Saturday, January 26, 2013

അന്നയും റസൂലും...


വളരെ നാളു  കൂടി ഒരു നല്ല സിനിമ കണ്ടതിന്റെ ത്രില്ലിലാണ്..
 രാജീവ് രവി എന്ന ഛായാഗ്രാഹകൻ ആദ്യമായി സംവിധാനം ചെയ്ത "അന്നയും റസൂലും".... സ്വാഭാവികതയുടെ അങ്ങേയറ്റം പ്രകടമായ ഒരു സാധാരണ ചിത്രം. ലളിതം, മനോഹരം, സുന്ദരം. പിന്നെ ലോജിക്കലി പെര്‍ഫെക്റ്റ്‌ ...
വലിയ താരപരിവേഷം ഒന്നും ആര്‍ക്കും അവകാശപ്പെടാനില്ലാത്ത ചിത്രത്തില്‍ ആദ്യന്തം എന്നെ വിസ്മയിപ്പിച്ചത് നടിയുടെ പ്രകടനമാണ്. (അത് പിന്നെ അങ്ങിനെ ആയിരിക്കുമല്ലോ അല്ലേ ?) ആന്‍ഡ്രിയ ജെറെമിയ എന്നെ നടി തികഞ്ഞ അച്ചടക്കത്തോടെ ഈ റോള്‍ ഭംഗി ആക്കി.. വളരെ കുറച്ചു മാത്രമേ കഥാപാത്രം സംസാരിക്കുന്നുള്ളൂ, എങ്കിലും നോട്ടങ്ങളിലും നടത്തത്തിലൂടെയും കഥ അതിമനോഹരമായി മുന്നോട്ടു കൊണ്ട് പോകുന്നു...
കണ്ടു മടുത്ത മരംചുറ്റി പ്രണയവും, എന്തിനു നായകനും നായികയും കണ്ടുമുട്ടി രണ്ടാം ദിവസം ഡാന്‍സും പാട്ടും കെട്ടിമറിയലും പോലുള്ള സാധാരണ "എന്റര്‍ട്ടൈനര്‍ " എന്ന് സിനിമാലോകം അടിച്ചേല്‍പ്പിക്കുന്ന സ്ഥിരം മസാലക്കൂട്ട് ഒഴിവാക്കി, രാജിവ് രവി എന്ന സംവിധായകന്‍, പ്രണയത്തിന്റെ യഥാര്‍ത്ഥ ഫീല്‍ സിനിമയില്‍ ഉടനീളം താളം തെറ്റാതെ കൊണ്ട് പോയികൊണ്ടിരിക്കുന്നു. കഥയില്‍ ഇഴച്ചില്‍ ഉണ്ടെന്നു തോന്നുമെങ്കിലും ആ ഇഴച്ചില്‍ കഥയില്‍ അത്യാവശ്യം വേണ്ടതാണ്. പല സംഭവങ്ങളെയും കൂട്ടി യോജിപ്പിച്ച് സ്വാഭാവികത ഒട്ടും നഷ്ടപെടുത്താതെ ഫോര്‍ട്ട്‌കൊച്ചി-മട്ടാഞ്ചേരി സംഭാഷണവും തന്മയത്തത്തോടെ അനുയോജ്യരായ നടി-നടന്മാരും അങ്ങേയറ്റം ആത്മാര്‍ത്ഥതയോടെ കഥയുടെ ഭാഗമാകുന്നു. പറയുന്ന കഥയോട് ചേര്‍ന്ന് നില്‍ക്കുന്ന ഛായാഗ്രണവും തനിമ ഒട്ടും ചോര്‍ത്തുന്നില്ല.

തട്ടത്തിന്‍ മറയത്തിനു കയ്യടിച്ചു, അതൊരു സംഭവമാണെന്ന് പറഞ്ഞു നടന്ന  എന്റെ കുറച്ച സുഹൃത്തുക്കള്‍ അന്നയും റസൂലും തമ്മില്‍ പ്രണയം ഉണ്ടാകുന്നതെങ്ങിനെ എന്ന് തലനാരിഴ കീറി വിമര്‍ശിക്കുന്നുണ്ട്. ഒരു താരതമ്യം അല്ല എന്റെ ഉദ്ദേശമെങ്കിലും തട്ടത്തിനു മൊഞ്ചു പോര എന്നെനിക്ക് തോന്നിയത് റിയലിസ്റ്റിക്കായ ഒരു അവതരണം അതില്‍ ലവലേശം ഇല്ലായിരുന്നു എന്നതുകൊണ്ട്‌ തന്നെ. മുഴുവന്‍ ഒരു തരം സ്വപ്നലോകം. ഞാനും പ്രേമിച്ചു നടന്നിട്ടുണ്ട്. അതുകൊണ്ട് തന്നെ തട്ടത്തിന്‍ മറയത്തിലെ പോലൊരു ഫീല്‍ എനിക്ക് കിട്ടിയിട്ടില്ല, ആയതു കൊണ്ടാകും അത് ആസ്വദിക്കാന്‍ എനിക്ക് പറ്റാത്തത്.

കൂടുതൽ ആളുകൾ കാണുന്ന സിനിമയല്ല നല്ല സിനിമ എന്നത് കൊണ്ട് തന്നെ ഈ ചിത്രവും ചിലപ്പോള്‍ വേണ്ടത്ര ശ്രദ്ധ നേടാതെ പോയേക്കാം..

ഏതായാലും രാജിവ് രവിക്ക് നൂറു ചുവപ്പന്‍ അഭിവാദ്യങ്ങള്‍ ...  തെറ്റിദ്ധരിക്കണ്ട ! നിങ്ങള്‍ ഉദ്ദേശിച്ച വിപ്ലവ അഭിവദ്യങ്ങളല്ല .. ചുവപ്പ് റോസാപൂക്കള്‍ പ്രണയത്തിന്റെ അടയാളമാണല്ലോ. ആ ഒരര്‍ത്ഥത്തില്‍
പ്രണയത്തിനോട്‌ ഇത്രയും നീതി പുലര്‍ത്തിയതിനു താങ്കള്‍ക്ക് അഭിവാദ്യങ്ങള്‍ !!