Saturday, July 13, 2013

അഞ്ചരയ്ക്കുള്ള വണ്ടി ....... (ഒന്നാം ഖാണ്ഡം)


ഒരു ബുധനാഴ്ച. ക്ലാസ്സ്‌ കഴിഞ്ഞു കാന്റീനില്‍ ചായ കുടിക്കാന്‍ എത്തി വായിനോട്ടം എന്ന പരമ്പരാഗതകലയെ എന്നാലാവുംവിധം പരിപോഷിപ്പിച്ചു കൊണ്ടിരിക്കുമ്പോഴാണ് തടിയന്റെ രംഗപ്രവേശം. ഉറക്കച്ചവട് ആ മുഖത്ത് വ്യക്തമായി പ്രതിഫലിക്കുന്നുണ്ട്. ഇനി ഒരു ചായ കുടിച്ചിട്ട് ഉറങ്ങാം എന്ന് കരുതി ഇറങ്ങിയതാവും. വന്നപാടെ ഒരു കട്ടന് ഓർഡർ കൊടുത്തിട്ട് മുന്നിലിരുന്ന പെണ്ണിന്റെ "ചന്തം" ആസ്വദിച്ചു, താടിക്ക് കയ്യും കൊടുത്തിരുന്നു. അപ്പോഴേക്കും ആശാൻ, ശ്രീലേഷ് , വിബിൻ, എന്നിവരും എത്തിച്ചേർന്നു.

പഴംപൊരിയുമായി മല്ലിട്ട്കൊണ്ടിരിക്കുമ്പോളാണ് എന്റെ നോക്കിയ - ആയിരത്തിഒരുനൂറു നിലവിളിക്കുന്നത്. ഈശ്വരാ.. ചോര വാർന്നു കിടന്നാൽ പോലും മിസ്സ്ഡ് കാൾ അടിക്കുന്ന മത്തൻ അങ്ങേത്തലയ്ക്കൽ. ഇത് മിസ്സ്ഡ്കാളാണെന്ന് കരുതി, കുറച്ചു നേരം മിണ്ടാതിരുന്നു.. അല്ല.. അവൻ വിളിക്കുന്നു. സത്യമായും അവൻ വിളിക്കുന്നു. എന്തെങ്കിലും അത്യാഹിതം ?

വിറയാർന്ന കൈകളോടെ കാൾ അറ്റൻഡ് ചെയ്തു.
എടുത്തയുടനെ ത, മ, പു കളുടെ സംഗമശബ്ധതാരാവലികൾ..

"എന്താടാ കാൾ അറ്റൻഡ് ചെയ്യാൻ ഇത്ര താമസം.. നീ എവിടുണ്ട് ?"
"ക്യാന്റീനിൽ".. ഉത്തരം അറിയാതെ വന്നു പോയി.
"എന്നാൽ കട്ട്‌ ചെയ്യ്‌.... ...അങ്ങോട്ട്‌ വരാം..."

അഞ്ചു മിനുട്ട് കഴിഞ്ഞപ്പോൾ പേപ്പട്ടി ഓടിച്ച പോലെ മത്തൻ ക്യാന്റീനിലേക്ക് ഓടികയറി വന്നു..

"അറിഞ്ഞോ ? "

"എനിക്കറിയാമെടാ ? അവളതു പറയുമെന്ന് ഞാൻ അന്നേ പറഞ്ഞില്ലേ ? നീ കുടുങ്ങിയെടാ മോനെ"... അവന്റെ സന്തോഷം കണ്ടപ്പോൾ തന്നെ വിബിൻ കാര്യം ഊഹിച്ചു പറഞ്ഞു..

"അതൊന്നുമല്ല.. ടോണിക്ക്  .. ടോണിക്ക് ..  " കിതപ്പിൽ മത്തന് മുഴുമിക്കാൻ കഴിയുന്നില്ല..

ആശാൻ നേരെ ഇറങ്ങി ഓടി റൂമിൽ പോയി ചുമയ്ക്കുള്ള മരുന്നും എടുത്തു  കൊണ്ട് വന്നു മത്തന് നേരെ നിന്ന് കിതച്ചു .. "ഇന്നാ പിടി.."

