Thursday, February 21, 2013

തൊഴിലാളി ഐക്യം സിന്ദാബാദ്‌ !


കുറച്ചുനേരം ജോലി ചെയ്യാമെന്ന് കരുതി ലാപ്‌ തുറന്നപ്പോഴാണ് ഞാന്‍ എഴുന്നേല്‍ക്കാന്‍ വൈകി എന്ന് മനസിലായത് .. മണി പന്ത്രണ്ട് ! ഇന്‍ബോക്സില്‍ പത്തിരുപതു മെയിലുകള്‍ എന്നെ കൊഞ്ഞനം കുത്തുന്നു. ഇവറ്റകള്‍ക്ക്  ഉടനെ പരിഹാരമെയിലുകള്‍  കൊടുത്തില്ലെങ്കില്‍ ‍ "എസ്കലേഷന്‍‍" എന്ന ഉല്‍ക്കയുടെ ചീളുകള്‍ തെറിച്ചു പരുക്കേല്‍ക്കാന്‍ സാധ്യത ഉണ്ട്. കമ്പനിയിലെ ഗോസായിമാര്‍ക്ക് പണി എടുക്കാന്‍ അറിയില്ലെങ്കിലും മേല്പറഞ്ഞ എസ്കലേഷന്‍ വഴി പണി എടുപ്പിക്കാന്‍ അറിയാം.. അത് മാത്രമേ അറിയൂ. 

പണിമുടക്കിന് രണ്ടു ദിവസം മുന്നേ എച്ച്ആറിന്റെ രസികനൊരു മെയില്‍‍. പണിമുടക്കിന്റെ കാര്യകാരണസഹിതം ഖാണ്ഡം ഖാണ്ഡമായി രണ്ടു ഫര്‍ലോങ്ങ്‌  നീളത്തില്‍..രണ്ടു ദിവസത്തെ പണിമുടക്കിന്റെ അവധി പൊതിചോറായി കെട്ടിപൊതിഞ്ഞു തരുമെന്ന് തോന്നി ആദ്യത്തെ രണ്ടു ഖാണ്ഡം വായിച്ചപ്പോള്‍. തുടര്‍ന്ന് വായിച്ചപ്പോഴാണ്  പണിമുടക്ക്‌ ദിനങ്ങളില്‍ ഓഫീസില്‍ എങ്ങിനെ വരണം, എപ്പോള്‍ വരണം, ഓഫീസിനു പുറത്തു പോകുമ്പോള്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍, കൂട്ടം കൂടിയേ പോകാവൂ, പറ്റുമെങ്കില്‍ നടന്നു വരണം എന്നിങ്ങനെ സുരക്ഷയെ സംബന്ധിക്കുന്ന എട്ടു പത്തു "കുത്തു"വാക്കുകള്‍ അഥവാ ബുള്ളറ്റുകള്‍. ചുരുക്കിപറഞ്ഞാല്‍ പണിമുടക്കായത് കൊണ്ട് മാത്രം കൂടുതല്‍ ജോലി ചെയ്യണം എന്ന് പറഞ്ഞു വെച്ചിരിക്കുന്നു പഹയന്മാര്‍. കാര്യം ഇങ്ങനെ ഒക്കെ ആണെങ്കിലും ഓഫീസ്  തുറക്കാന്‍ കഴിയാത്തത് കൊണ്ട് എല്ലാവര്‍ക്കും വര്‍ക്ക് ഫ്രം ഹോം - അഥവാ "വീട്ടുപണി" അനുവദിച്ചു തന്നു. ഓഫീസിലെ പണിയോടോപ്പം വസ്ത്രം കഴുകുക, പാത്രം കഴുകി വയ്ക്കുക, അടുക്കളയില്‍ ഭാര്യയെ "സഹായിക്കുക" (അങ്ങിനയേ പറയാവൂ, അത് നിങ്ങള്‍ തന്നെ ഭക്ഷണം ഉണ്ടാക്കിയാലും.. ഗാര്‍ഹിക പീഡനം എന്നൊരു വകുപ്പ് കൂടി ഭാര്യമാര്‍ക്ക് അനുവദിച്ചു കൊടുത്തിട്ടുള്ളതാകുന്നു എന്ന് ഓര്‍ത്താല്‍ നന്ന്.

