Thursday, August 02, 2012

വാഴ ആന്‍ഡ്‌ ഹര്‍ത്താല്‍......


രണ്ടു ദിവസമായി ഒരുത്തനെ കാരണം ബാക്കി  ഉള്ളവര്‍ക്ക് കിടക്കപൊറുതി ഇല്ല. അതിനിടയില്‍ ഒരു ഹര്‍ത്താല്‍, അതിന്റെ പേരില്‍ കുറെ ഓഫീസുകളും, വണ്ടികളും അടിച്ചു തകര്‍ത്തു, കത്തിച്ചു. ഇവര്‍ക്ക്  ഒന്നുകില്‍ നാണം വേണം ഇല്ലെങ്കില്‍ മാനം വേണം, അറ്റ്‌ ലീസ്റ്റ്, ഇത് രണ്ടും ഉള്ളവര്‍ കുളിച്ച കുളത്തിലെങ്കിലും ഒന്ന് പോയി മുങ്ങണം.  അരിയും തിന്നു ആശാരിയേം കടിച്ചിട്ട്‌ പിന്നേം നായയ്ക്ക് മുറുമുറുപ്പ് എന്ന് കേട്ടിട്ടേ ഉള്ളു. ഇപ്പൊ കണ്ടു. അയാളെ പോലിസ് പിടിച്ചാല്‍ പോയി ജാമ്യത്തില്‍ എടുക്കണം. ഹല്ല പിന്നെ ? കൂടെ നിന്നവനെ കണ്ടില്ലേ, പണി പാളുമെന്നു കണ്ടപ്പോള്‍ ഉടനെ പോയി ഒരു മുന്‍‌കൂര്‍ ജാമ്യം ഒപ്പിച്ചു അത്രന്നെ. ചോരച്ചാലുകള്‍ നീന്തി കയറിയവര്‍ ജയിലില്‍ കിടക്കാനോ ? ഛെ.. മ്ലേച്ചം.

ഇതിനിടയില്‍ കൂടെ കുറെ ഹിന്ദു കുഞ്ഞാടുകളും. ഇന്ന് കൊല്ലപ്പെട്ടത് ഹിന്ദുവായത്‌ കൊണ്ടും കൊന്നത് പച്ചപാര്‍ട്ടി ആയതു കൊണ്ടും പ്രതികരിക്കണം പോലും. പുര കത്തുമ്പോള്‍ വാഴ വെട്ടുക എന്ന പ്രയോഗം ഇവന്മാരാണോ കണ്ടു പിടിച്ചത്. പച്ചക്കാര്‍ ഇന്നത്തെ കൊലപാതകത്തില്‍ നിന്നും 'പച്ച'വെള്ളമൊഴിച്ചു (ഗംഗാജലം ഹറാം ആയതുകൊണ്ടാണേ. ഇതില്‍ വര്‍ഗീയത ഉണ്ടോ ? ഉണ്ടെങ്കില്‍ ക്ഷമി) കൈ കഴുകാന്‍ ശ്രമിക്കുന്നു. അപ്പുറത്ത് ഗാന്ധിതൊപ്പിക്കാരും വെറുതെ ഇരുന്നില്ല. ഓഫീസ് കത്തിച്ചാല്‍ നോക്കി നില്‍ക്കില്ലത്രേ. എല്ലാത്തിനേം ചവിട്ടി കൂട്ടി പുഴയില്‍ എറിയും പോലും. അങ്ങോട്ട്‌ ചെന്നാലും മതി.  മറ്റവന്മാര്‍ക്ക് പണ്ടേ മദം പൊട്ടി നില്‍ക്കുന്നു, കൂട്ടത്തില്‍ ഭ്രാന്തും കൂടി പിടിച്ചാലോ.

