Friday, July 18, 2014

കാട് നൽകുന്ന തിരിച്ചറിവുകൾ ...

അക്കൌണ്ടിൽ മിച്ചം അയ്യായിരം തികയുമ്പോൾ എന്നെപോലെ തന്നെ തലതെറിച്ച എന്റെ ഉറ്റസുഹൃത്തിനെയും കൂട്ടി യാത്രയ്ക്കിറങ്ങും.. അമ്മയുടെ ഭാഷ കടമെടുത്താൽ നാട്നിരങ്ങാനിറങ്ങും. അത്തരത്തിൽ ഒരിക്കലാണ് മൂന്നാറിൽ എത്തിപെട്ടത്. ഉദ്ദേശിച്ച സ്ഥലം മറയൂർ ആയിരുന്നെങ്കിലും പുലർച്ചെ പ്രകൃതിയുടെ ഉൾവിളിയ്ക്കു കീഴടങ്ങി മൂന്നാറിൽ തിരക്കിട്ട് ഇറങ്ങേണ്ടി വന്നു..

പകലു മുഴുവൻ മൂന്നാർ അലഞ്ഞു നടന്നു.. എക്കോ പോയിന്റിനും മാട്ടുപെട്ടിയ്ക്കും സ്ഥിരം കണ്ടുമടുത്ത കാഴ്ചകളെയും ആൾക്കാരെയും മാത്രം സമ്മാനിക്കാനുണ്ടായിരുന്നുള്ളൂ. ഞങ്ങൾ രണ്ടുപേരുടെയും ഇഷ്ടം ആനകളായിരുന്നു.. ഒൻപത് വനയാത്രകളിൽ ഏഴെണ്ണത്തിലും ആനകളെ കണ്ടെത്താനായി എന്നൊരു സ്വകാര്യഅഹങ്കാരമായി തുടരുന്ന സാഹചര്യത്തിൽ, ഇത്തവണയും അവയെ കണ്ടിട്ടേ പോകൂ എന്നൊരു വാശി. അതിനായി റോഡ്‌ വിട്ടു കാടുകളിലേക്ക് കയറാറാണ് പതിവ്... എങ്കിലും ഇത്തവണ അധികം കാട് കയറാൻ ഒരു ഒറ്റയാൻ സമ്മതിച്ചില്ല.. കാട്ടിനുള്ളിലേക്ക്‌ കയറുന്ന അവസരങ്ങളിൽ തേയില നുള്ളുന്ന തൊഴിലാളി സ്ത്രീകളും പുരുഷന്മാരും ചായകടക്കാരും ഏകസ്വരത്തിൽ പറഞ്ഞത് ഒരു ഒറ്റയാനെ പറ്റിയായിരുന്നു. വളഞ്ഞു നീണ്ട കൊമ്പുള്ള നല്ല ജിംഖാന ടൈപ്പ് ഒരു ഒറ്റയാൻ.. കാട്ടിനുള്ളിൽ ഞങ്ങളുടെ വഴികളിൽ അവന്റെ സാന്നിധ്യം ഉണ്ടാകുമെന്ന് അവർ പറഞ്ഞു. അത് മറികടന്നു പോകുന്നത് സാഹസികത അല്ലെന്നും വകതിരിവില്ലായ്മയാണ്  എന്നാരും പറഞ്ഞു തരണ്ടല്ലോ.. അത് കാരണം മിക്ക സമയത്തും തൊഴിലാളികളുടെ കൂടെ നടന്നു.