പണിമുടക്കി പണികൊടുത്ത സകലതൊഴിലാളി ബുദ്ധിജീവികളെയും (അവരാണല്ലോ ആഹ്വാനം ചെയ്യുന്നത് ) പ്രാകികൊണ്ട്  പണി തുടങ്ങി. ഉച്ചയ്ക്ക് അവതാരഉദ്ദേശമായ ഭക്ഷണം കഴിക്കാനിരുന്നു. സാമ്പാറിനും തോരനും ഒക്കെ കുറ്റവും കണ്ടുപിടിച്ച് ഊണും കഴിച്ചു പിന്നെയും മെയിലുകളുമായി പഞ്ചഗുസ്തി തുടങ്ങി.  

അപ്പോഴാണ് ടിവിയ്ക്ക് മുന്നിലിരുന്ന വാമഭാഗത്തിന്റെ നിലവിളി. സാധാരണ പാറ്റ, പല്ലി എന്നീ "ഭീകരജീവി"കളെ തുരത്താന്‍ അവള്‍ ഉപയോഗിക്കുന്ന "സക്രീമിംഗ്" അഥവാ നിലവിളി ആണെന്ന് കരുതി കാര്യമാക്കിയില്ല.  നിലവിളിയോടൊപ്പം ഓടി വാ.. എംപി യെ തല്ലുന്നു എന്ന്. വിളിച്ചു കൂവുന്നത്  കേട്ടാല്‍ അവളുടെ മുന്നില്‍ ഇട്ടാണ് തല്ലുന്നതെന്നു തോന്നും. ഏതൊരു മലയാളിയെയും പോലെ ഓസിനു ഒരു അടി കാണാല്ലോ എന്ന് കരുതി ഓടി പോയി നോക്കിയപ്പോള്‍ നമ്മുടെ രാജേഷ്‌ എംപി തറയില്‍ കിടക്കുന്നു. തല്ലൊന്നും കാണുനില്ല. പകരം മനോരമയുടെ കുറച്ചു "തള്ളല്‍" വാര്‍ത്ത‍ മാത്രം. അതിക്രൂരന്മാരായ പോലിസേമാന്മാര്‍ ടി കക്ഷിയെ പിടിച്ചു എഴുന്നേല്‍പ്പിക്കാന്‍ നോക്കുന്നു. പുള്ളിക്കാരന്‍ എഴുന്നേല്‍ക്കുന്നില്ല. ബിജിമോളായിരുന്നെങ്കില്‍ എന്ന് ആത്മാര്‍ഥമായി ആഗ്രഹിച്ചു പോയി. ഇതിപ്പോ ശ്ശെടാ.. വെറുതെ മോഹിച്ചും പോയി

പൊതുവേ പൊതു വിജ്ഞാനം കുറവായ ഭാര്യയുടെ ചോദ്യം -" എംപിയെ തല്ലുന്നത് കാണിച്ചില്ലാലോ ? തള്ളുന്നത് എന്ന് എഴുതിയപ്പോ മാറി തല്ലുന്നത്  എന്നായതാണോ ? അല്ലെങ്കിലും ബാരിക്കേഡു പിടിച്ചുവലിച്ചു താഴെ വീണതിനു പോലീസുകാര്‍ എന്ത് പിഴച്ചു ?"

എന്നിലെ വിപ്ലവകാരി ഉണര്‍ന്നു. രക്തം ഇരച്ചു കയറി മുഖം ചെങ്കൊടി പോലായി.. നിനക്ക് എന്തറിയാം തൊഴിലാളിനേതാക്കളെക്കുറിച്ച് ? അവരുടെ സമരവീര്യത്തെ കുറിച്ച് ? ഇതൊക്കെ എന്ത് മര്‍ദ്ദനം ? ചോരചാലുകള്‍ നീന്തി കയറിയവരാണ്  ഞങ്ങള്‍..