സോഷ്യല്‍ സൈറ്റിലെ ചേട്ടന്മാരും തകര്‍ക്കുന്നു. ചുവന്ന ചേട്ടനെ പച്ച ചേട്ടന്മാര്‍ തെറി പറയുന്നു. ഗാന്ധി ചേട്ടന്മാരെ ചുവപ്പ് ചേട്ടന്മാര്‍ കാലില്‍ വാരി നിലത്ത് അലക്കുന്നു. ഇതൊന്നും പോരാത്തത് കൊണ്ട് ചാനല്‍ ചേട്ടന്മാര്‍ ഇടവും വലവും കുറെ രാഷ്ട്രീയഭാവമുള്ള ഉരുപ്പടികളെ ഇരുത്തി ചര്‍ച്ച ചെയ്യിക്കുന്നു. എല്ലാ ചാനലിലും "ലൈവ്. എല്ലാ ലൈവിലും ഏതാണ്ട് ഒരേ ചേട്ടന്മാര്‍ ഒരേ സമയത്ത്. ആരാന്റെ  അമ്മയ്ക്ക് ഭ്രാന്തു പിടിച്ചാല്‍ കാണാന്‍ നല്ല രസം.

പക്ഷെ എന്റെ വിഷമം അതൊന്നുമല്ല. ഇന്നലെ ഒന്നാം തീയതി.. ഇന്ന് ഹര്‍ത്താല്‍ .. ഇതൊരു മാതിരി ചെയ്ത്തായി പോയി. തൊണ്ട നനയ്ക്കാന്‍ ഒരു ബിയര്‍ പോലും കിട്ടാതാക്കി കളഞ്ഞില്ലേ ദുഷ്ടന്‍മാര്‍..   കാസര്‍ഗോട്ടുകാര്‍ക്ക് നാളെയും കൂടി കാത്തിരിക്കണം.  ദാഹിച്ച പച്ചവെള്ളം തരാത്ത ഇവന്മാരോടൊക്കെ ദൈവം ചോദിച്ചോളും...
ഏതായാലും ഇന്നത്തെ ഹര്‍ത്താല്‍ കൊണ്ട് പറമ്പില്‍ രണ്ടു വാഴ നടാന്‍ പറ്റി. സമ്പത്ത് കാലത്ത്  തൈ  പത്തു വെച്ചാല്‍ ആപത്തു കാലത്ത് കാ പത്തു തിന്നാം എന്നാണല്ലോ. നമ്മള്‍ സാധാരണക്കാരെകൊണ്ട്  ഇതൊക്കെയല്ലേ പറ്റു.


5 comments:

ജയരാജ്‌മുരുക്കുംപുഴ said...

ജിനെഷ്ജി നട്ട വാഴയല്ലേ സൂപ്പര്‍ കുല ആയിരിക്കും , പഴം തരണേ........ ബ്ലോഗില്‍ പുതിയ പോസ്റ്റ്‌...... കൊല്ലാം, പക്ഷെ തോല്‍പ്പിക്കാനാവില്ല ........ വായിക്കണേ................

പടന്നക്കാരൻ said...

വായിച്ചില്ല!! അക്ഷരങ്ങള്‍ കുറച്ച് വലുതാക്കുക!! Word Verification Remove ചെയ്യുക!!

ആമി അലവി said...

നന്നായി...ഇങ്ങിനെ ആളുകള്‍ തിരുമാനിച്ചു വാഴ നടാന്‍ തുടങ്ങിയാല്‍ എന്നും കേരളത്തില്‍ ഹര്‍ത്താല്‍ ആകുന്നതില്‍ എനിക്ക് വിരോധമില്ല... :)

ജയരാജ്‌മുരുക്കുംപുഴ said...

ഹൃദയം നിറഞ്ഞ ഓണാശംസകള്‍......... ... ബ്ലോഗില്‍ പുതിയ പോസ്റ്റ്‌ ...... തുമ്പ പൂക്കള്‍ ചിരിക്കുന്നു........ വായിക്കണേ............

ജയരാജ്‌മുരുക്കുംപുഴ said...

പുതിയ പോസ്റ്റിനു സമയമായി......... ബ്ലോഗില്‍ പുതിയ പോസ്റ്റ്‌....... മലയാള സിനിമ റോക്ക്സ് ........ വായിക്കണേ............