Friday, July 27, 2012

ഒരു കുഞ്ഞു പ്രണയനൊമ്പരം..


കുഞ്ഞു നാളിലെ പ്രണയകാമുകന്റെ ചേഷ്ടകള്‍  ആര്‍ക്കും  ഒരിക്കലും മറക്കാനാവില്ല എന്ന് മാത്രമല്ലഅന്ന് കാട്ടി കൂട്ടിയ വിക്രിയകള്‍ ഇന്നും ഓര്‍ത്തു ചിരിക്കാന്‍ വക നല്കാറുമുണ്ട്. 'കുഞ്ഞു' എന്നത് കൊണ്ടത്‌ അര്‍ത്ഥമാക്കുന്നത്  പത്തു വയസ്സ് മാത്രമാണ്. അന്നത്തെ അത്തരം കോപ്രായങ്ങളെ പ്രണയം എന്ന് വിളിക്കുന്നത് മനപൂര്‍വമാണ്. എട്ടും പൊട്ടും തിരിയാത്ത കാലത്ത് തോന്നുന്നതായത് കൊണ്ടും,  നിഷ്കളങ്കവും, നിസ്വാര്‍ത്ഥമായതും കൊണ്ടും അത് തന്നെയാണ് യഥാര്‍ത്ഥ പ്രണയം എന്ന് തോന്നുന്നു. 

മൂന്നാം ക്ലാസ്സ് വരെ പെണ്‍കുട്ടികളോട് ഒരു ഭയം കലര്‍ന്ന ഒരു സുഹൃത്ത്ബന്ധമായിരുന്നു. അത് അമ്മയുടെ ഉപദേശങ്ങള്‍ കൊണ്ടായിരുന്നു. പെണ്‍കുട്ടികളോട് അടുത്തിടപഴകരുതെന്നും, അത് അവരുടെ അമ്മമാര്‍ക്ക് ഇഷ്ടപെടില്ലെന്നും ഒക്കെ എന്നെ പറഞ്ഞു പഠിപ്പിച്ചിരുന്നു .  എന്തെങ്കിലും ചീത്തപ്പേര് കേള്‍പ്പിച്ചാല്‍ അച്ഛനെ വിളിച്ചോണ്ട് വരേണ്ടി വരുമെന്നുള്ളത് കൊണ്ട് ഞാന്‍ പെണ്‍കുട്ടികളില്‍ നിന്ന് അകന്നു നിന്നു. മാത്രമല്ല ഏതെങ്കിലും വിധത്തില്‍ പെണ്‍കുട്ടികളുടെ പേരുമായി ആണ്‍കുട്ടികളുടെ പേര് വലിച്ചിഴയ്ക്കുന്നത് ഒരു കുറച്ചിലായി കണ്ടിരുന്നു.