"അതെപ്പോ?" ദയനീയമായി അവളെ ഒന്ന് നോക്കി. കക്ഷി സീരിയസായി ചോദിച്ചതാണെന്ന് മുഖഭാവത്തില്‍ നിന്ന് വ്യക്തം.

പിന്നാലെ അവളുടെ കുറെ ചോദ്യങ്ങള്‍ വിദ്യാര്‍ഥിസംഘടനകളുടെ കല്ലേറ് പോലെ വന്നു..

"എന്തിനാണീ പണിമുടക്ക്‌ ? നിങ്ങള്‍ തൊഴിലാളികള്‍ രണ്ടു ദിവസം പണി മുടക്കിയാല്‍ ഉടനെ വിലക്കയറ്റം കുറയുമോ? പെട്രോളിന് വില കുറയുമോ ?" 

രാജേഷിനു തല്ലു കിട്ടിയത് സമരത്തില്‍ പങ്കെടുത്തതിനാണെന്ന് അവള്‍ ധരിച്ചു വെച്ചിരിക്കുന്നത് .. മാധ്യമക്കാരെ പോലെ പകുതി കിട്ടിയ ന്യൂസ്‌ ഒരു ഫുള്‍ ഡോകുമെന്ററി ആക്കാനാണു ശ്രമം.   

അവിടെ നടന്നത് വിശുദ്ധ കുര്യന്‍ സാറിനെതിരെ കമ്മ്യൂണിസ്റ്റ്‌ ചോരകുഞ്ഞുങ്ങളുടെ പ്രകടനമാണ് എന്ന് ഒരു വിധം പറഞ്ഞു മനസിലാക്കി. 

പറഞ്ഞു തീരും മുമ്പേ  അടുത്ത ചോദ്യം - "അതിനു ഇവിടെ കിടക്കുന്ന എംപി മാരെല്ലാം കൂടി ഡല്‍ഹിക്ക് പോകുന്നതെന്തിനാ ? ഇവിടെ തിരുവനന്തപുരത്ത് നടത്തിയാല്‍ പോരെ ? "  

"ഈശ്വരാ..." (അങ്ങിനെ വിളിക്കുന്നതിനു ഇപ്പോള്‍ വിലക്കൊന്നുമില്ല എന്ന് പോളിറ്റ് ബ്യുറോ വിജ്ഞാപനം ചെയ്തിട്ടുണ്ട്.)  

"നിങ്ങള്‍ക്കറിയോ ..? ഈ പണിമുടക്ക്‌ ഒരു ദേശീയ വേസ്റ്റാ.. ജപ്പാനിലൊക്കെ കൂടുതല്‍ നേരം പണി എടുത്താണ് തൊഴിലാളികള്‍ പ്രതിഷേധം അറിയിക്കുന്നത് ."  ഇല്ല.. അവള്‍ വിടാനുള്ള ഭാവമില്ല. മേല്പറഞ്ഞ കാര്യം ഞാന്‍ തന്നെയാണ് അവള്‍ക്കു പറഞ്ഞു കൊടുത്തിട്ടുള്ളത്‌. അതെനിക്കിട്ടു തന്നെ തിരിച്ചു തന്നു. തൊഴിലാളി പ്രസ്ഥാനത്തെ തികഞ്ഞ പുച്ഛത്തോടെ നോക്കി വീണ്ടും കത്തികയറുന്നു..

"26000 കോടി രൂപയുടെ  നഷ്ടമാണ് രണ്ടു ദിവസം കൊണ്ട് നിങ്ങള്‍ ഉണ്ടാക്കി വെച്ചത്.. അറിയാവോ ?" 

"ഞങ്ങള്‍ ബാക്കി 363ദിവസം പണി ചെയ്തുണ്ടാക്കിയ ലാഭത്തില്‍ ഇതങ്ങു കുറച്ചേക്ക്.. ഹല്ല പിന്നെ ?" ഞാനും വിട്ടില്ല..   

