹൃത്തുകള്‍ നിസ്ക്കരിക്കുനതിന്റെ പൊരുള്‍ അവര്‍ക്ക് തന്നെ പിടിയില്ല. വാപ്പയും ഉമ്മച്ചിയും പറഞ്ഞു, മദ്രസയില്‍ പഠിപ്പിച്ചു, ഇതിനപ്പുറം കൂടുതല്‍ ഒന്നും പറഞ്ഞു തരുന്നില്ല. അതോ എന്നോട് പറഞ്ഞു തന്നിട്ട് കാര്യം ഇല്ലാത്തതു കൊണ്ടാണോ  എന്നും അറിയില്ല. ഇതിനൊരു മറുവശം ഉണ്ട്. എന്റെ കൂട്ടുകാര്‍ എന്ന് പറയുമ്പോ ജോലി ചെയ്യാനും അടിച്ചു പൊളിക്കാനും മാത്രം അറിയാവുന്നവര്‍ ആണ്. പള്ളീല്‍ നിന്നെനല്ല വീട്ടില്‍ നിന്ന് പുറത്താക്കിയാലും വക വയ്ക്കാത്തവര്‍ . അവര്‍ക്ക് ഇത്തരം വിഷയങ്ങളില്‍ തീരെ താല്പര്യം ഇല്ല. അതുകൊണ്ട് മതപാണ്ഡിത്യം ഉള്ളവരെയും കണ്ടപ്പോള്‍ ചോദിച്ചു. അവരെല്ലാം ഉത്തരങ്ങള്‍ ലളിതമായി പറഞ്ഞു തന്നുമില്ല.. എല്ലാവരും ശങ്കരാടി സ്റ്റൈലില്‍ വിഘടനവാദികളും  , പ്രതിക്രിയവാദികളും,  റാഡിക്കല്‍ മാറ്റവും ഒക്കെ പറഞ്ഞു വലച്ചു. ഒരുപക്ഷെ, ചുവന്ന വെള്ളത്തിനു മേലെ നിന്നാല്‍  അവര്‍ ലളിതമായി പറഞ്ഞു തന്നേനെ. ക്ഷണിക്കുന്നത് അവരെ അപമാനിക്കല്‍ ആയാലോ, ചിലപ്പോ  വര്‍ഗീയകലാപം വരെ പൊട്ടി പുറപ്പെട്ടെന്നും വരം.


ഒരിക്കല്‍ തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്കുള്ള യാത്രാമധ്യേ ട്രെയിനില്‍ എന്റെ അടുത്തിരുന്ന ഒരു പെന്തക്കോസ്ത് മിഷിനറി പ്രവര്‍ത്തകന്‍ സഹായാത്രികരോടു  ഘോരം ഘോരം അദ്ദേഹത്തിന്റെ മതത്തെകുറിച്ച് സംസാരിച്ചു കൊണ്ടിരുന്നു. പല ആള്‍ക്കാരും ഇയാളോട് ചോദ്യങ്ങള്‍ ചോദിച്ചു കൊണ്ടിരുന്നു. പലര്‍ക്കും അയാളൊരു ടൈം പാസ്‌ ആയി തോന്നി . അതവരുടെ ചോദ്യത്തില്‍ നിന്നും മനസിലാക്കാം. അയാളാകട്ടെ സ്ഥലകാല ബോധം മറന്നു ഉച്ചത്തില്‍ സംസാരിച്ചു ചോദ്യങ്ങള്‍ നേരിടുന്നു. 
ഇതെല്ലം കേട്ടു കൊണ്ട് നിര്‍വികാരനായി ഇരുന്ന ഒരു മദ്ധ്യവയസ്കനോടായി പിന്നെ അയാളുടെ കസര്‍ത്ത്. ക്ഷമ നശിച്ച ആ മധ്യവയസ്കന്‍ ചോദിച്ചു "നിങ്ങളുടെ ദൈവത്തിനു ചെവി കേട്ടൂടെ കൂട്ടുകാരാ.. ഇത്ര ഉച്ചത്തില്‍ പാട്ട് പാടി  വാഴ്ത്താന്‍ ". എന്തിനാണ്  ദൈവദാസര്‍  ഇങ്ങനെ സ്വയം  അപഹാസ്യരാകുന്നത്.