1987ല്‍  ഒരു ജൂണ്‍ മാസത്തിലാണ് എന്റെ വീട്ടില്‍ ആദ്യമായി ടി വി കടന്നു വരുന്നത്. ടി വി യുടെ കൂടെ കൊണ്ട് വന്ന ആന്റിന ഒരു സംഭവമായിരുന്നു. സംഗതി ദൂരദര്‍ശന്‍ കേന്ദ്രത്തിനു ഒരു വിളിപ്പാട് അകലെ മാത്രമുള്ള എന്റെ വീട്ടില്‍ ആന്റിനയുടെ ആവശ്യം തന്നെ ഇല്ലായിരുന്നു. എങ്കിലും ടി വി ക്ക് ആന്റിന ഇല്ലാതെ എന്താഘോഷം ? ഉത്സവത്തിനു കൊടിയേറും പോലെ ആന്റിന വീടിന്റെ ഓടു തുളച്ചു പൊങ്ങുന്നത് ഞങ്ങള്‍ ആറേഴു പിള്ളേര്‍ നോക്കി നിന്നു. ടി വി ഓണ്‍ ചെയ്തതും ദൂരദര്‍ശന്റെ ഉഴുന്ന് വട പോലുള്ള ലോഗോയും കൂടെ മരിച്ച വീട്ടിലെ  പോലെ പശ്ചാത്തല സംഗീതവും കൂടി കണ്ടപ്പോള്‍ ഞങ്ങള്‍ പിള്ളേര്‍ക്കുണ്ടായ സന്തോഷം ഒരിക്കലും മറക്കാനാകില്ല. രണ്ടാം ക്ലാസ്സ് വരെ സിനിമ ഒന്നും കാണാത്ത  എനിക്ക് സിനിമയും, അവയിലൂടെ നായകന്മാരുടെയും ആരാധന തലയ്ക്കു പിടിച്ചു. പലപ്പോഴും നായകന്മാരെ പോലെ നടക്കുക, അവരെ പോലെ സംസാരിക്കുക എന്നതൊക്കെ ജീവിതത്തില്‍ ഒഴിച്ചുകൂടാനാകാത്തത് ആയി മാറി. നിങ്ങള്‍ കരുതും പോലെ ലാലേട്ടനും മമ്മുക്കയും ഒന്നുമല്ല, മറിച്ചു മിതുന്‍ ചക്രവര്‍ത്തിയും, രാജേഷ്‌ ഖന്നയും പിന്നെ പേരു അറിഞ്ഞുകൂടാത്ത മീശയില്ലാത്ത കുറേ ഹിന്ദി നായകന്മാരാണ്  എന്റെ ആരാധനാപാത്രങ്ങള്‍...  .  ഹിന്ദി ഒരു വക മനസിലാകില്ലെങ്കിലും,  ആഴ്ചയില്‍ ഒരിക്കല്‍ മാത്രം വരുന്ന ഹിന്ദി സിനിമ, വായും പൊളിച്ചിരുന്നു കാണുന്നതില്‍ ഒരു കുറവും വരുത്തിയില്ല.  പ്രണയം എന്ന് പറയുന്നത് എനിക്ക് പുതിയ ഒരു അറിവായിരുന്നു . അന്നത്തെ എന്റെ ധാരണ, ഇങ്ങനെ പ്രണയിച്ചാണ് മനുഷ്യര്‍ കല്യാണം കഴിക്കുന്നത് എന്നായിരുന്നു. മിക്ക  സിനിമകളും ഈ ധാരണയെ ഊട്ടി ഉറപ്പിച്ചിരുന്നു,  മറിച്ചുള്ള സിനിമകള്‍ എന്നെ സംബന്ധിച്ചിടത്തോളം പൊട്ട സിനിമകള്‍ ആയിരുന്നു.  ഇങ്ങനെ ഒക്കെ ഞാന്‍ ചിന്തിച്ചു തുടങ്ങിയെങ്കിലും അമ്മയുടെ ഉപദേശങ്ങള്‍, IPLലെ  ചിയര്‍ ഗേള്‍സിനെ പോലെ,  ഇടയ്കിടയ്ക്ക് ഓര്‍മിച്ചു കൊണ്ടിരുന്നു. 

അതെന്തെങ്കിലും ആവട്ടെ.. ടി വി യുടെ കാര്യം ഒരു ടച്ചിങ്ങ്സിന് വേണ്ടി പറഞ്ഞതാ. പ്രണയത്തില്‍ ടിവിക്കുണ്ടായിരുന്ന സ്ഥാനവും, അത് വരുത്തിയ പരിണാമ സിദ്ധാന്തവും പറഞ്ഞു എന്നേയുള്ളൂ. 