തോട്ടത്തിനുള്ളിൽ ചെറിയൊരുകടയിൽ നല്ല അസ്സലൊരു ചായയും കുടിച്ചിരിക്കുമ്പോഴാണ് രാത്രി എവിടെ താമസിക്കുമെന്ന ന്യായമായ സംശയമുദിച്ചത്. ഞങ്ങളുടെ യാത്രകൾ അങ്ങിനെയാണ് .. കൃത്യമായ വഴികളില്ല, റൂട്ടുകളില്ല, സമയമില്ല.. ഞങ്ങൾ രണ്ടു പേരും ഊര് തെണ്ടാനിറങ്ങുന്നത് എല്ലാരും പറയും പോലെ നാട് കാണാൻ മാത്രമല്ല.. വേറെ ആരും സഞ്ചരിച്ചിട്ടില്ലാത്ത വഴികളിലൂടെ സഞ്ചരിക്കാൻ.. മറ്റുള്ളവർ കാണുന്ന സ്ഥിരം കാഴ്ചകളിൽ നിന്നും വേറിട്ട കാഴ്ചകൾ കാണാൻ. ആ വട്ട് എന്നെക്കാളേറെ സുഹൃത്തിനുള്ളത് കൊണ്ട് എനിക്കെപ്പോഴും രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപെടേണ്ടി വന്നു..

ആ യാത്രയിൽ, രാത്രി താമസസൗകര്യം കിട്ടിയത് പിച്ചാമണി എന്ന ചേട്ടന്റെ വീട്ടിൽ.. പിച്ചാമണി ചേട്ടനും അദ്ദേഹത്തിന്റെ ഭാര്യയും തൊട്ടടുത്ത് തന്നെയുള്ള ടീ കമ്പനിയിൽ ജോലി ചെയ്യുന്നു.. മകനും മകളും കോയമ്പത്തൂരിൽ പഠിക്കുന്നു..  അടിമുടി മെലിഞ്ഞ ഒരു മനുഷ്യൻ. ഞങ്ങളെ വന്നു കൂട്ടിക്കൊണ്ടു പോകാൻ പിച്ചാമണിയോടു, കൊച്ചിയില്ലുള്ള എന്റെയൊരു ഒരു സുഹൃത്ത് വിളിച്ചു പറഞ്ഞതാണ് . ഞങ്ങളുടെ മൊബൈലിലേക്ക് വിളിച്ചു പതിനഞ്ചു മിനിറ്റിനുള്ളിൽ പ്രത്യക്ഷപെട്ടു. മെനുവായി മൂന്നാറിലെ വമ്പൻ റിസോർട്ടുകൾ റേറ്റ് സഹിതം വിളമ്പി വെച്ചു.. ഇതൊന്നും ശ്രദ്ധിക്കാതെ നിന്ന സുഹൃത്തിന്റെ മുറിയൻ തമിഴിൽ "ഉങ്കൾ വീട്ടിൽ എവളവു റൂം ഇറുക്ക് " എന്ന ചോദ്യത്തിന് രണ്ടെന്ന മറുപടിയും തന്നു പിച്ചാമണി. സൗകര്യം ഒന്നുമുണ്ടാവില്ല എന്ന് പറഞ്ഞെങ്കിലും ഞങ്ങൾ വിട്ടില്ല.. ഞങ്ങൾക്ക് ഓരോ കമ്പിളിയും മഴ നനയാതൊരു സ്ഥലവും മാത്രമേ ആവശ്യമുണ്ടായിരുന്നുള്ളൂ..