"ഞങ്ങളുടെ ഓഫീസ് പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ ഞാന്‍ പോയേനെ".. അടുത്ത കല്ല്‌ എന്റെ ചങ്കിനിട്ട് തന്നെ..

"നിന്നെ പോലുള്ള തൊഴിലാളിമൂരാച്ചികളാണ് ഈ നാടിന്റെ തൊഴിലാളി വര്‍ഗ്ഗത്തിന്റെ ശാപം"..

"ഏറ്റവും കൂടുതല്‍ സാക്ഷരത ഉള്ള നമ്മുടെ സംസ്ഥാനത്താണ് പണിമുടക്ക്‌ ശക്തം. ഈ രാഷ്ട്രീയ കോമരങ്ങളെ പേടിച്ചാണ് ആള്‍ക്കാര്‍ പുറത്തിറങ്ങാത്തത് . അത്താഴം മുടങ്ങാന്‍ നീര്‍കോലി തന്നെ ധാരാളം." 

ഞാന്‍ ഒന്ന് ഞെട്ടി.. ഇവള്‍ക്ക് രാഷ്ട്രീയാവബോധത്തിന് , ഞാന്‍ നല്‍കിയ "സ്റ്റഡി ക്ലാസ്സു"കളെ മനസ്സറിഞ്ഞു ശപിച്ചു പോയി. കല്യാണത്തിന് മുന്‍പ്‌  എകെജി സിനിമാനടനാണോ എന്ന് ചോദിച്ചവളാ. ഇപ്പോള്‍ താത്വികാചാര്യനായ എന്നെ ചോദ്യം ചെയ്യുന്നു.

"പണിമുടക്കുന്ന എല്ലാ തൊഴിലാളികളുടെയും മനസിന്റെയും കൊടിയുടേയും നിറം ചുവപ്പായിരിക്കും. ചുവപ്പ് നിറം ഒരു വികാരമാണ്. നിനക്കതു മനസിലാവില്ല.." തത്വജ്ഞാനം കൊണ്ടൊരു ഏറു കൊടുത്തു ഞാന്‍.

"ഈ പറഞ്ഞ ചുവന്ന കൊടി ഇപ്പോള്‍ കാണണമെങ്കില്‍ ത്രിപുരയിലോ റെയില്‍വേ ഗാര്‍ഡിന്റെ കയ്യിലോ പോയി നോക്കണം".. അതെനിക്ക് കൊണ്ടു എന്നവള്‍ക്ക് മനസിലായി. 

"നീ ഒരു ബൂര്‍ഷ്വയെ പോലെ പെരുമാറരുത്" - എന്റെ താക്കീതു.

"ബൂര്‍ഷ്വ - എന്ന് വെച്ചാല്‍ ?" ഭാഗ്യം.. അവള്‍ക്കു അത്രത്തോളം വിവരംവെച്ച് തുടങ്ങിയില്ല.. 

"അതിനെ പറ്റിയല്ലെ ഞാന്‍ പറഞ്ഞു വന്നത് .. അതിനിടയില്‍ കയറി ഒരു മാതിരി വര്‍ഗവഞ്ചകരെ പോലെ പെരുമാറരുത്. ഉത്തരാധുനികതയുടെ കാര്യത്തില്‍ താത്വികാചാര്യനായ എന്നെ നീ കടത്തി വെട്ടാന്‍ ശ്രമിച്ചു. സാമ്രാജിത്വ മുതലാളിത്വ ശക്തികളുടെ സമൂലവും സുസജ്ജവുമായ ആക്രമണങ്ങളുടെ ഒരു വകഭേദം മാത്രമാണ് നിന്നെ പോലെ ബുദ്ധിശൂന്യമായ കുലംകുത്തികള്‍ പ്രസ്ഥാനത്തിനു മേല്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നത് "

ഒറ്റ ശ്വാസത്തില്‍ ഇത്രേം പറഞ്ഞു തീര്‍ത്തു മേശപ്പുറത്തിരുന്ന ഒരു ഗ്ലാസ്‌ വെള്ളം ഞാന്‍ അകത്താക്കി. ഇതൊക്കെ  കേട്ട് ഒന്നും മനസിലാകാതെ വായും പൊളിച്ചിരുന്ന അവളെ കണ്ടപ്പോള്‍ അറിയാതെ ചിരി വന്നു. കമ്മ്യൂണിസ്റ്റ്‌കാരന്‍ ചിരിക്ക്യേ .. ഛെ .. മ്ലേച്ചം ! 