"എന്ത് ?"

"നീ ചോദിച്ച ടോണിക്ക് !.."

"ആശാനെ.. അതല്ല.. ടോണിയില്ലേ ? അവന്റെ പിറന്നാളാണ് ഇന്ന്.."

ഹോസ്റ്റല്‍ അന്തേവാസികളായ ഞങ്ങള്‍ ആ ഞെട്ടിക്കുന്ന വാര്‍ത്ത‍ അറിഞ്ഞു. ഇന്ന് സഹമുറിയനായ ടോണിയുടെ പിറന്നാള്‍ . അതിനവന്‍ ചെലവ് ചെയ്യാന്‍ പോകുന്നു, അടുത്തുള്ള ജിനോ ബാറില്‍, അതും വിത്ത്‌ ഫുഡ്‌..., കേട്ടവര്‍ കേട്ടവര്‍ നെഞ്ചത്ത് കൈവെച്ചു. ചിലര്‍ ബോണ്ട തൊണ്ടയില്‍ കുരുങ്ങി അകത്തേക്കുമില്ല പുറത്തേക്കുമില്ല എന്ന അവസ്ഥയില്‍ പ്രാണവായുവിനു വേണ്ടി വെപ്രാളപ്പെടുന്നു.

ചിലവ് ചെയ്യുക.. അതും ടോണി.. ആറുമാസമായി ഹോസ്റ്റല്‍ വാടക കൊടുക്കാതെ രാവിലേം വൈകിട്ടും വാര്‍ഡനച്ചന്‍ കാണാതെ മുങ്ങി നടക്കുന്ന അവന്‍ ഇങ്ങനെ ഒരു സാഹസത്തിനു മുതിരുമോ ?  ടോണിയുടെ പിറന്നാള്‍ പോലും. അവനു പോലും ഓര്‍മ്മയില്ലാത്ത ആ പിറന്നാള്‍ദിനം ഇപ്പൊ എങ്ങിനെ മാലോകര്‍ അറിഞ്ഞു ? സംശയം തീരുന്നില്ല... 

മത്തന്റെ കിതപ്പ് മാറിയപ്പോഴാണ് കാര്യം പിടി കിട്ടിയത്.. മത്തൻ  ടോണിയെ മുന്നൂറു വെള്ളിക്കു ഒറ്റിയതാണ്..   എന്തോ സൗന്ദര്യപിണക്കമാണ് പിറന്നാള്‍ദിന രഹസ്യം ചോരാനുള്ള കാരണം. പിറന്നാൾ ദിനം സത്യമാണ്.. പക്ഷെ ബാക്കി ചിലവിന്റെ തിരക്കഥാകൃത്ത് മത്തനാണ്.

കുറച്ചുസമയം കഴിഞ്ഞപ്പോൾ ഇതൊന്നുമറിയാതെ ടോണി വന്നു.. വൈകാതെ അവൻ അകപെട്ടിരിക്കുന്ന ചതി അവനു മനസിലായി... അവൻ ദയനീയമായി ചില്ലലമാരയിൽ നോക്കി. അയ്യട മോനെ.. ബോണ്ട കൊണ്ട് ഞങ്ങൾക്ക് തുലാഭാരം നടത്തണ്ട. ജിനോയിൽ തന്നെ പോണം.. ചെലവ് ചെയ്യണം എന്ന ആവശ്യം മുദ്രാവാക്യമായി മുഴങ്ങിയപ്പോൾ, അവസാനം ടോണിയ്ക്കു സമ്മതിക്കേണ്ടി വന്നു.

തടിയന്‍, മത്തന്‍, ആശാന്‍, ഡെൽവിൻ, പന്നിപ്പൊളി, വിബിന്‍, ശ്രീലേഷ്, റോണി, റോബിന്‍ പിന്നെ ഞാനും ചേര്‍ന്ന് ടോണിയെയും കൊണ്ട് ബാര്‍ ലക്ഷ്യമാക്കി നീങ്ങി. പോകുന്നതിനുമുന്നേ ഞങ്ങളുടെ എല്ലാവരുടെയും പേഴ്സ് ഒളിപ്പിച്ചു വെയ്ക്കാനും മറന്നില്ല. 