അത്താഴത്തിനു മുന്നേയുള്ള 'സരക്കി'നു ഞങ്ങളെ ക്ഷണിച്ചെങ്കിലും സരക്കിന്റെ നിലവാരം നന്നായി അറിയാവുന്നതുകൊണ്ട്‌ ആ ഓഫർ നിരസിച്ചു. വീടിരിക്കുന്ന മലയുടെ അപ്പുറം വശത്താണ് സരക്ക് കിട്ടുന്നത്. എങ്കിലും മണിചേട്ടനോടൊപ്പം രാത്രിയിൽ അത്ര ദൂരം പോയി വരണമെന്ന് തോന്നി... ഏകദേശം മൂന്നു കിലോമീറ്റർ ദൂരം തോട്ടത്തിലൂടെ പോകണം. മണിചേട്ടനും ഞങ്ങളും പിന്നെ ബ്രൂസ്ലീ എന്ന രാജപാളയനും..   ഇല അനങ്ങുന്ന ഭാഗങ്ങളിൽ ടോർച്ചടിച്ചു സൂക്ഷിച്ചു തന്നെയാണ് യാത്ര.  മൂന്നാറിലെ അത്യാവശ്യം കാടുകൾ മണിചേട്ടന് ഹ്ര്യദ്യസ്തമാണെന്ന് വഴിനീളെയുള്ള സംസാരങ്ങളിൽ നിന്ന് വ്യക്തം. ഏതാനും കാട്ടുപന്നികളുടെ കണ്ണുകൾ കണ്ടതല്ലാതെ ഒന്നും തടഞ്ഞില്ല.. സംസാരം ആനകളിലേക്കും അവയുടെ സഞ്ചാരപഥത്തിലേക്കും മാറി. ഒറ്റയാനെ പറ്റിയുള്ള ചേട്ടന്റെ സംസാരങ്ങളിൽ ഭയം കലർന്ന അത്ഭുതം നിറഞ്ഞു നിന്നിരുന്നു..എങ്കിലും ഒറ്റയാൻ ഈ ഭാഗത്ത്‌ വരില്ലെന്ന് തന്നെ ഉറപ്പിച്ചു പറഞ്ഞു.

സരക്ക് അവിടുത്തുകാരുടെ ദേശീയപാനീയമാണെന്നു നേരത്തെ കേട്ടിട്ടുണ്ടായിരുന്നു.. ആ തണുപ്പത്ത് അതില്ലാതെ നടക്കില്ല എന്ന മണിചേട്ടന്റെ ആത്മഗതവും. അങ്ങോട്ട്‌ ടോർച്ചിൻറെ വെട്ടം ആവശ്യമില്ലാതെ പോയ മണിചേട്ടനല്ല സരക്കടിച്ചു തിരിച്ചുവന്ന  മണിചേട്ടൻ. ടോർച്ചു പലപ്പോഴും തലങ്ങും വിലങ്ങും ഓടിച്ചു നോക്കുകയും, കാതുകൾ വട്ടം കൂർപ്പിക്കുകയും, മണം പിടിയ്ക്കുകയും ചെയ്യുന്നുണ്ടായിരുന്നു.. ഇടയ്ക്കിടെ ഒറ്റ നിൽപ്പ് നില്ല്കും.. ബ്രൂസ്‌ലി അധികം ഓടാതെ ഞങ്ങളിൽ ചേർന്ന് നില്ക്കുന്നുണ്ട്..   ജന്മനാ പേടിത്തൊണ്ടന്മാരായ ഞങ്ങളിൽ ഭയം ഇരട്ടിച്ചു.. പത്തു മണിയോടെ വീട്ടിൽ തിരിച്ചേത്തിയപ്പോഴാണ് ശ്വാസം നേരെ വീണത്. അത്താഴവും കഴിച്ചു കിടന്നുറങ്ങി.

പുലർച്ചെ, അടുത്തുള്ള വീട്ടുകാരൊക്കെ കൂടി നില്ക്കുന്നത് കണ്ടാണ്‌ ഞങ്ങൾ എഴുന്നേറ്റത്‌. കാര്യമന്വേഷിചപ്പോഴാണ്, ഒറ്റയാൻ ബ്രൂസ്ലിയെ പോസ്റ്റർ പരുവത്തിലാക്കിയിരിക്കുന്നു..(പിചാമണി ചേട്ടന്റെ തന്നെ ഭാഷ).. ഒരു കോഴിക്കൂടും, കെട്ടിമേഞ്ഞ ഒരു കക്കൂസും ഇഷ്ടൻ തവിട്പൊടിയാക്കിയിട്ടുണ്ട്.. അപ്പോഴേക്കും നാട്ടുകാർ തീ കൂട്ടിയും പാട്ട കൊട്ടിയും അവനെ തിരിച്ചു കാട്ടിനുള്ളിലേക്ക് വിട്ടിരുന്നു..

പിച്ചാമണി ചേട്ടൻ കാര്യമായൊന്നും സംസാരിക്കുന്നില്ല.. ഒന്നും സംഭവിക്കാത്ത രീതിയിൽ പിന്നീട് ഞങ്ങളോട് പെരുമാറിയ ആ കണ്ണുകളിലെ വേദന നോക്കി നില്ക്കനായില്ല.. വിഷയം മാറ്റാനായി കാട് കാണാൻ കൂടെ കൊണ്ട് പോകുമോ എന്ന ചോദ്യത്തിന് പോകാം എന്ന് മറുപടിയും തന്നു..

കുറച്ചു ദൂരം നടന്നു തുടങ്ങിയപ്പോൾ മണിചേട്ടൻ കാടിനെ പറ്റി പറഞ്ഞു തുടങ്ങി. തലേ ദിവസം മണിചേട്ടന്റെ സ്വഭാവവ്യത്യാസം ഒറ്റയാനെ കണ്ടിട്ട് തന്നെയാണെന്ന തുറന്നു പറച്ചിൽ ഞങ്ങൾക്ക് ശരിക്കും ഒരു ഷോക്കായി.. ഞങ്ങൾ നടന്നു പോകുന്നതിനു ഏതാണ്ട് സമാന്തരമായി തന്നെ ഒരു വിളിപ്പാടകലെ അവനുണ്ടായിരുന്നു.. ഞങ്ങളോടത് അപ്പോൾ പറഞ്ഞാൽ തീർച്ചയായും വിരണ്ടു പോകും. അതുകൊണ്ടാണത് മറച്ചുവെച്ചത്. ഞങ്ങളുടെ മണം ഒറ്റയാന് കിട്ടാതിരിക്കാൻ കാറ്റിന്റെ ഗതിയ്ക്കെതിരെ നടന്നതും സഹജമായ വിവേകം കൊണ്ട് തന്നെ.. ഇത്തരം കണ്ടുമുട്ടലുകളുടെ ഒരായിരം കഥകൾ ചേട്ടൻ പറഞ്ഞു കൊണ്ടേയിരുന്നു...

പറഞ്ഞു പറഞ്ഞു അവസാനമത് ബ്രൂസ്ലിയിൽ എത്തിചേർന്നു. തീരെ കുഞ്ഞായിരുന്നപ്പോൾ വഴിയിലെ കടയുടെ പിന്നാമ്പുറത്തു നിന്നും കിട്ടിയതാണവനെ.. ജീവിതത്തിൽ ഒരു ബ്രൂസ്‌ലി സിനിമയും കാണാത്ത മണിചേട്ടന്റെ കൗതുകം മാത്രമാണ്ക ബ്രൂസ്‌ലി എന്ന പേരിനാധാരം. ആറേഴു വർഷമായി അവൻ വീട്ടിലെ അംഗമായിട്ട്.. അത് പറഞ്ഞതും ചേട്ടനിൽ ഒരു വിങ്ങൽ ഞങ്ങൾ ശ്രദ്ധിച്ചിരുന്നു.. തലേ ദിവസം വരെ ഞാങ്ങലോടോപ്പം ഓടിച്ചാടി നടന്നിരുന്ന ഒരാൾ പിറ്റേന്ന് മുതൽ ഇല്ലാതാകുന്നതിന്റെ വേദന..

ഇത്തരം ഒറ്റയാനകളെ വനം വകുപ്പ് വെടിവെച്ച് കൊല്ലാത്തതെന്താ എന്ന എന്റെ ചോദ്യത്തിന് മറുപടിയായി മണി ചേട്ടന്റെ പരിഹാസ ചിരി, ഇന്നും എന്റെ കണ്‍മുന്നിലുണ്ട്.. "അവങ്ക വായില്ലാ ജീവൻ. നമ്മ താൻ അവങ്ക വാസപടി ഇരിക്ക്റത്. അവങ്ക വേറെന്നാ സെയ്യ മുടിയും.." ശരിയാണ്.. അവരുടെ ആവാസവ്യവസ്ഥയിൽ നമ്മളാണ് കയ്യേറിയിരിക്കുന്നത്.. നാട്ടിൽ ഇറങ്ങുന്ന വന്യജീവികളെ വെടി വെയ്ക്കാൻ ഉത്തരവ് കൊടുക്കുന്ന ഗവണ്മെന്റുകളോടുള്ള പരിഹാസം പോലെ തോന്നി..  കാട് കയ്യേറുന്ന മനുഷ്യനും അവനു കിട്ടുന്ന തിരിച്ചടികളും അക്കമിട്ടു നിരത്തി മണിചേട്ടൻ.. തലേ ദിവസം കണ്ട ഒരു ദിവസകൂലിതൊഴിലാളിയിൽ നിന്ന് ഒരുപാട് മുന്നോട്ടു പോയിരിക്കുന്നു മണിചേട്ടനോടുള്ള ബഹുമാനം.

പിന്നീട് മൂന്നു നാല് തവണ പോയിട്ടുണ്ടെങ്കിലും പിച്ചാമണിചേട്ടനെ കാണാൻ തരപ്പെട്ടില്ല..കഴിഞ്ഞയാഴ്ച യദ്രശ്യാ പഴയ സുഹൃത്തിൽ നിന്നും പിച്ചാമണി ചേട്ടന്റെ മരണ വിവരം അറിഞ്ഞപ്പോൾ ആദ്യം ഓർമയിലെത്തിയത് മേല്പറഞ്ഞ വാചകങ്ങളാണ്.... കാട് അവർക്ക് നല്കിയ വിവേകം... കാടിനുള്ളിലെ ഓരോ  ചുവടുവെയ്പ്പിലും പ്രകൃതിയെ കൂടെകൂട്ടി നടക്കാനുള്ള തിരിച്ചറിവുകൾ പകർന്നു തന്നതിന് നന്ദി മണിചേട്ടാ.....

**************************************************************

Wednesday, May 07, 2014

ചില മിഥുന കാഴ്ചകൾ

പഴയൊരു കഥ ഓർമ്മ വന്നതാ...

കേരളത്തിന്റെ വക്കീൽ കോടതിയോട്  : കേരളത്തെ നശിപ്പിക്കാൻ ഈ മഹാപാപി കൂടോത്രം ചെയ്തു കുഴിച്ചിട്ടു. കുട്ടികൾ മണ്ണുവാരി കളിച്ചപ്പോ കുഴിച്ചിട്ട ചെമ്പുകുടം കിട്ടി..

സ്വാമി :  ശത്രുവിനെ നിഗ്രഹിക്കാനുള്ള ശക്തി നാമീ തേങ്ങയിലേക്ക് ആവാഹിച്ചിരിക്കുകയാണ്.. തൊട്ടു പ്രാർഥിച്ചോളൂ...   ഹേയ് .. തേങ്ങയിൽ  തൊട്ടു പ്രാർഥിച്ചോളൂ ..

വക്കീൽ : കേരളത്തെ കൂടോത്രം ചെയ്തു നശിപ്പിക്കാൻ ശ്രമിച്ച ആ നായിൻറെ മോൾടെ തലമണ്ട പിളർന്നു ചാവണേ...

സ്വാമി : ഛെ.. പൂജാകർമ്മവേളയിൽ അസഭ്യം പുലമ്പരുത് ..

വക്കീൽ : എന്നാൽ ആ മഹാന്റെ ശിരസ്സ്‌ പിളർന്നു അന്തരിക്കണേ..

ഉമ്മച്ചൻ : എന്താ ജയാമ്മേ ഒന്നും മിണ്ടാത്തത്..