അങ്ങിനെ ഇരിക്കെയാണ് അടുത്തുള്ള സ്കൂളില്‍ നിന്നും മാറ്റി കവടിയാറിലെ  ഒരു പ്രമുഖ സ്കൂളിലേക്ക് എന്നെ നാലാം ക്ലാസ്സിലേക്ക് പറിച്ചു നടുന്നത് . അതോടെ ഞാന്‍ കുറച്ചു അഹങ്കാരിയുമായി. പുതിയ സ്കൂള്‍ ... പുതിയ കുട്ടികള്‍ ... പുതിയ സ്കൂളില്‍ പയറ്റാന്‍ സിനിമയുടെ ജാടകള്‍ ഒക്കെ പഠിച്ചു വെച്ചിരുന്നു. പക്ഷെ എല്ലാം  തകര്‍ന്ന്‍ തരിപ്പണമായി . എന്നെക്കാളും നാലിരട്ടി അഹങ്കാരികളായ വില്ലന്മാരെ ആയിരുന്നു ഞാന്‍ നേരിടേണ്ടിയിരുന്നത്. മാളിക മുകളേറിയ മന്നന്റെ തോളില്‍ മാറാപ്പു കേറ്റുന്നതും ഭവാന്‍ . അത് തന്നെ അവസ്ഥ. ഞാന്‍  പത്തി  മടക്കി നല്ല കുട്ടിയായി. നല്ല കുട്ടി ആകുക എന്നത് എന്നെ സംബന്ധിച്ചിടത്തോളം കഠിന പ്രയത്നം തന്നെ ആയിരുന്നു. സിനിമകളില്‍ നായകന്‍ എപ്പോഴും നല്ലത് മാത്രമല്ലെ ചെയ്യൂ. അത് കാരണം ഞാനും അങ്ങിനെ തന്നെ ചെയ്തു. എല്ലാരോടും നന്നായി പെരുമാറുന്നു, പ്രത്യേകിച്ചു പെണ്‍കുട്ടികളോട്. മാത്രമല്ല നന്നായി പഠിച്ചു പേര് നേടുക എന്നതായി പിന്നത്തെ ശ്രമം. അത് ഒരു പരിധി വരെ വിജയിച്ചു. ക്ലാസ്സില്‍ ആദ്യത്തെ അഞ്ചു റാങ്കിനുള്ളില്‍ എന്റെ പേര് വരുത്തി കൊണ്ടിരുന്നു. അതില്‍ എന്റെ മത്സരം എപ്പോഴും ദിവ്യയോടായിരുന്നു. മൂന്നും നാലും സ്ഥാനങ്ങള്‍ക്ക് വേണ്ടി. അത് ഒരു ടെസ്റ്റ്‌ കഴിയുമ്പോളും തിരഞ്ഞെടുപ്പ് പോലെ ലീഡ് മാറി മറിഞ്ഞു കൊണ്ടിരുന്നു. ഇത്തവണ മൂന്നാമന്‍ ഞാന്‍ ആണെങ്കില്‍ ദിവ്യ നാലാമത്. അടുത്ത പ്രാവശ്യം അവള്‍ മൂന്നാമത്, ഞാന്‍ നാലാമത്.   ഇങ്ങനെ നാലഞ്ച് ടെസ്റ്റ്‌ കഴിഞ്ഞപ്പോ ഞങ്ങള്‍ അടുത്തു . നിങ്ങള്‍ ഉദ്ദേശിച്ചതല്ല കവി ഉദ്ദേശിച്ചത്. ഞങ്ങള്‍ക്ക് എവിടെയാ മാര്‍ക്ക്‌ കുറയുന്നതെന്നു സംശയം അങ്ങോട്ടും ഇങ്ങോട്ടും പങ്കു വെച്ചു എന്ന് മാത്രമേ ഉദ്ദേശിച്ചുള്ളൂ. ഇങ്ങനെ സംസാരിച്ചു സംസാരിച്ചു ഒടുവില്‍ എന്റെ മനസിലെ നായകന് ദിവ്യയോട് ഒരു "ഇത്".. മനസിലായില്ലേ ? പത്തു വയസ്സേ ഉള്ളെങ്കിലും  ഇത് "ഇത്" തന്നെയല്ലേ