ഇതൊക്കെ പറയുമ്പോള്‍  എന്റെ കാര്യവും പറയണമല്ലോ. ഒരു പച്ചപരിഷ്കാരി ആയതിനു ശേഷം ഹിന്ദു മതത്തില്‍ ഞാന്‍ വിശ്വസിക്കുന്നില്ല, പകരം അതിനെ ഒരു സംസ്കാരം ആയി കാണാന്‍ ഇഷ്ടപ്പെടുന്നു. അമ്പലത്തില്‍ പോകുന്നവരെയാണ് ഈശ്വരവിശ്വാസികള്‍ എന്ന് വിളിക്കുന്നതെങ്കില്‍ ഞാന്‍ ഒരു വിശ്വാസി ആണ്. പക്ഷെ ഞാന്‍ അമ്പലങ്ങളുടെ കാര്യത്തില്‍ സെലെക്ടീവ് ആണ്. ഹൈന്ദവ സംസ്കാരം വിളിച്ചോതുന്ന അമ്പല നിര്‍മ്മിതി കാണാനാണ്, ഒരു പക്ഷെ അതിനു മാത്രമാണ്, ഞാന്‍ പോകുന്നത്. അതില്‍ ഏറെ ഇഷ്ടം ശുചീന്ദ്രം ക്ഷേത്രമാണ്, അതിന്റെ ദൃശ്യഭംഗിയും വാസ്തുകലാ വൈഭവവും എന്നെ ഇപ്പോഴും ആകര്‍ഷിക്കുന്നു. 


എന്നോട് പല മുതിര്‍ന്ന ആള്‍ക്കാരും പറഞ്ഞു ഇന്ന ക്ഷേത്രത്തില്‍ ദേവിക്ക്/ദേവന് ഭയങ്കര ശക്തിയാണ്, വിളിച്ചാല്‍ വിളിപ്പുറത്ത് വരുമത്രേ. എനിക്കെന്തോ അതില്‍ വിശ്വാസം വന്നിട്ടില്ല. ആരും വിളിച്ചു കാണിച്ചു തരാത്തത് കൊണ്ടാകും. ദൈവം ഒന്നേ ഉള്ളെന്നു നാഴികയ്ക്ക് നാല്‍പ്പതുവട്ടം പറയുന്നവര്‍ അമ്പലങ്ങളില്‍ മാറി മാറി പോകുന്നത് എന്തിനെന്നു ഇത് വരെ മനസിലായിട്ടില്ല. അവരെ കുറ്റപെടുത്തുന്നതല്ല. കുറച്ചു മനസുഖത്തിനു  വേണ്ടി പോകുന്നതെന്ന് ഒഴുക്കന്‍ മട്ടില്‍ പറയുന്നവരാണ് കൂടുതല്‍ . അങ്ങിനെയെങ്കില്‍  ഏറ്റവും പറ്റിയ സ്ഥലം അരയാലിന്റെ ചുവട്ടില്‍ അല്ലെ ? ഇത്രയും സ്വസ്ഥതയും ശുദ്ധമായ അന്തരീക്ഷവും വേറെ എവിടെയും കിട്ടുമോ ? 


ഗുരുവായൂരില്‍ പോകാന്‍ എനിക്ക് ലവലേശം താല്പര്യമില്ല.. അവിടെ കാണുന്ന ബോര്‍ഡ്‌ തന്നെ കാരണം. അഹിന്ദുക്കള്‍ക്ക് പ്രവേശനമില്ല. അഹിന്ദു ആണെന്ന് ഗുരുവായൂര്‍ ദേവസ്വം എങ്ങിനെ തീരുമാനിക്കുന്നോ, ആവോ ? തൊട്ടുകൂടായ്മയുടെ ഒരു ടച്ച് അതിനില്ലേ? ക്ഷേത്രാചാരങ്ങള്‍ അതിനു അനുവദിക്കുന്നില്ല  പോലും. അങ്ങിനെ എങ്കില്‍ ഹിന്ദുക്കള്‍ ആചാരം പാലിക്കുന്നവരാണോ ? 