ഏഴു മണിയോടെ ബാറിലെത്തി. കഴിക്കാത്തവരുടെ കൂട്ടത്തിൽ ആശാൻ, ശ്രീലേഷ്, പിന്നെ ഡെൽവിനും. പക്ഷെ ഡെൽവിന്റെ കന്യകാത്വം അധികം നീണ്ടില്ല. അവൻ ബിയർ കഴിക്കുമെന്നുള്ള മഹാസത്യം ഞങ്ങൾ മനസിലാക്കി. ഞങ്ങൾ മലയാളി സ്വഭാവം എടുത്തു തുടങ്ങി. കുടിക്കുന്ന അല്ലെങ്കിൽ കുടിച്ചുകൊണ്ടിരുന്ന ഡെൽവിൻ എന്ത് കൊണ്ട് ഇപ്പൊ കഴിക്കുന്നില്ല. വി എസിന്റെ പേർസണൽ സെക്രട്ടറിമാരുടെ വിശദീകരണം പോലെ ഞങ്ങളവന്റെ വിശദീകരണങ്ങൾ ഒന്നൊന്നായി  തള്ളി കളഞ്ഞു. അതിനെ ചൊല്ലി ലഹള പൊട്ടിപുറപ്പെടും എന്നായപ്പോൾ അവൻ സമ്മതിച്ചു. ഒരു ഗ്ലാസ്‌......,... ഒരേ ഒരു ഗ്ലാസ്... നമ്മുടെ സൗഹൃദത്തിനു വേണ്ടി. അങ്ങിനെ മലയാളി ജയിച്ചു.. ഡെൽവിൻ തോറ്റു ..

ഒരു ഗ്ലാസിൽ നുര പതഞ്ഞു പൊങ്ങി മേശപ്പുറത്തു വെച്ചതും, പശു കാടി കുടിക്കുന്ന പോലെ ഒറ്റ വലിക്കു ഡെൽവിൻ അകത്താക്കി.. എല്ലാരും ഒന്ന് ഞെട്ടി.. ഇവനാണോ വല്ലപ്പോഴും മാത്രം, അതും അപ്പനും അമ്മാവന്മാരും ക്രിസ്തുമസിനു കൊടുക്കുന്ന അര ഗ്ലാസ്‌ മോന്തുന്ന സത്യക്രിസ്ത്യാനി ..

ഏതായാലും ആമ്പിയർ ഉള്ളവനാണ്. ഒരു ഗ്ലാസും കൂടി അവനു പകർന്നു വച്ചു ..  ഡെൽവിനിൽ ഒരു പുഞ്ചിരി വിരിഞ്ഞു. അവൻ ഗ്ലാസ്‌ നിഷേധിക്കുന്നില്ല. കഥകളുടെയും തമാശകളുടെയും ഇടയിൽ അവൻ ആ ഗ്ലാസും കാലിയാക്കി.  ഇതിനിടെ ഭക്ഷണം എത്തി. എല്ലാരും കഴിച്ചെന്നു വരുത്തി..

കാര്യങ്ങൾ ഇങ്ങനെ പുരോഗമിക്കുമ്പോഴാണ്  ഡെൽവിന്റെ സ്വഭാവവ്യത്യാസം ഞങ്ങൾ ശ്രദ്ധിക്കുന്നത്. എന്തൊക്കെയോ സന്തോഷത്തോടെ പറയുന്നുണ്ട്. പലതും വെള്ളി.. ടോണിയുടെ കടയിൽ  പോലും കിട്ടാത്ത പത്തരമാറ്റു വെള്ളി.. കൂടാതെ സംഭാഷണത്തിന് കൂട്ടുകിടക്കാൻ ചിരിയുമുണ്ട്.. ക്രമേണ ചിരി പൊട്ടിച്ചിരിയായും,  പൊട്ടിച്ചിരി അട്ടഹാസമായും രൂപാന്തരം പ്രാപിക്കുന്നത് ഞങ്ങളറിഞ്ഞു. ഒടുവിൽ അടി, ഓട്ടോ പിടിച്ചു വരുമെന്നായപ്പോൾ സ്ഥലം വിടാൻ തീരുമാനിച്ചു. 