ആദ്യമായി അമ്മ പറഞ്ഞതിന് വിപരീതമായി ചിന്തിച്ചു തുടങ്ങിയിരിക്കുന്നു. ടി വി യാണ് എല്ലാത്തിനും കാരണം. അതില്‍ മിതുന്‍ ചക്രവര്‍ത്തി പുഷ്പം പോലെയല്ലേ  പെണ്‍പിള്ളേരെ പ്രണയിക്കുന്നത്. മാത്രമല്ല  കൂടെ ഉള്ള ചങ്ങാതിമാര്‍ക്കെല്ലാം വണ്‍ വേ ട്രാഫിക്‌ പ്രണയങ്ങള്‍ ഉണ്ട്. പോരാത്തതിനു ഒരുത്തന് ടു വേ. എനിക്ക് മാത്രം പേരിനു പോലും പ്രണയം ഇല്ല. ആരോട് പറയും എന്റെ ഈ കുഞ്ഞു വിഷമം? നിക്കര്‍ ഇട്ടു നടക്കുന്നവന് പ്രണയിക്കാന്‍ അവകാശമില്ലേ ഒടുവില്‍ എന്റെ ഈ ധര്‍മ്മ സങ്കടം അടുത്തിരിക്കുന്ന ഉറ്റ സുഹൃത്ത് മനോജിനോട് പറഞ്ഞു. പറഞ്ഞു വന്നപ്പോള്‍ അവനും എന്റെ അവസ്ഥയില്‍. അവന്റെ പ്രേമം ദിവ്യയുടെ അടുത്തിരിക്കുന്ന മുടി ക്രോപ് ചെയ്ത ഒരു പെണ്‍കുട്ടിയോട് (ക്ഷമിക്കണം.. ആ കുട്ടിയുടെ പേരു  ഓര്‍മ്മ കിട്ടുന്നില്ല.) . രണ്ടു പേര്‍ക്കും തങ്ങളുടെ പ്രേമം അറിയിക്കണം. ക്ലാസ്സിലെ ഗജപോക്കിരികളോട് , അവന്മാര്‍ എങ്ങിനെയാ ഇതൊക്കെ കൈകാര്യം ചെയുന്നതെന്ന് തന്ത്രപൂര്‍വ്വം ചോദിച്ചു മനസിലാക്കി. ആ വകയില്‍ കുറച്ചു പഫ്സിന്റെയും  നാരങ്ങ വെള്ളത്തിന്റെയും പൈസ പോയി കിട്ടി. 

അവസാനം  ലവ് ലെറ്റര്‍ എന്ന ആശയത്തില്‍ ലേലം ഉറപ്പിച്ചു. പക്ഷെ രണ്ടു പേര്‍ക്കും ധൈര്യമില്ല. ആര് എഴുതും, എങ്ങിനെ എഴുതും, എങ്ങിനെ കൊടുക്കും? അവസാനം മനോജിന്റെ വീട്ടിലെ ടൈപ്പ് റൈട്ടര്‍ ഉപയോഗിച്ച് ലെറ്റര്‍ ടൈപ്പ് ചെയ്യാന്‍  തീരുമാനിച്ചു. അപ്പോള്‍ പിന്നെ കൈയ്യക്ഷരം വെച്ചു ഞങ്ങളെ പിടിക്കാനും പറ്റില്ല. ഞങ്ങളിലെ ക്രിമിനല്‍ ബുദ്ധി ഉണര്‍ന്നു പ്രവര്‍ത്തിച്ചു. ലെറ്ററിന്റെ ഉള്ളടക്കം ആലോചിച്ചു. എഴുതാന്‍ കഴിയുന്നില്ല. ഒരു പക്ഷെ അന്നത്തെ ഞങ്ങളുടെ പ്രാര്‍ത്ഥനയുടെ ഫലമായാകും ദൈവം പിന്നീട്  ഗൂഗിള്‍  പോലൊരു സൈറ്റ് സൃഷ്ടിച്ചത്.  രണ്ടു മൂന്നാഴ്ച തല  പുണ്ണാക്കി നടന്നു. ഈ പിഞ്ചു ബാല്യങ്ങളുടെ വേദന മനസിലാക്കി ദൈവം ഒരു വഴി കാണിച്ചു തന്നു. നാല് ബി യിലെ ഒരു ചെക്കന്‍ അവളുടെ കാമുകിക്ക് കൊടുക്കാന്‍ വെച്ചിരുന്ന (അതോ കൊടുത്ത് റിജക്റ്റ്  ആയതോ ) ഒരു ലവ് ലെറ്റര്‍ ഞങ്ങള്‍ക്ക് കിട്ടി. മനോജ്‌ നേരെ അതെടുത്തു വീട്ടില്‍ കൊണ്ട് പോയി ആരും കാണാതെ ഒരാഴ്ച മിനക്കെട്ടു ടൈപ്പ് ചെയ്തോണ്ട് വന്നു. ദിവ്യയുടെ പേരിട്ടു ഒരു കോപ്പി എനിക്കും തന്നു. 

