Saturday, March 23, 2013

ഒരു അമ്മച്ചികഥ


വോ.. എന്തരു പറയാൻ... രാവിലെ എന്റെ കയ്യിൽ തടഞ്ഞത് മുട്ടൻ ഒരു പൊത്തകം, "ധർമ്മരാജ" എഴുതിയിരിക്കണതു മ്മ്ട സിവി രാമൻ പിള്ളദ്ദേഹം. അത് പാതി വായിച്ചപ്പോൾ തന്നെ തിരുവിതാംകൂർ ഭാഷ നാവിൽ കയറി പറ്റി. പിന്നെ സംസാരത്തിനും, നടത്തതിനും, ലുക്കിലും വരെ ഒരു തിരുവിതാംകൂർ ടച്ച്. പതിവില്ലാത്തതാണെങ്കിലുംപല്ലുതേച്ചും നാക്ക് വടിച്ചും നോക്കി. ഇല്ല.. ഇവുത്തുങ്ങൾ ഇറങ്ങി പോണ കോളൊന്നും ഇല്ല ചെല്ലാ.. ഇനീപ്പോ എന്തരു ചെയ്യും

ആറുമാസംമുന്നേ വീട്ടിൽ  ചെന്നപ്പോൾ പാറുഅമ്മൂമ്മ… അല്ല… "പാറുവമ്മച്ചി", (അമ്മൂമ്മ എന്ന് വിളിക്കുന്നത്‌ അവർക്ക് തീരെ ഇഷ്ടമല്ല. അങ്ങിനെ വിളിച്ചാൽ ഉടനെ വരും ശകാരം നിറഞ്ഞ പരിഭവം "ഓ.. നിങ്ങളൊക്കെ വലിയ ആളുകളായിപ്പെയ്യ്. നാട്ടീന്നു മാറി നിന്നപ്പ അപ്പീരെ ഭാഷകളക്ക മാറിപ്പെയ്")വഴിയിൽ വെച്ച് കണ്ടപ്പോൾ ചോദിച്ചത് ഓർമ്മ  വന്നു "പുള്ളയ്ക്ക് ഉദ്യോഗം എറണാകുളത്താണ് അല്ലെ? കൊറേ ആയല്ല് കണ്ടിട്ട്.. അപ്പി നമ്മളെക്കാ മറന്നോ എന്തരോ ?"... ആ നിഷ്കളങ്കമായ  ചോദ്യത്തിന്റെ  മറുപടി ഞാൻ കൊടുക്കേണ്ടത് 10രൂപാ കാശാണ്. മുറുക്കാൻ വാങ്ങിക്കാൻ. 10രൂപ കഴിഞ്ഞകൊല്ലം മുതൽ 100 രൂപയായി രൂപാന്തരം പ്രാപിച്ചു എന്ന് മാത്രം. രൂപയുടെ ചിഹ്നം വരെ മാറി, എന്നാലും അമ്മച്ചിക്ക് ഇപ്പഴും പണമെന്നാൽ കാശാണ്. പപ്പനാഭന്റെ പത്തു കാശ്.  