ഞാന്‍ ഇതുവരെ വായിച്ചു നോക്കിയിട്ടുള്ളതില്‍ എനിക്ക് ഒരു സമ്പൂര്‍ണ്ണ ഗ്രന്ഥം എന്ന് തോന്നിയത് വിശുദ്ധ ഖുറാന്‍ ആണ്. അതിലെ ഉള്ളടക്കവും സാരംശവും മറ്റു ഗ്രന്ഥങ്ങളെ പോലെ തന്നെ ആണെങ്കിലും ഒരു ആധികാരികതയും വിശ്വസ്തതയും പ്രതിഫലിക്കുന്നതായി തോന്നി. വേദങ്ങള്‍ ഇത് വരെ വായിക്കാന്‍ കഴിഞ്ഞിട്ടില്ല. അത് കൊണ്ട് ഒരു താരതമ്യം ഇപ്പോള്‍ അസാധ്യം ആണ്.


ഇങ്ങനെ ഒക്കെ ആണെങ്കിലും  അമ്മയോടൊപ്പം  ഇപ്പോഴും അമ്പലങ്ങളും പള്ളികളിലും (അനുവാദം ഉള്ളിടത് മാത്രം) കയറി ഇറങ്ങാറുണ്ട്. ഭാര്യ അച്ചായത്തി  ആയതു കൊണ്ട് കൊണ്ട് പോയാല്‍ അവളുടെ കഴുത്തിലെ കുരിശു  എനിക്ക് കുരിശയാലോ എന്ന് കരുതി കൂടെ കൂട്ടാറില്ല (കൂടെ വരാറുമില്ല എന്നത് പച്ചപരമാര്‍ത്ഥം).


എനിക്ക് ആശ്വാസം തരുന്ന ഒരു ശക്തി ഉണ്ട് എന്ന് വിശ്വസിക്കുന്നു. അതിനെ ദൈവം എന്നോ പോസിറ്റീവ് എനര്‍ജി എന്നോ ഞാന്‍ വിളിക്കും. അതിനര്‍ത്ഥം യുക്തിവാദത്തില്‍ ഞാന്‍ വിശ്വസിക്കുന്നില്ല എന്നു. കാരണം 'ദൈവമേ' എന്ന് ജീവിതത്തില്‍ ഒരിക്കല്‍ പോലും വിളിക്കാത്തവര്‍ ഉണ്ടാവില്ല എന്നത് കൊണ്ട് തന്നെ, അതേതു  കൊടി കെട്ടിയ യുക്തിവാദി ആയാല്‍ പോലും. ആ അദൃശ്യ ശക്തിയെ  മതങ്ങളുമായി ബന്ധപ്പെടുത്തി ചില്ലറ വ്യാപാരം നടത്തുന്നവരോടാണ് എനിക്ക് ബഹുമാനക്കുറവ് .. 
അതെ... ആനക്കാട്ടില്‍ ഈപ്പച്ചന്റെ അതേ Irreverence..


3 comments:

Unknown said...

mone jinu appo ne enthinada 10yrs mudangathe hanuman kovilil poyath..avide enthu vasthukala vybhavam anulathenu manasilakunnilla :)

ജിനേഷ് എം സോമൻ said...

" ഒരു പച്ചപരിഷ്കാരി ആയതിനു ശേഷം ഹിന്ദു മതത്തില്‍ ഞാന്‍ വിശ്വസിക്കുന്നില്ല, "
ഈ രൂപാന്തരം (ഏതാണ്ട് ആറു വര്‍ഷങ്ങള്‍ക്കിപ്പുറം) സംഭവിച്ചതിനു ശേഷമുള്ള കാര്യമാ ഇവിടെ പറഞ്ഞിരിക്കുന്നത്. പത്തു വര്‍ഷമൊന്നുമില്ല 41 വ്യാഴാഴ്ച മുടങ്ങാതെ പോയിട്ടുണ്ട് :) തിരിച്ചറിവുകള്‍ വളരെ വൈകി ഉണ്ടായെന്നു വേണെമെങ്കില്‍ പറയാം.

Unknown said...

oru pacha parishkari akathirunnittu kooodi hindu mathathil njan viswasikkunilla enthinu matham ennum parayunnavane polum enikku allergy anu athu kondu annante ee blogathodu njan 100% yochikkunnu..