എന്നിലെ താത്വികാചാര്യന്‍ ശങ്കരാടി സഖാവ് തുടര്‍ന്നു.. "താത്വികമായ ഒരു അവലോകനമാണ് ഞാന്‍ ഉദ്ധേശിക്കുന്നത്‌ .. അടിച്ചമര്‍ത്തപ്പെട്ടവന്റെയും മുതലാളിത്ത ചൂഷണങ്ങള്‍ക്ക് വിധേയമായ ഒരു സമൂഹത്തിന്റെ ജീവന്‍ നില നിര്‍ത്താന്‍ വേണ്ടിയുള്ള ഒരു പ്രസ്ഥാനമാണ്‌  ഇത്.  പാവപ്പെട്ടവരും അടിച്ചമര്‍ത്തപെട്ടവരും നിരക്ഷരരും തങ്ങള്‍ക്കു ചുറ്റും പതിയിരിക്കുന്ന ബൂര്‍ഷ്വാ കുത്തക മുതലാളികളില്‍  നിന്ന് രക്ഷ നേടാന്‍ ആശ്രയിക്കുന്ന ഒരേ ഒരു പ്രസ്ഥാനം...."

"മതി.. അടിച്ചമര്‍ത്തുന്ന കാര്യം പറഞ്ഞപ്പോഴാണ് ഓര്‍ത്തത്‌. ചപ്പാത്തി "അടിച്ചമര്‍ത്തുന്ന" പലകയുടെ സ്ക്രൂ ലൂസാണ് . അത് ശരിയാക്കി ചപ്പാത്തി ഉണ്ടാക്കട്ടെ, ഇല്ലെങ്കില്‍ വിശക്കുമ്പോള്‍ നിങ്ങളുടെ "ബൂര്‍ഷ്വാ" സ്വഭാവം ഞാന്‍ തന്നെ കാണേണ്ടി വരും".. എന്റെ ഭാര്യയ്ക്ക് റാഡിക്കലായ മാറ്റം.. പിന്നെ അവിടെ നില്‍ക്കുന്നത് പന്തിയല്ലെന്നു തോന്നി. വീണ്ടും മെയിലുകളിലേക്ക് ...

തൊഴിലാളി ഐക്യം സിന്ദാബാദ്‌  

Friday, February 08, 2013

അങ്ങിനെ അഫ്സലും മയ്യത്തായി.. അല്ല ആക്കി... 

മയ്യത്താക്കുക  എന്ന പദം നമ്മുടെ കമ്മ്യൂണല്‍ ഹാര്‍മണി തകര്‍ക്കുമോ ആവോ ? ഏതായാലും ഇതൊരു സിനിമയാക്കാന്‍ ഉദ്ദേശമില്ലാത്തത് കൊണ്ട് വിലക്ക് പേടിക്കണ്ട.
ഏതായാലും അഫ്സലിന്‍റെ വീട്ടുക്കാരെ ഈ വിവരം മുന്‍കൂട്ടി അറിയിച്ചില്ല എന്നു  പരാതിയുമായി എത്തിയ സുഹൃത്തുക്കളോട് ഒരു വാക്ക് - നമ്മുടെ നാട്ടിലും പട്ടണങ്ങളിലും ഒട്ടേറെ തെരുവ് പട്ടികള്‍ വാഹനങ്ങള്‍ക്ക് അടിയില്‍പെട്ട് ചാകുന്നു, ഇതും അങ്ങിനെ കരുതിയാല്‍ പോരെ ? തെരുവ് പട്ടികള്‍ എന്നോട് ക്ഷമിക്കുക.. നിങ്ങളെ അവഹേളിക്കാന്‍ പറഞ്ഞതല്ല.. 

