Tuesday, August 27, 2013

ഹാപ്പി ബർത്ത്ഡേ !


ഇന്നു രാവിലെ എഴുന്നേറ്റപ്പോൾ നല്ലപകുതിയുടെ ചോദ്യം "അമ്പലത്തിൽ പോകുന്നില്ലേ ?". അതെനിക്കിട്ടു  വെച്ചതാണെന്നു മനസിലായി.. എല്ലാ ഞായറാഴ്ച്ചയും വെളുപ്പിന് അവളെ പള്ളിയിലേക്ക് അനുഗ്രഹം മൊത്തമായി വാങ്ങിവരാൻ പറഞ്ഞു വിട്ടു, ഒൻപതു മണി വരെ കിടന്നുറങ്ങാറുള്ളതിനുള്ള ഒരു മധുരപ്രതികാരം..
എന്തിനാ പോകുന്നെ എന്ന മറുചോദ്യത്തിനു അവള് കിടന്നു തപ്പി. വിഷുവും ഓണവുമല്ലാതെ ഏതൊക്കെ ആഘോഷങ്ങൾ ഉണ്ടെന്നു ചോദിച്ചാൽ ഒരു ഇളി സമ്മാനമായി കിട്ടുമെന്നെനിക്കറിയാമായിരുന്നു.. പക്ഷെ എന്നെ അത്ഭുതപ്പെടുത്തി, കലണ്ടർ തപ്പി, കൃഷ്ണജയന്തി അല്ലേന്ന് മറുചോദ്യം അവൾ ഉന്നയിച്ചു..

ഇങ്ങനെയുള്ള അവസരങ്ങളിൽ അമ്പലത്തിൽ പോകാറില്ല എന്ന് അവൾക്കു നന്നായറിയാം.. രാവിലെയും വൈകുന്നേരവും കുടുംബസമേതം അവിടുത്തെ ഫാഷൻ ഷോ കാണാൻ എനിക്കാവില്ല.. കഴിയുന്നതും ഒറ്റയ്ക്കിരിക്കുമ്പോഴാണ് ഞാൻ ഇവരെയൊക്കെ സന്ദർശിക്കുക. അങ്ങിനെ ഒരു അവസരം കിട്ടാത്തത് കൊണ്ടാവണം ഗുരുവായൂരപ്പനെയും ജീവിതത്തിൽ ആകെ രണ്ടു തവണ മാത്രമേ കണ്ടിട്ടുള്ളു..

അഞ്ചു വയസ്സു മുതൽക്കാണെന്ന് തോന്നുന്നു മിക്കവാറും എല്ലാ ശിവരാത്രിക്കും, അഷ്ടമിരോഹിണിക്കും, വിഷുവിനും, ഓണത്തിനുമെല്ലാം എന്നെയും അനിയനെയും കൂട്ടി അമ്മ അമ്പലത്തിൽ പോകാറുണ്ട്.. അവിടെ ചെന്ന് എന്ത് പ്രാർത്ഥിക്കും എന്നൊന്നും ചോദിക്കരുത്..  പ്രാർത്ഥിക്കാൻ ഓരോരോ കാരണങ്ങൾ ഉണ്ടാവുമെന്നാണല്ലോ മഹാകവി സൈക്കിൾ അഗർബത്തി പറഞ്ഞിട്ടുള്ളത്.. എനിക്കും അന്നൊക്കെ ഓരോ കാരണങ്ങൾ ഉണ്ടായിരുന്നു..

പക്ഷെ എസ്എസ്എൽസി യിൽ എന്നെ വേണ്ടവിധം പരിഗണിക്കാത്തത്തിന്റെ വിഷമം എന്നിൽ ആദ്യത്തെ വിശ്വാസക്കുറവിന്റെ വിത്തുകൾ പാകി. പിന്നീടുള്ള പ്രീഡിഗ്രി പരീക്ഷയും കഴിഞ്ഞതോടെ ശിവയണ്ണനും കൃഷ്ണേട്ടനും എന്റെ കാര്യങ്ങൾ ഗൗനിക്കുന്നില്ല എന്നെനിക്കു തോന്നിത്തുടങ്ങി. പിന്നീടങ്ങോട്ട് അവർ എന്നോട് ചെയ്ത ചതി ആലോചിക്കാനേ വയ്യ.. ആദ്യത്തെ പ്രണയത്തിന്, ക്ലാസ്സു പരീക്ഷയ്ക്ക്, ക്രിക്കറ്റ് മാച്ചുകൾക്ക്‌, സിനിമാ തീയേറ്ററുകളിലെ ഫസ്റ്റ്ഡേ എല്ലാത്തിനും വലിയ തകർച്ചകൾ നേരിടേണ്ടി വന്നപ്പോൾ ഞാൻ ഇവരുമായുള്ള ചങ്ങാത്തം തീരെയങ്ങ് കുറച്ചു.. പിന്നീടുള്ള പരീക്ഷകൾക്ക് അവരുമായി ഞാൻ ഒരു കരാറിലേർപ്പെട്ടു, പ്രതിഫലം ഉറപ്പിച്ചു. കണക്കു പരീക്ഷ ജയിച്ചാൽ പഴവങ്ങാടി ഗണപതിക്ക്‌ മൂന്നു തേങ്ങ..പരീക്ഷയെല്ലാം ജയിച്ചാൽ ആറ്റുകാലമ്മച്ചിയെ മൂന്നു വെള്ളിയാഴ്ച്ച കുളിച്ചു തൊഴുവൽ, പിന്നെ പാളയം ഹനുമാനദ്ദേഹത്തിനു എല്ലാ വ്യാഴായ്ച്ചയും കണ്ടു മിച്ചം വരുന്ന കാര്യങ്ങളൊക്കെ ഏല്പിക്കുക..  അങ്ങിനെ ഓരോ പ്രാദേശികദൈവങ്ങൾക്കും ചെയ്യുന്ന ജോലിയനുസരിച്ചു കൂലി തിട്ടപെടുത്തി. അതും അവർ ചെയ്ത ജോലിയിൽ ഞാൻ സംതൃപ്തനാനെങ്കിൽ മാത്രം..

അതായിരുന്നു ഞാനും ദൈവങ്ങളുമായുള്ള ഒരു ഇരിപ്പുവശം..
ഏതായാലും എന്റെ പ്രിയപ്പെട്ട കൃഷ്ണേട്ടന് , എന്റെയും എന്റെ ഭാര്യയുടെ പേരിലും നല്ലൊരു പിറന്നാൾ ദിനം ആശംസിക്കുന്നു... Happy Birthday !

-# എന്ന് സ്വന്തം പച്ചപരിഷ്കാരി