ഇനി ഇത് എങ്ങിനെ കൊടുക്കും ? നേരിട്ട് കൊടുത്താല്‍ അവള്‍ക്ക് ഇഷ്ടായില്ലെങ്കിലോ ? അവള്‍ ടീച്ചറിനോട് പറയും , ടീച്ചര്‍ അച്ഛനെ വിളിപ്പിക്കും  . മാത്രമല്ല അതോടെ എന്റെ നായക ഇമേജിനും കോട്ടം സംഭവിക്കും. അത് വേണ്ട. പിന്നെ ഒരേ ഒരു മാര്‍ഗം. അവള്‍ ഉച്ചഭക്ഷണത്തിന് കയ്യ് കഴുകാന്‍ പോകുമ്പോള്‍ ബുക്കിന്റെ ഇടയില്‍ വയ്ക്കുക. മനോജും അത് തന്നെ തീരുമാനിച്ചു. മനോജും ഞാനും അത് ഭംഗിയായി നിര്‍വഹിച്ചു. അടുത്ത ദിവസം ഞങ്ങളുടെ പ്രണയം പൂവണിയുന്നത് ആലോചിച്ചു ഇരുന്നത് കൊണ്ടാകും അന്ന് രാത്രി  ഉറങ്ങിയില്ല. 

അടുത്ത ദിവസം കുറച്ചു നേരത്തെ തന്നെ ഞങ്ങള്‍ രണ്ടും ക്ലാസ്സില്‍ എത്തി. നേരത്തെ വന്നാല്‍ ചിലപ്പോള്‍ ദിവ്യക്ക് എന്നോട് മനസ്സ് തുറന്നു സംസാരിക്കാന്‍ ഉണ്ടെങ്കിലോ ?  9.30 ആയിട്ടും ദിവ്യയും കൂട്ടുകാരിയും എത്തുന്നില്ല. ഈശ്വരാ.. എന്തോ പ്രശ്നം ഉണ്ട് ? ക്ലാസ്സു തുടങ്ങി,  ഒരു പത്തു മിനിട്ട് കഴിഞ്ഞപ്പോള്‍ ക്ലാസ്സ്‌ ടീച്ചറും രണ്ടു കഥാനായികമാരും. ടീച്ചറിന്റെ കയ്യില്‍ രണ്ടു കത്തുകളും. വന്നയുടനെ ടീച്ചര്‍ എഴുത്ത് ഉയര്‍ത്തി പിടിച്ചു അതാരാണ് എഴുതിയതെന്നു ചോദിച്ചു. ആരും മറുപടി പറയുന്നില്ല, ടീച്ചറുടെ നോട്ടം മുഴുവന്‍ ബാക്ക് ബെഞ്ചിലെ വില്ലന്മാരെയാണ്. ഞാനും മനോജും പരസ്പരം നോക്കി, പിന്നെ പിന്നിലോട്ടു നോക്കി അവന്മാരെ പ്രതിയാക്കി. പക്ഷെ ഈ  കത്തിന്റെ ഉറവിടം 4  ബി യാണെന്ന് ഞങ്ങളുടെ ക്ലാസ്സിലെ ചില ഹിച്ച്കോക്കുമാര്‍ ഒറ്റി കൊടുത്തു. തെളിവില്ലാത്തത് കൊണ്ട് ടീച്ചറിന് ആളെ ഉറപ്പിക്കാന്‍ പറ്റിയില്ല , കാരണം ആര്‍ക്കു ആണെന്ന് മാത്രമേ കത്തിലുള്ളു, എഴുതിയതാരാണ്‌ എന്നില്ല. അതായതു ബുദ്ധിരാക്ഷസന്മാരായ ഞങ്ങള്‍ അതൊരു അനോണിമസ് കത്ത് ആക്കിയാണ് റിലീസ് ചെയ്തത്.     