പത്തു വര്‍ഷം ഇവനെ പോറ്റിയതിനു സര്‍ക്കാരിനു നല്ല ചുട്ട അടി കൊടുക്കണം.. വിശദമായി പഠിച്ചു, തൂക്കി കൊല്ലാന്‍ മാത്രം ഖജനാവ് ചോര്‍ത്തിയതിന്. വാര്‍ത്ത‍ വന്നയുടന്‍ കശ്മീരിന്‍റെ  ചില ഭാഗങ്ങളില്‍ കര്‍ഫ്യു പ്രഖ്യാപിച്ചു. അല്ല ഒരു സംശയം.. കാശ്മീര്‍ എന്താ പാക്കിസ്ഥാനിലാണോ ? സൈന്യം സുസജ്ജമായി ഇറങ്ങിയാല്‍ ഈ നുഴഞ്ഞു കയറ്റക്കാരെയും മതഭ്രാന്തന്മാരെയും രണ്ടു രാവും പകലും കൊണ്ട് തൂത്തുവാരിക്കൂട്ടിക്കൂടെ ?

നാളത്തെ പത്രങ്ങളില്‍, ഇനി ഇവനെ പ്രസവിച്ചത് മുതല്‍ തൂക്കിയത്‌ വരെ ഉള്ള വീരകഥകള്‍" പേറി കൊണ്ടാവും വരവ്. അതിര്‍ത്തിയില്‍ വെടി  കൊണ്ട് മരിക്കുന്ന ഒരു ജവാനു  പോലും കിട്ടാത്തത്ര മാധ്യമ കവറേജ്. ഇതിനിടയ്ക്ക് നമ്മുടെ കുര്യന്‍ സാറിനു രണ്ടു ദിവസത്തേക്ക് വിശ്രമിക്കാം. എന്താ ഒരു ടൈമിംഗ് അല്ലെ ? അതോ യാദൃശ്ചികമോ ?

ഹ്യുമന്‍ റൈറ്റ്സ് സഹോദരന്മാരെ ഇതിനെതിരെ മാധ്യമങ്ങളില്‍ ഇത്രേം നേരമായിട്ടും കണ്ടില്ല. ഇത്തവണ പുതിയ എന്തെങ്കിലും കാരണം കണ്ടുപിടിക്കണേ. സ്ഥിരം മനുഷ്യാവകാശ ഡയലോഗുകള്‍ പഴയ പോലെ ഏശുന്നില്ല. 

ഒരു സംശയം എനിക്കുണ്ട്.. തൂക്കി കൊന്നു എന്ന് സര്‍ക്കാര്‍ പറയുന്നത് ശരി തന്നെ അല്ലെ ? കസബിന്റെ കാര്യത്തിലും ഇത് പോലെ തന്നെ നിങ്ങളുടെ "ഔദ്യോഗിക" കുറിപ്പ് മാത്രമേ കണ്ടുള്ളൂ. ഇത് സത്യം എന്ന് മനസ്സിനെ വിശ്വസിപ്പിച്ചു, ഞാന്‍ അടുത്ത ഗ്ലാസിലെ നുരഞ്ഞു പതയുന്ന പാനീയം ഒരു ആത്മസംപ്തൃപ്തിയോടെ വലിച്ചു കുടിച്ചോട്ടെ ? സര്‍ക്കാരെ.. നിങ്ങളെ വിശ്വസിക്കാമല്ലോ അല്ലെ ?

മേല്‍പറഞ്ഞിരിക്കുന്ന കാര്യങ്ങളില്‍ ബഹുമാനക്കുറവു ഉണ്ടെന്നു തോന്നിയാല്‍ ഞാന്‍ സോപാധികം മാപ്പ് ചോദിക്കുന്നു. ഞാനും പി സി ജോര്‍ജിനെ പോലെ തനി ഗ്രാമീണന്‍ ആയതു കൊണ്ടാണ്  നാവില്‍ നിന്ന് തെറ്റായ വാക്ക് വീണു പോയത്. സദയം ക്ഷമിക്കുക..

ഭാരത്  മാതാ കീ ജയ് !