വക്കീൽ : അവളിനി ഒന്നും മിണ്ടൂല.. അവളിനി ജീവിതത്തിൽ ആരോടും മിണ്ടൂല.. ഈ പൂജ സുനാമണി കഴിഞ്ഞു തേങ്ങ നിലത്തെറിഞ്ഞു ഉടയ്ക്കുമ്പോ ഇവള്ടെ തല പൊട്ടിത്തെറിക്കും.. തലയും തലച്ചോറും തൂത്തുവാരി കഴുകാൻ സോപ്പും വെള്ളവും ചൂലും കരുതി വെച്ചോ പെമ്പെറന്നോരെ ..

സ്വാമി : ദേവീ.. പാപകരാധവിഭോ..

വക്കീൽ : ആഹ് .. കൂടോത്രം ചെയ്തവൾ ഈ പരിപാടി കഴിയുമ്പോ വിവരം അറിയുമെന്നാണ് ചെർക്കോടൻ സ്വാമി പറയുന്നത്.. പറ സ്വാമീ... പറ.. പറ..

സ്വാമി : പക്ഷസ്വക്ഷ പരമനപരാക്രമഗുണാ വൈരക്ഷയക്ഷയ പ്രദ്യുക്തെ..

വക്കീൽ : കേട്ടോ.. ആക്രമിക്കാൻ വന്നവൻ ക്ഷയരോഗം വന്നു കുരച്ചു കുരച്ചു ചാവുമെന്ന്.. ഇപ്പൊ പറഞ്ഞോ എതവനാ ഇത് ചെയ്തതെന്ന്  ... സത്യം പറഞ്ഞു മുന്നോട്ടു വന്നാൽ മരണത്തീന്നു രക്ഷപെടാം..

ഉമ്മച്ചൻ to ജയാമ്മ: എടീ.. ചെർക്കോടൻ സ്വാമിയോട് വാശി വേണ്ട.. നീ അങ്ങോട്ട്‌ സമ്മതിച്ചേക്ക്.. വെറുതെ തമിഴ് നാടിനെ അനാഥരാക്കുന്നതെന്തിനാ ?

ജയാമ്മയുടെ മുഖത്ത് പുച്ഛഭാവം...

വക്കീൽ : നീ സമ്മതിക്കണ്ടെടീ ... സമ്മതിച്ചാൽ നിന്റെ തല പൊട്ടി തെറിക്കുന്നതു കാണാൻ എനിക്ക് പറ്റില ..

സ്വാമി: സൂര്യാധി ഗ്രഹങ്ങൾ നീചത്തിലും രാഹുകേതുക്കളാകുന്ന അനിഷ്ടഭാവനാഥന്മാരോടും കൂടി നിൽക്കുന്നതായിട്ടാണ് കാണുന്നത്..

വക്കീൽ : അതെ.. അവൾ അവിടെ തന്നെ നില്ക്കുകയാണ്.. എന്നെ നശിപ്പിക്കാൻ എന്നെ കൊളം തോണ്ടാൻ.. പക്ഷെ അത് നടക്കൂല.. അതിനു മുൻപേ പൂച്ച് പുറത്തായി..

സ്വാമിയുടെ മന്ത്രോച്ചാരണം കൂടുന്നു..

മേടമന്ത്ര ധ്വനികളുടെ ഊർജം ഈ തേങ്ങയിലേക്ക് ആവാഹിക്കപെട്ടു കഴിഞ്ഞു.. പരീക്ഷണം മതിയാക്കൂ.. ദുഷ്കർമി മറനീക്കി പുറത്തു വരൂ..  

വക്കീൽ : തേങ്ങ ഉടയ്ക്കൂ സ്വാമീ..

സ്വാമി: സത്യം തുറന്നു പറയൂ.. ആരാണിതിവിടെ കുഴിച്ചിട്ടത്..