തെക്കൻ ഭാഷ എനിക്ക് നാലാം ക്ലാസ്സ് വരെ അന്യമായിരുന്നു. അത് ഒരുപക്ഷെ ആദ്യമായി ഞാൻ ശ്രദ്ധിക്കുന്നത് പാറുവമ്മച്ചിയിൽ നിന്നാണ്. ആ നഗറിലെ തന്നെ ജന്മിയാണവർ, എങ്കിലും പഴയ രീതികളൊന്നും മാറ്റാൻ അവർ തയ്യാറല്ല. അവരുടെ മക്കൾ 3 പേർ വിദേശത്താണ്, എങ്കിലും രാവിലെ തന്നെ ഒരേക്കറോളം വരുന്ന പറമ്പിലെ കൊഴിഞ്ഞു വീണ തേങ്ങ, മടൽ എന്നിവ പെറുക്കിയെടുത്ത്  ആവശ്യത്തിനുള്ളത് അടുക്കള ഭാഗത്തു തൂക്കിയിട്ടിരിക്കുന്ന രണ്ടു കയറിനുള്ളിൽ തിരുകിവെയ്ക്കും. ബാക്കി വരുന്നത് വിൽക്കും. ആ വില്പന ഒന്ന് കാണേണ്ടതാണ്. "മാടമ്പി"യായി അമ്മച്ചി ഞെളിഞ്ഞങ്ങനെ നില്ക്കും. മറ്റു "അടിയാളർ" സ്ത്രീകൾ അക്ഷരാർത്ഥത്തിൽ ഓഛാനിച്ചു ചുറ്റും അർധവട്ടത്തിൽ നില്ക്കും. വില ന്യായമല്ലെങ്കിലും  അമ്മച്ചിയുടെ സംസാരത്തിൽ ഒരിക്കലും മാറ്റമില്ല. എന്നും ഒരേ ഡയലോഗ് തന്നെ "നിങ്ങള് തരുന്ന ചക്രമൊന്നും എനിക്ക് മൊതലാവൂല. പിന്ന നീയൊക്കെ പെഴച്ചു പെയ്കോട്ടെ എന്നും  വിചാരിച്ച് തരണയാണ്." (പെഴച്ചു പോവുക എന്നാൽ ജീവിച്ചു പോകുക എന്ന് മാത്രമേ അർത്ഥമുള്ളു, അല്ലാതെ ആവശ്യമില്ലാത്ത അർത്ഥം എടുക്കരുത്). 

പുള്ളിക്കാരിയുടെ ഭർത്താവു തിരുവിതാങ്കൂർ പട്ടാളത്തിലായിരുന്നു. ആ സമയത്തു വാങ്ങിക്കൂട്ടിയതാണ് ഇപ്പോളത്തെ ഞങ്ങളുടെ നഗറിന്റെ പകുതിയിലധികം ഭാഗവും. പക്ഷെ ആവശ്യത്തിനും അനാവശ്യത്തിനും കേസ് നടത്തി എല്ലാം തുണ്ടം തുണ്ടമായി മുറിച്ചു വിറ്റു. എന്റെ വീടും  അങ്ങിനെ ഒരു കേസിന്റെ രക്തസാക്ഷിയാണ്. അമ്മച്ചിയുടെ ഭർത്താവ്  ഏതാണ്ട് 28 കൊല്ലം മുന്നേ മരിച്ചു പോയി. എന്നാലും മക്കളോടൊപ്പം പോയി നില്ക്കാൻ ആ "തിരുവിതാംകൂർ പോരാളി"യുടെ ആത്മാഭിമാനം എന്തുകൊണ്ടോ അനുവദിച്ചില്ല.


കുട്ടിക്കാലത്ത് തരം കിട്ടുമ്പോളൊക്കെ ഞാനും ആ വീട്ടിൽ ചെന്നിരുന്നു. ചാമ്പക്കയും, മാങ്ങയും, ചക്കയും ഒക്കെ കഴിക്കാൻ. അതിലും പ്രധാനം അവരുടെ തിരുവിതാംകൂർ വിശേഷം കേൾക്കാൻ. "പൊന്നു തമ്പുരാൻ" എന്നു പറഞ്ഞു വിശേഷം തുടങ്ങിയാൽ പിന്നെ ഒരാവേശമാണ്. അവരുടെ അച്ഛൻ കൊട്ടാരത്തിലെ കാര്യക്കാരൻ ആയിരുന്നു. അങ്ങിനെ കൊട്ടാരത്തിൽ പോയതും, അമ്മമഹാറാണികൊട്ടാരം ജീവനക്കാരുടെ കുട്ടികളെ സ്വന്തം മക്കളെ പോലെ കണ്ടിരുന്നതും, തുടങ്ങി ഏറ്റവും അവസാനം തന്റെ മകളുടെ കല്യാണത്തിന്, പൊന്നുതമ്പുരാൻ 10 പവൻ കൊടുത്തതിൽ വരെ എത്തി നില്ക്കുന്നു അവരുടെ വിശേഷങ്ങൾ. ഇടയ്ക്കിടയ്ക്ക് "ശ്രീ പപ്പനാഭാ നീയെ തൊണ" എന്നും കൂടി പറയുമ്പോൾ, അവരുടെ മുഖത്തെ ആത്മനിർവൃതി ഒന്ന് വേറെ തന്നെയാണ്, അത് അനുഭവിച്ചു തന്നെ അറിയേണ്ടതാണ്. 
 