പുറത്തിറങ്ങിയ ഡെൽവിൻ ലഹരി ആസ്വദിക്കുകയാണ്.  ഞങ്ങൾ അവനെയും. സന്തോഷം കൊണ്ടെനിക്ക് നടക്കാൻ വയ്യേ ഞാനിപ്പോ ആശാന്റെപുറത്തു വലിഞ്ഞു കയറും എന്ന അവസ്ഥയിലാണ് ഡെൽവിൻ. അങ്ങിനെ ആശാനിലായി സംരക്ഷണചുമതല. 

"ആശാനെ.. നമ്മളിപ്പോ എവിടെത്തി ? "

"ഡാ.. നമ്മൾ കോളേജിനടുത്തു എത്താറായി.."

"പാതിരാത്രിയിൽ നമ്മളെന്തിനാടാ  കോളേജിൽ വരുന്നേ ?" ഡെൽവിൻ വിടുന്നില്ല ..

"കോളേജ് വളപ്പിനുള്ളിലല്ലേ നമ്മുടെ ഹോസ്റ്റൽ "

"അപ്പൊ കപ്പോള (കുരിശടി) കഴിഞ്ഞോ ? "

"അത് നീ വരുന്ന വഴിക്ക് കണ്ടില്ലേ ?" ആശാന് ദേഷ്യം വന്നു തുടങ്ങി ..

"ആശാനിന്നു  പ്രാർത്ഥിച്ചോ ?"

"എന്ത് ?"

"ഇന്നു  ടോണിയുടെ പിറന്നാൾ അല്ലെ ? അവനു വേണ്ടി കപ്പോളയിൽ പോയി ഒന്ന് മുട്ടിപ്പായി പ്രാർത്ഥിക്കണം .. ആശാനും വാ.. "

"അതിനു ഇവിടെ കോളേജിൽ തന്നെ പള്ളിയുണ്ടല്ലോ ? പിന്നെന്തിനാ ഒന്നര കിലോമീറ്റർ അകലെയുള്ള കപ്പോളയിൽ പോകുന്നെ ? ".. ആശാന്റെ കൗണ്ടർ അറ്റാക്ക്‌...

"അതെ ആശാനെ.. ആരോടും പറയരുത് .. ഞാൻ ചെറുതായി രണ്ടെണം വിട്ടിട്ടുണ്ട്.. പള്ളീൽ ആകുമ്പോ നമ്മുടെ വാര്‍ഡനച്ചന്‍ പൊക്കിയാലോ ? അതോണ്ടാ "..

കേട്ടതും എല്ലാരുടെയും "കിളി പോയി". കുടിക്കാത്തവൻ കുടിച്ചപ്പോൾ കള്ളു കൊണ്ട് ആറാട്ട്‌ എന്നോ മറ്റോ ഒരു പഴഞ്ചൊല്ല് ഇല്ലേ..

"വാ പോകാം..ആശാനും , അഭിയും, വിബിനും നീയും കൂടെ വാ.. " ആ ക്ഷണം ഞങ്ങൾ ആദ്യമേ സ്വീകരിച്ചു കഴിഞ്ഞിരുന്നു.. മണി പതിനൊന്നായതേ ഉള്ളു. രാത്രിയിലെ നടപ്പ് ഞങ്ങൾക്ക് ഒത്തിരി ഇഷ്ടവുമാണ്.

"വാ അളിയാ നമുക്ക് പ്രാർത്ഥിച്ചിട്ട് വരാം." വിബിന്റെ പിന്താങ്ങൽ..

ബാക്കി ഉള്ളവർ രക്ഷപെട്ടു..  അങ്ങിനെ ടോണിയുടെ ദീർഘായുസ്സിനു വേണ്ടി ഞങ്ങൾ അഞ്ചുപേർ ഇറങ്ങി തിരിച്ചു.. 

 (തുടരും ....)

No comments: