Saturday, November 16, 2013

കസ്തൂരിരംഗൻ റിപ്പോർട്ട്‌ ..

മുല്ലപ്പെരിയാറിന്റെ വൻപ്രദർശന വിജയത്തിന് ശേഷം ഇതാ വരുന്നു....

കസ്തൂരിരംഗൻ റിപ്പോർട്ട്‌ ...

അന്യൻ വിയർക്കുന്ന കാശും കൊണ്ട് അപ്പവും തിന്നു വീഞ്ഞും കുടിച്ചു കോണ്ടാസ്സേയിലും ബെൻസിലും കേറി നടക്കുന്ന പളുപളുത്ത കുപ്പയാക്കാർ സംവിധാനം ചെയ്തു ഇടതു വലതുപക്ഷങ്ങളുടെ നിർമ്മാണ  സഹായത്തോടെ വെള്ളിയാഴ്ച മുതൽ വയനാട്, ഇടുക്കി ജില്ലകളിൽ പ്രദർശനം തുടങ്ങി. പല തീയറ്ററുകളിലും  ജനത്തിരക്ക് നിയന്ത്രിക്കാൻ പോലീസ് നന്നേ പാട് പെട്ടു.

ഒരു കാർഷിക പശ്ചാത്തലത്തിൽ എടുത്തിരിക്കുന്ന സിനിമ പ്രകൃതിഭംഗിയുള്ള ദൃശ്യങ്ങൾ കൊണ്ട് തന്നെ സമ്പുഷ്ടമാണ്..  താമരശ്ശേരി ചുരത്തിനു ചുവടെ അടിവാരത്തും, ഇടുക്കിയിലെ "ഭ്രാന്ത"പ്രദേശങ്ങളിലും ചിത്രീകരിച്ച സിനിമയുടെ ഏറിയ പങ്കും  canon 7D  ഉപയോഗിച്ചാണ്‌ ചിത്രീകരിച്ചിരിക്കുന്നത്.  

ഇടുക്കി അതിരൂപത തീയേറ്ററിന്റെ ഓണറും പ്രധാന നടനും ഒക്കെയായ മാർ ഗോപാലകൃഷ്ണൻ,  "അടുത്ത തിരഞ്ഞെടുപ്പിൽ തോമാച്ചൻ മത്സരിച്ചാൽ തോല്പിക്കു"മെന്ന ഉശിരൻ ഡയലോഗിനു നിർത്താതെയുള്ള കയ്യടി നേടി കൊടുക്കുന്നു. മാറിനെയും തോമച്ചനെയും കൂടാതെ കെപിസിസി, സി പി എം തീയറ്ററുകളിലെ കൂടാതെ ചില "കർഷക" സംഘടനകളുടെയും പ്രമുഖ നടീനടന്മാരും ഈ ചിത്രത്തിൽ ശ്രദ്ധേയമായ അഭിനയം കാഴ്ച വെച്ചിരിക്കുന്നു.. ഡിഫി, കെഎസ് യു തീയറ്ററുകളിലെ ന്യൂജെനറേഷൻ നടന്മാരും തങ്ങളുടെ അരങ്ങേറ്റം നന്നായി തന്നെ നിർവഹിച്ചിരിക്കുന്നു..    

ടിക്കറ്റ്‌ കിട്ടാത്തതിനെ തുടർന്ന് വയനാട് വനം വകുപ്പ് ഓഫീസിലേക്ക് തള്ളികയറിയ ഫാൻസ്‌, ടിക്കറ്റ്‌ വെച്ചിരുന്ന ഫയലുകൾ മുഴുവൻ കത്തിച്ചു കളയുന്ന സീൻ canon 7D ഉപയോഗിച്ചാണ് ചിത്രീകരിച്ചിരിക്കുന്നത്.. പോരാത്തതിനു ചില സംഘട്ടന രംഗങ്ങളിൽ ക്യാമറയ്ക്കും ക്യാമറമാനും പരുക്കേറ്റതു സിനിമയുടെ ഒറിജിനാലിറ്റിയെ തെല്ലൊന്നുമല്ല സഹായിച്ചിരിക്കുന്നത്..

പുതിയ ഹാസ്യതാരങ്ങൾ തികച്ചും അച്ചടക്കത്തോടെയാണ് തങ്ങളുടെ റോളുകൾ അവതരിപ്പിച്ചിരിക്കുന്നത്. സാമൂഹ്യവിരുദ്ധരാണ് ഫയലുകൾ കത്തിച്ചതെന്നു പറഞ്ഞ ഒരു MLA ഹാസ്യനടൻ 2 മണിക്കൂറിനുള്ളിൽ തന്റെയും സഹോദരന്റെയും ഫോട്ടോ അക്രമികളുടെ കൂടെ പുറത്തു വന്നത് കണ്ടു അന്ധാളിച്ചു നിൽക്കുന്നതു ഹാസ്യത്തിന് പുതിയ മാനമേകുന്നു..

അവസാനം ഗസ്റ്റ് റോളിൽ പ്രശസ്ത ഹോളിവുഡ് / ബോളിവുഡ് നടി ഇറ്റലിക്കാരി -Edvige Antonia Albina Màino അവർകളുടെ അഭിനയവും എടുത്തു പറയേണ്ടതാണ്.. ഗോഡ്ഫാദറിലെ അഭിനയത്തിന് ഫിലോമിന ചേച്ചിയോട് (നിന്റെ അമ്മേടെ ചെവിട്ടിലും വെയ്ക്കെട പഞ്ഞീ) കിടപിടിക്കത്തക്ക അഭിനയമാണ് അവർ കാഴ്ചവെച്ചിരിക്കുന്നത്..

എങ്കിലും അക്രമത്തിന്റെ മറവിൽ അരമനബാർ തള്ളിപ്പൊളിക്കുന്ന സീൻ, സിനിമയുടെ ഒരു കുറവ് തന്നെയാണ്. ദേശീയപാനീയത്തെ അവഹേളിക്കുന്ന തരത്തിൽ ചിത്രീകരിച്ചതിന് ഓൾകേരളാമദ്യപാനി അസോസിയേഷൻ സിനിമയ്ക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്.      

ഇനിയും കൂടുതൽ സീനുകൾ വരാനിരിക്കുന്നതേ ഉള്ളൂ എന്ന സംവിധായകന്റെ ആഹ്വാനം തികച്ചും പ്രതീക്ഷയ്ക്ക് ഇടനൽകുന്നതാണ്.
 
 ഈ ആഴ്ചയിലെ നിരൂപണത്തിൽ  കസ്തൂരിരംഗൻ റിപ്പോർട്ട്‌ - 9/10.