തിരുവിതാംകൂർ ചരിത്രത്തിനിടയ്ക്കു ഞാൻ കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിനെ കുറിച്ച് ചോദിച്ചു ഉടക്കിടും. അമ്മച്ചി  ഇ.എം.എസ്സ് എന്ന് കേട്ടാൽ ഉറഞ്ഞു തുള്ളും. അവരെല്ലാം കൂടി അല്ലെ പൊന്നുതമ്പുരാന്റെ രാജഭരണം അവസാനിപ്പിച്ചത്. കൂട്ടത്തിൽ ഇഎംഎസ്സിനെ പത്തു "പള്ളും" പറയും. എങ്കിലും അമ്മച്ചി വോട്ട് ചെയ്തിരുന്നത് കമ്മ്യൂണിസ്റ്റ്‌ പാർട്ടിയ്ക്ക് തന്നെ. ഇത് എന്റെ സുഹൃത്തുക്കളായ കുട്ടിസഖാക്കന്മാർ ലോക്കലായി നടത്തിയ അന്വേഷണകമ്മിറ്റി റിപ്പോർട്ടിലുണ്ട്. ഇതിനെ കുറിച്ച് ഞാൻ ചോദിച്ചപ്പോൾ ആദ്യം മടിച്ചെങ്കിലും പിന്നീടവർ പറഞ്ഞു തന്നു. പണ്ടെപ്പോഴോ ഏകെജിയുടെ ഒന്ന് രണ്ടു പ്രസംഗം പുള്ളിക്കാരി കേട്ടിട്ടുണ്ടത്രേ. അതോടെ ഒരു ഏകെജി ഫാൻ ആയി അമ്മച്ചി. ഒരു ചെറിയ പ്രണയം ഉണ്ടായിരുന്നോ എന്നത് എന്റെ സംശയം. ആ സ്നേഹം ഒന്ന് കൊണ്ട് മാത്രം ഇപ്പോഴും ചുറ്റികയ്ക്കും അരിവാളിനും കുത്തുന്നു. 

രാഷ്ട്രീയവും പാർട്ടിയുമൊന്നും അവരുടെ ചിന്താമണ്ഡലങ്ങളിൽ ഒരു വിഷയമേ അല്ല. വാർഡ്‌ മെമ്പർ പോലും അടുത്ത വീട്ടിലെ ഉത്തമൻ ചേട്ടനെയും കൂട്ടിയെ അമ്മച്ചിയെ കാണാൻ പോകാറുള്ളൂ. ഭയപ്പെടുത്തുക എന്ന് പറയുന്നതിനെക്കാളും ബഹുമാനം കൊടുത്തു പോകുന്നതരം ആജ്ഞയായിരുന്നു അവരുടേത്. അനുസരിക്കാതിരിക്കാൻ കഴിയുകയുമില്ല.

പിന്നെ "പള്ള്" പറയുന്ന കാര്യത്തിൽ നമ്മുടെ പിസി, അമ്മച്ചിയുടെ മുന്നിൽ ഒന്നുമല്ല. അതെന്റെ സുഹൃത്തുക്കൾക്ക് ഇടയ്ക്കിടെ കിട്ടാറുമുണ്ട്. അമ്മച്ചിയുടെ അയൽക്കാരിയും കൂട്ടുകാരിയുമായ കൊച്ചുലക്ഷ്മിയമ്മൂമ്മയുടെ മരണശേഷം, ചടങ്ങുകളൊക്കെ കഴിഞ്ഞു തിരിച്ചു വരുമ്പോൾ ഞാനും എന്റെ ചില സുഹൃത്തുക്കളും വെറുതെ അമ്മച്ചിയെ ഒന്ന് ഇളക്കി. കൂട്ടത്തിൽ സന്തോഷിന്റെ ഒരു കമന്റ്. "നിങ്ങളിങ്ങനെ നടന്നോ. കൂടെ ഉള്ളവരൊക്കെ ഒരു വഴി ആയി.".. പോരെ പൂരം. സന്തോഷിന്റെ വീടിന്റെ ഇടവഴി വരെ അവനെ ഓടിച്ചിട്ട്‌ "പള്ള്" പറഞ്ഞു. പോരാത്തതിനു അവന്റെ അച്ഛനെ കണ്ടപ്പോൾ "നെന്റെ ചെറുക്കനെ സൂക്ഷിച്ചോ. നെന്റെ കല്യാണത്തിന് പായസം വിളമ്പുന്ന ഇനമാ, #*@%!&! (വേണെമെങ്കിൽ കുറെ ബീപ് ശബ്ദം ഇട്ടോ). 