ഈ അഭ്യാസങ്ങള്‍ക്കിടയിലും ഞാനും ദിവ്യയും നല്ല  കൂട്ടുകാരായിരുന്നു. ഇന്റെര്‍വല്‍ ആയപ്പോള്‍ ദിവ്യ എന്റെ അടുത്ത് വന്നിരുന്നു. "എന്തിനാ ആ കുട്ടികള്‍ എന്നോട് ഇങ്ങനെ ഒക്കെ കാണിച്ചേ  എല്ലാ കുട്ടികള്‍ക്കും നിന്നെ പോലെ നന്നായി പെരുമാറിക്കൂടെ ? "പത്തു വയസ്സിന്റെ നിഷ്കളങ്കതയില്‍ പിന്നെയും എന്തൊക്കെയോ പരിഭവങ്ങള്‍  ദിവ്യ എന്നോട് ഉള്ളു തുറന്നു പറഞ്ഞു. പക്ഷെ ഈ രണ്ടു വാക്കുകള്‍ മാത്രമേ സത്യമായിട്ടും എനിക്ക് ഇപ്പോഴും ഓര്‍മയുള്ളൂ. അന്നാദ്യമായി അവള്‍ കരയുന്നത് ഞാന്‍ കണ്ടു. 

ആ കത്ത് വീട്ടില്‍ വെച്ച് അമ്മ കണ്ടത്രെ. ഹോംവര്‍ക്ക് ചെയിക്കാന്‍ ബുക്ക്‌ എടുത്തപ്പോള്‍ താഴെ വീണുവെന്നും, അതിനെ ചൊല്ലി ഒത്തിരി  വഴക്ക് കിട്ടിയെന്നും അവള്‍ പറഞ്ഞു. അവള്‍ എന്റെ മുന്നിലിരുന്നു വിങ്ങി പൊട്ടുകയായിരുന്നു. സമാധാനപെടുത്താന്‍ എനിക്കൊട്ടു അറിയില്ല താനും. "കരയരുത് പോട്ടെ സാരമില്ലഎന്ന് മാത്രം പറഞ്ഞത് എനിക്കോര്‍മ്മയുണ്ട്. 

അവള്‍ക്ക് ഉള്ളു തുറന്നു പറയാന്‍ ഞാന്‍ മാത്രമേ ഉണ്ടായിരുന്നുള്ളു എന്ന് ഞാന്‍ പിന്നീടാണ്‌ മനസിലാക്കിയത്. ക്ലാസ്സിലെ മറ്റു കൂട്ടുകാരികളോടോന്നും   ഇതിനെ പറ്റി അവള്‍ ഒന്നും സംസാരിച്ചിരുന്നില്ല എന്നറിഞ്ഞപ്പോള്‍ എന്റെ ഉള്ളം ശരിക്കും വിങ്ങി. അവള്‍ അത്രയ്ക്കും എന്നെ വിശ്വസിച്ചിരുന്നു. പക്ഷെ എന്നിട്ടും എന്റെ ഉള്ളു തുറക്കാന്‍ മനസിന്റെ സദാചാരപോലീസ് അനുവദിച്ചില്ല. 

