Tuesday, June 12, 2012

ചെയ്യാത്ത കുറ്റത്തിന്..

ഇത് ശരിക്കും ഒരു സംഭവ കഥയാണ് . ഇതിലെ കഥാപാത്രങ്ങള്‍ ഇപ്പോളും ജീവിച്ചിരിക്കുന്നു,  ആയതിനാല്‍ കഥാപാത്രങ്ങള്‍ക്കുള്ള   സാമ്യം തികച്ചും മനപൂര്‍വമാണ്.  ശാരീരികമായി എന്നെക്കാളും  കരുത്തരായ അവരുമായി  ഒരു ഏറ്റുമുട്ടല്‍ ഒഴിവാക്കുക എന്ന ഒരേ ഒരു ആഗ്രഹം കാരണം  ഇതില്‍ അവരുടെ വട്ടപ്പേരുകള്‍ മാത്രം ചേര്‍ത്ത് കൊള്ളുന്നു.
 
*************************************************************************************************************************************************************************************************************

ഒരു വാരാന്ത്യത്തില്‍, കോളേജ് ഹോസ്റ്റലില്‍ ആശാനും തടിയനും പിന്നെ പന്നിപ്പൊളിയും  മാത്രം. ബാക്കി എല്ലാവരും സ്വന്തം വീടുകളില്‍ പോയിരുന്നു .  രാത്രി മാത്രം ഹോസ്റ്റല്‍ മുറിയില്‍ എത്താറുള്ള  പന്നിപ്പൊളി പതിവ് പോലെ  പകല്‍ സമയങ്ങളില്‍ എങ്ങോ അപ്രത്യക്ഷനായി.  പന്നിപ്പൊളി  എന്നത്  വേട്ടാവളിയന്‍ പോലൊരു ജീവി ആണെന്ന് തെറ്റിദ്ധരിച്ചവര്‍ മനസിലാക്കുക,  ഇതൊരു വട്ടപ്പേരാണ്.

തടിയനു പനിയുടെ ലക്ഷണം വെള്ളിയാഴ്ച രാവിലെ മുതല്‍ തന്നെ തുടങ്ങിയിരുന്നു. ശനിയാഴ്ച രാവിലെ ആയപ്പോ കലശലായ വിറയലും പനിയും.. പാരസെറ്റമോളിന് ആ 110 കിലോ ശരീരത്തില്‍ കാര്യമായ  പ്രതികരണം  ഉണ്ടാക്കാന്‍ കഴിയുമെന്ന് കരുതുന്നത്  തന്നെ  തെറ്റാണ്.  മാത്രമല്ല  ഇത്  സാധാരണ പനിയാണെന്ന്  തോന്നുന്നില്ല.

ആശാന്‍ മനസിലോര്‍ത്തു.. തടിയന്റെ ബോധം പോയാല്‍, ക്രെയിനിന്  താന്‍  തന്നെ പണം മുടക്കേണ്ടി വരും.  കടം വാങ്ങാന്‍ പോലും ഹോസ്റ്റലില്‍ ആരുമില്ല.  ഇപ്പൊ അവനു നടക്കാന്‍ ആവതുണ്ട് .  ആശാന്‍ പിന്നൊന്നും ആലോചിച്ചില്ല.  ഒരു ഓട്ടോ വിളിച്ചു വന്നു.. പെട്ടി ഓട്ടോ  വിളിക്കാനാണ്  പോയതെങ്കിലും കിട്ടിയില്ല.  പാസ്സെന്‍ജര്‍ ഓട്ടോയുടെ പരിമിതികളില്‍ ആശാനും സംശയമുണ്ടായിരുന്നു. ഏതായാലും വരുന്നിടത്ത് വെച്ച് കാണാം.

റൂമില്‍ നിന്ന് തടിയനേം താങ്ങി, ആശാന്‍ ഓട്ടോയുടെ അടുത്തെത്തി. 
" ഡബിള്‍ ചാര്‍ജു തരണം. പാസ്സെന്‍ജര്‍ ഓട്ടോയില്‍ ചരക്കു കയറ്റാന്‍  പാടില്ല.  പോലീസു  പിടിച്ചാല്‍ പെറ്റി  അടിക്കും" . തടിയന്റെ തടിയില്‍ മാത്രം മൈന്‍ഡ് ചെയ്തു ഓട്ടോക്കാരന്‍.

ഓട്ടോക്കാരന്‍ പറഞ്ഞതില്‍ ന്യായം ഉണ്ടെന്നു തോന്നിയതിനാലാകണം ആശാന്‍ മറിച്ചൊന്നും പറയാതെ സമ്മതിച്ചു.  ഏതായാലും പോലീസു  പിടിക്കാതെ തന്നെ ആശുപത്രിയില്‍ എത്തി.

ഓട്ടോയില്‍ നിന്നിറങ്ങി തടിയന്‍ ആശാനെ നോക്കി. ഒരു അബദ്ധം എന്നോണം പറഞ്ഞു. ' ഞാന്‍ പേഴ്സ് എടുത്തില്ല'.

അത് പ്രതീക്ഷിട്ടെന്നോണം ആശാന്‍ പറഞ്ഞു.. 'സാരമില്ലെടാ, പൈസ   ഞാന്‍  കൊടുത്തോളാം'.

തടിയന്റെ  കണ്ണ് നിറഞ്ഞു. ആശാനെ കെട്ടിപിടിച്ചൊരു ഉമ്മ കൊടുത്താലോ. ഓട്ടോക്കാരന്‍ എന്ത് വിചാരിക്കും.  പിന്നെ മനസിലോര്‍ത്തു.. ഇതാണ് ആത്മാര്‍ത്ഥ  സുഹൃത്ത്ബന്ധം. എത്രയോ പേര്‍ സുഹൃത്തുക്കള്‍ എന്ന് പറഞ്ഞു കൂടെ നടക്കുന്നു. പക്ഷെ ഇപ്പോള്‍ ഇങ്ങനെ ഒരവസ്ഥയില്‍.. അത്യാവശ്യഘട്ടത്തില്‍ പണം പോലും  വകവയ്കാതെ  തന്നെ സ്നേഹിച്ചു  കൊല്ലുന്നു.  ഇതിനു  ഞാന്‍ എന്ത്  പ്രത്യുപകാരം  ചെയ്താലും  മതിയാകില്ല.

ആശാന്‍ പേഴ്സ് തുറന്നു നൂറു രൂപ  നോട്ട് എടുത്തു ഓട്ടോക്കാരനു  നേരെ വീശി.

പാതിരാത്രി ഏതോ അജ്ഞാത ജീവിയെ കണ്ട പോലെ തടിയന്‍ ഞെട്ടിത്തരിച്ചു നിന്നു.  ആശാന്റെ കയ്യില്‍ നൂറു രൂപയോ ? തടിയന്‍ വാപൊളിച്ചു . പനി  കാരണം നിലവിളിക്കാനുള്ള  ത്രാണി  ഇല്ലാത്തതു കൊണ്ട് അതിനു പറ്റിയില്ല.  ഒന്നൊന്നര വര്‍ഷം  കൂടെ  താമസിച്ചിട്ടും  ആശാന്റെ കയ്യില്‍ ഒരു പത്തിന്റെ നോട്ടിനപ്പുറം താന്‍ കണ്ടിട്ടില്ല. വേറെയാരും കണ്ടതായി  റിപ്പോര്‍ട്ടുകളും ഇല്ല. 

വിശ്വാസം വരാതെ അടുത്ത് പോയി നോക്കിയ തടിയന്‍ ശരിക്കും ഞെട്ടി. ആശാന്റെ കയ്യിലിരിക്കുന്ന പേഴ്സില്‍ തന്റെ പപ്പയുടേയും മമ്മിയുടെയും ഫോട്ടോ !

ആശാനാരാ മോന്‍?

ഓ പി ടിക്കറ്റ്‌ എടുത്തു ഡോക്ടറിനെ കണ്ടു. കുറെ ഗുളികള്‍ക്കുള്ള കുറിപ്പടിയും ഒരു കുത്തിവയ്പ്പിനും  അദ്ദേഹം ഉത്തരവിട്ടു. പണം അടയ്ക്കേണ്ട സ്ഥലത്തു  ആശാന്‍ 'തന്റെ'  പേഴ്സ് ഒരു അധികാരം എന്നോണം എടുത്തു പണം കൊടുക്കുന്നതും നിര്‍വികാരനായി നോക്കി നില്ക്കാനെ തടിയനു കഴിഞ്ഞുള്ളു .

അതിനു ശേഷം കുത്തിവയ്ക്കാന്‍ അടുത്ത റൂമിലേക്ക്‌ പോയി.  അവിടെ സുന്ദരിയായ ഒരു നേഴ്സ്. അവളെ കണ്ടതും ഏതൊരു മലയാളിയെയും പോലെ  രണ്ടു പേരിലും  നല്ല മുട്ടനൊരു പൂവന്‍ കോഴി കൂകി.  അവിടെ മൂന്ന് നാല് സീനിയര്‍ നേഴ്സുമാര്‍ നില്‍ക്കുന്നുണ്ടെങ്കിലും അവരെയൊന്നും വക വയ്ക്കാതെ  ആശാന്‍ നേരെ  ആ സുന്ദരി ജൂനിയര്‍ നേഴ്സിനടുത്തേക്ക് .. വാല് പോലെ തടിയനും.

"അതാ.. ആ ബെഡില്‍ കിടന്നോളൂ". സുന്ദരി മൊഴിഞ്ഞു. മനസില്ലാമനസ്സോടെ തടിയന്‍ പോയി കിടന്നു..

ആശാനാകട്ടെ നേഴ്സിനെ സഹായിക്കാനെന്നവണ്ണം അവളുടെ കൂടെ നടന്നു. അവള്‍ ആവശ്യപ്പെടാതെ തന്നെ. അവസാനം ഗതികെട്ട് അവള്‍ പറഞ്ഞു.
"ചേട്ടാ കുത്തിവയ്ക്കുമ്പോള്‍ ആരെങ്കിലും അടുത്ത് വേണം. ചേട്ടന്‍ അവിടെ നിന്നാല്‍ മതി."
ഒരു ഗെറ്റ് ഔട്ടിന്റെ സകല ലക്ഷണങ്ങളും ആ വാക്യത്തില്‍ ഉണ്ടായിരുന്നെങ്കിലും  ആശാന്‍ അവള്‍ പറഞ്ഞത്  അക്ഷരം പ്രതി അനുസരിച്ചു . കേള്‍കാതിരിക്കാന്‍  കഴിയുമായിരുന്നില്ല.
അത്രയ്ക്ക് സുന്ദരി ആയിരുന്നവള്‍.

പത്തു മിനിട്ട് കഴിഞ്ഞപ്പോള്‍ രണ്ട് പേരുടെയും സകലസ്വപ്നങ്ങളെയും തല്ലിക്കെടുത്തികൊണ്ട് ഒരു മൂത്ത നേഴ്സ് കടന്നു വന്നു.. ശരിക്കും ഒരു ഹെഡ് നേഴ്സ്. വന്നപാടെ സൂചിയും തയ്യാറാക്കി പഞ്ഞിയുമെടുത്തു നിന്ന നേഴ്സിനോടു  തടിയന്‍ അറിയാതെ പറഞ്ഞു പോയി
"നിങ്ങളാണ് എടുക്കുന്നതെങ്കില്‍ കയ്യില്‍ എടുത്താല്‍ മതി."

"പറ്റില്ല.. ചട്ടത്തില്‍ തന്നെ എടുക്കണം."

"ഞാന്‍ ജീവനോടുണ്ടെങ്കില്‍ അതിനു സമ്മതിക്കില്ല"

എന്ത് പറഞ്ഞിട്ടും തടിയന്‍ സമ്മതിക്കുന്നില്ല.

നേഴ്സ് ആശാനോട് പറഞ്ഞു. "ഇത് പനിക്കുള്ള ആന്റിബയോട്ടിക്കാ.. ഇത് കയ്യില്‍ എടുക്കാന്‍ പറ്റില്ല."

 ആശാന്‍ തടിയനെ കാര്യം പറഞ്ഞു മനസിലാക്കിച്ചു, കുറച്ചു ബലം പ്രയോഗിച്ചു തടിയനെ കമഴ്ത്തി കിടത്തി മുണ്ട് ചെറുതായി താഴ്ത്തി.

കാണാന്‍ പാടില്ലാത്തത് എന്തോ കണ്ടത് പോലെ നേഴ്സ് ഞെട്ടിത്തരിച്ചു നിന്നു. ആദ്യം ഒന്ന് അമ്പരന്നൊ ? പിന്നെ ചിരിച്ചോ? അതോ തോന്നിയതാണോ? ഏതായാലും കുത്തിവയ്പ്പ് കൃത്യം നിര്‍വഹിച്ചു ചിരിച്ചു കൊണ്ട് തന്നെ  നേഴ്സ് അകത്തേക്ക് പോയി.

തിരിച്ചു റൂമിലെത്തി, തടിയന്‍ മറക്കാതെ തന്റെ പേഴ്സ് വാങ്ങി ഭദ്രമായി വെച്ച്, പിന്നീടു കിടന്നുറങ്ങി.. രാത്രി ആയപ്പോള്‍ പന്നിപ്പൊളി എത്തി.. അവനും  ഒരു  പനിക്കോള്. അവനു വേണ്ടി രണ്ടു പാരസെറ്റമോള്‍ ജീവത്യാഗം ചെയ്തു. രാവിലെ പൊള്ളുന്ന പനി. തലേന്ന് കിട്ടിയ വിവരങ്ങളും  ലക്ഷണങ്ങളും  വെച്ച് ഇത് വൈറല്‍പനിയാണെന്ന്  ആശാനുറപ്പിച്ചു.