പിരിവിനു സാധാരണ അമ്മച്ചിയുടെ വീട്ടിലേക്ക് ആരും പോകാറില്ല. പിരിവു കൊടുക്കാറില്ലെന്നത്‌ പോട്ടെ, രാജസ്തുതിയും കേൾക്കണം. കാരണം അമ്മച്ചിയ്ക്ക് ഇപ്പോഴും ഇത് തിരുവിതാംകൂറു തന്നെയാണ്. "ഒഴിമുറി"യിൽ ലാൽ പറയുന്നുണ്ട് "ഈ കാണണതൊക്കെ തമിഴു നാടാണന്നാണ് പറയണത്. പക്ഷേങ്കി നമ്മക്കിത് ഇപ്പഴും പൊന്നുതമ്പുരാൻ ഭരിക്കണ തിരുവിതാംകൂർ തന്നെയാണേ." ഈയൊരു ഡയലോഗ് പാറുവമ്മച്ചിയുടെ കാര്യത്തിൽ നൂറു ശതമാനം സത്യമാണ്. 

കഴിഞ്ഞ ആഴ്ച വീട്ടിൽ എത്തിയപ്പോഴാണ് അവരുടെ മരണവിവരം ഞാൻ അറിയുന്നത്. പറമ്പിൽ ഒന്ന് തലചുറ്റി വീണു. വീഴ്ചയിൽ ഒന്ന് രണ്ടു എല്ലുകൾ നുറുങ്ങി, ആശുത്രിയിൽ പോയി പ്ലാസ്റ്റെർ ഇട്ടു എന്നല്ലാതെ അവിടെ കിടക്കാൻ കൂട്ടാക്കിയില്ലത്രേ. "വീട്ടിൽ രണ്ടു പട്ടിയുണ്ട്, തിരിച്ച് പെയ്യിട്ട് വേണം അവത്തുങ്ങൾക്ക് ചോറ് കൊടുക്കാൻ" എന്നും പറഞ്ഞു ഡോക്ടറോടും കയർത്തു വീട്ടിൽ തിരിച്ചെത്തി.  വീട്ടിൽ വന്നു മൂന്നാം നാൾ അടുത്ത വീട്ടിലെ  ഉത്തമൻ ചേട്ടനോട് "എന്നെ ഇത്തിരി അശൂത്രിയിൽ കൊണ്ട് പോടാ ചെല്ലാ. നെഞ്ച് വേദന കൂടണ്‌". ആ പോക്ക് പോയ അമ്മച്ചി പിന്നെ പട്ടികളെ ഊട്ടാൻ തിരിച്ചു വന്നില്ല. 

അവരുറങ്ങുന്നിടത്തു  ഒന്ന് പോയി കാണണം എന്ന് തോന്നി. അവരെ ദഹിപ്പിച്ച സ്ഥലത്ത് ഒരു ചെറുതെങ്ങു മാത്രം സാക്ഷി. വലിയ അടുപ്പം ഒന്നുമില്ലെങ്കിലുംഎന്തൊക്കെയോ നഷ്ടപെട്ട ഒരു പ്രതീതി. എന്തുകൊണ്ടോ അവരുടെ രാജഭക്തി എനിക്കൊത്തിരി ഇഷ്ടമാണ്. ആ കഥകൾ എത്ര കേട്ടാലും മതി വരാത്തവ. എന്റെ ചരിത്രബോധത്തിനു ഏറിയ പങ്കും സംഭാവന നല്കിയ അമ്മച്ചിയ്ക്ക് എന്റെ ആദരാഞ്ജലികൾ !!!