എന്നെങ്കിലും ദിവ്യയെ കണ്ടു മുട്ടുകയാണെങ്കില്‍ നടന്നതൊക്കെ പറയണം. ക്ഷമ ചോദിക്കണം.  തലമുടിയില്‍ ഒരു വരമ്പ് വരച്ച് , പിറകിലേക്ക് മുടി പിന്നിയിട്ട്നസീര്‍ സ്റ്റൈലില്‍ അലസമായി രണ്ടു മുടി മുന്നിലേക്ക് ഇട്ട് , കണ്ണെഴുതി, പൊട്ടും തൊട്ടു വന്നിരുന്ന ദിവ്യയെകണ്ടു മുട്ടിയാല്‍ തന്നെ എനിക്ക്  തിരിച്ചറിയാന്‍ ആകുമോ   



12 comments:

മൌനം said...

ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്

Dāleth said...

I remember Appachi complaining that you tried to shave. May be you were about 10 that time. Ippozhalle karyangal pidi kittunnathu...

By the way, premam namukkokke bloodile ullatha.. Can't complain! ;)

ജിനേഷ് എം സോമൻ said...

മൌനമേ.. പുച്ഛം ആണോ കമന്റ്‌ കൊണ്ടുദ്ദേശിച്ചത് ? :)

ജിനേഷ് എം സോമൻ said...

വിജേഷ് ചേട്ടാ.. സംഗതി സത്യമാ. മീശ എന്താ വരാത്തത് എന്ന കൌതകത്തിനു ഉത്തരം കിട്ടിയതിനെ ഒന്ന് പരീക്ഷിച്ചു നോക്കിയതാ.. :)

Nayomi said...

hmmmm.. kollaaam... kollaaammm... ellaaam kollaaammm..

tony thyparambil said...

nishkalanka pranayamo nishkalanka vikruthiyo.
enthayalum oru cheru kathakulla scopundu

Jinesh B said...

posting kolaaam.... jinesh..contentinu pattiya oru fotoyum...

ajmal ravuthar said...

enthayalum ningal koottukarkku nalllla criminal mindaanu....pnne oru kaaryam nammude matte pulliyude(manoj) avastha enthayi athu enkilum success aayirunno..???
10th vayyassil inganeyaanel....ithrem prayathinidakku enthokke cheythu koottiyirikkum....hentammoooooo

ജിനേഷ് എം സോമൻ said...

@ajmal.. മനോജിന്റെ പ്രണയവും (പ്രണയമായിരുന്നോ അറിയില്ല ), അകാല ചരമമടഞ്ഞു. അവനു അഞ്ചാം ക്ലാസ്സില്‍ എന്റെ അതെ സ്കൂളില്‍ അഡ്മിഷന്‍ കിട്ടി എന്നറിഞ്ഞു സന്തോഷിച്ചു. പക്ഷെ അവന്‍ ജോയിന്‍ ചെയ്തില്ല. പിന്നെ എങ്ങോട്ട് പോയെന്നറിയില്ല. അന്വേഷിച്ചു. കണ്ടെത്തിയില്ല..

കുമ്മാട്ടി said...

നന്നായി എഴുതി ,പത്തു വയസ്സ് പ്രായ മുള്ള കുട്ടികളുടെ ഇടയില്‍ ഇത്തരം ഒരു പാട് സംഭവം ഉണ്ടായിടുണ്ട്.പലര്‍ക്കും വിശ്വസിക്കാന്‍ കഴിയില്ല
എന്നാലും നിന്നെ പേടിക്കണം ..ആശംസകള്‍

© Mubi said...

നന്നായി എഴുതി ജിനേഷ്. ആശംസകള്‍

Unknown said...

nice work.congrats