വക്കീൽ : തേങ്ങ എറിഞ്ഞുടയ്ക്ക് സ്വാമീ.. അവൾടെ തല പൊട്ടിത്തെറിക്കട്ടെ...

സ്വാമി: അരുത്.... പാപിക്ക്‌ പശ്ചാത്തപിക്കാൻ ഒരു ചെറുപഴുത് കൂടി.. അന്തസായി തെറ്റ് തുറന്നു പറയൂ.. നാം വെറുതെ വിടാം..

വക്കീൽ : ആഗ്ഹാ.. വെറുതെ വിടാൻ പറ്റില്ല ... മന്ത്രവാദി ചതിക്കല്ലേ..

 സ്വാമി: ഈ തേങ്ങയും തലയും അണ്ടകടാഹങ്ങളും ഞെട്ടിച്ചു കൊണ്ട് പൊട്ടി ചിതറും മുൻപ് സത്യം തുറന്നു പറഞ്ഞോളൂ.. ഇനിയും ക്ഷമിക്കാനാവില്ല ..

വക്കീൽ : താൻ പൊട്ടിക്കുന്നെങ്കി  പൊട്ടിക്കെടോ ..

സ്വാമി: എങ്കിൽ അനുഭവിച്ചോ.. ഞാൻ ഇതാ പൊട്ടിക്കാൻ പോകുന്നു........ ഇപ്പൊ പൊട്ടിക്കും....... ദാ അടുത്ത നിമിഷം പൊട്ടാൻ പോകുന്നു ............ ഇപ്പൊ പൊട്ടും  ............ ഇപ്പൊ പൊട്ടും  .. അടുത്ത നിമിഷം പൊട്ടാൻ പോകുന്നു... ഇതാ പൊട്ടുന്നു..

വക്കീൽ : തനിക്കു പൊട്ടിക്കാൻ പറ്റില്ലെങ്കിൽ ഞാൻ പൊട്ടിക്കാമെടോ..

വക്കീൽ ബലമായി തേങ്ങ വാങ്ങി എറിഞ്ഞുടയ്ക്കുന്നു ...  ഒപ്പം കുറെ നിലവിളികളും ..


കോടതി വിധിയ്ക്കു ശേഷം..

ജയാമ്മ : എല്ലാരും ഒന്ന് നോക്കിയേ.. എനിക്കിപ്പോ തലയുണ്ടോന്നു..

വക്കീൽ സ്വാമിയോട് : ആരടെ തലയാടോ പൊട്ടിതെറിച്ചേ ? തന്റെ അപ്പൂപ്പന്റെയോ

സ്വാമി: താനെന്തിനാടോ എന്റെ കയ്യിൽ നിന്ന് തേങ്ങ മേടിച്ചു എറിഞ്ഞുടയ്ച്ചത് . ബ്ലഡി ഫൂൾ..

വക്കീൽ : തേങ്ങ ആരുടച്ചാലെന്തെടോ ?

സ്വാമി: എന്നാ പിന്നെ തനിക്കു കുറെ തേങ്ങ വാങ്ങിച്ചങ്ങ്  ഒടച്ചാൽ പോരായിരുന്നോ  ?  എന്നെ എന്തിനാടോ വിളിച്ചത് .. മരമാക്രീ..

ജയാമ്മ : നിർത്ത് നിർത്ത് .. നിങ്ങൾ തമ്മിൽ തലതല്ലി പോളിക്കണ്ട.. ഞാനൊരു സത്യം പറയട്ടെഡാ പട്ടീ.. ആ ചെമ്പുകുടം ആരാണിവിടെ കുഴിച്ചിട്ടത് എന്നറിയോ.. ഞാൻ പറയാം.. കേൾക്കണോ .. ഞാൻ തുറന്നു പറയാം  ..  ഞാനാ ഇതിവിടെ കുഴിച്ചിട്ടത്..

സ്വാമി :  ആാാ

ജയാമ്മ : പോടോ

*************************************************************************