ആശാന്‍ ഒരു ഓട്ടോ വിളിച്ചു വന്നു. തലേ ദിവസത്തെ ഓര്‍മ്മ ഉള്ളതിനാലാവണം തടിയന്‍, പന്നിപ്പൊളിയുടെ  പേഴ്സ് അവന്റെ പാന്റ്സില്‍ തിരുകിവച്ചു  കൊടുത്തു..
ആശാനും പന്നിപ്പൊളിയും  നേരെ ആശുപത്രിക്ക്..

ഇന്നലെ കൊണ്ട് തന്നെ എല്ലാ നേഴ്സുമരെയും അറ്റണ്ടര്‍മാരെയും  ആശാന്‍ പരിചയപ്പെട്ടിരുന്നു. അത് കൊണ്ട് അധികം കാത്തു നില്‍ക്കാതെ  തന്നെ  ഡോക്ടറിനെയും കാണാന്‍ പറ്റി. അത് കഴിഞ്ഞു  കുത്തിവയ്ക്കുന്ന മുറിയിലെത്തി.  ഇന്നലെ കണ്ട അതേ ഹെഡ് നേഴ്സ്. കണ്ട പാടെ  അവര്‍ ഒന്ന് ചിരിച്ചു. പിന്നെ തലേന്ന് നടന്ന സംഭവത്തിന്റെ തനിയാവര്‍ത്തനം. ചടങ്ങ് ഇന്നലത്തെക്കാള്‍ ഭംഗിയായി നടന്നു.  ഇത്തവണ നേഴ്സിന്റെ  മുഖത്ത് വല്ലാത്ത കടുപ്പം. ഇന്നലത്തെ ചിരി മാഞ്ഞിരിക്കുന്നു.

പോകാന്‍ നേരം നേഴ്സ് ആശാനെ  നേഴ്സുമാരുടെ ഡ്യൂട്ടി റൂമിലേക്ക് വിളിപ്പിച്ചു.  എല്ലാ മൂത്ത നേഴ്സുമാരും ഉണ്ട്,  കൂട്ടത്തില്‍ തന്റെ സ്വന്തം  സുന്ദരി നേഴ്സും.

എന്തോ പന്തികേടുണ്ട്?  എന്റെ ഈശോ മറിയം ഔസേപ്പേ .. പന്നിപ്പൊളിക്ക്  എന്തെങ്കിലും മാറാരോഗം ?  എന്ത് തന്നെ ആയാലും സഹിക്കാനുള്ള ശക്തി തരണേ കര്‍ത്താവേ. അവനു കാര്യമായ എന്തോ  അസുഖമാണ്. ഇല്ലെങ്കില്‍ ഇത്രേം നേഴ്സുമാര്‍ എന്തിനിങ്ങനെ ശോകമൂകരായി നില്‍ക്കണം ?

"എന്താ തന്റെ ഉദ്ദേശം  ? " ഹെഡ് നേഴ്സ് ചോദിച്ചു.

"മനസിലായില്ല.." - ആശാന്‍

"ഇത് പോലത്തെ തോന്ന്യാസം കാണിച്ചാല്‍ എങ്ങിനെ കൈകാര്യം ചെയ്യണം എന്ന് ഞങ്ങള്‍ക്ക് അറിയാം.."

"എന്റെ  പൊന്നു ചേച്ചി എനിക്കൊന്നും മനസിലായില്ല.."

"എനിക്ക് അറിയാമേലാഞ്ഞിട്ടു ചോദിക്കുവാ.. തനിക്കിത്  തന്നെയാണോ പണി?"

"എന്ത് പണി ? "

"ഒരു കാര്യം പറഞ്ഞേക്കാം.. ഇനി താന്‍ കൊണ്ട് വരുന്നവന്മാരെ  ഒരു ജെട്ടി  ഇടീച്ചോണ്ട്  കൊണ്ട് വന്നില്ലെങ്കില്‍ തന്നെ പിടിച്ചു പോലീസില്‍ ഏല്‍പ്പിക്കും.  ഈ ഞരമ്പു രോഗം ഞങ്ങള്‍ മാറ്റി തരാം."

ആശാന്‍ ശരിക്കും ഞെട്ടി. അല്ല മാനം കെട്ടു. ഒരുപകാരം, അല്ല രണ്ടുപകാരം ചെയ്ത എനിയ്ക്കിതു തന്നെ വരണം.  അവന്മാര്‍ ചെയ്ത കുറ്റത്തിന്.. അല്ല ചെയ്യാത്ത കുറ്റത്തിന് പഴി എനിക്ക്.

ഒരു വിധം ക്ഷമാപണം നടത്തി പന്നിപ്പൊളിയെയും കൊണ്ട് തിരിച്ചു വരുമ്പോള്‍ ആശാന്റെ മുഖം നന്നായി വിളറിയിരുന്നു .

കര്‍ത്താവേ !  ആ സുന്ദരിയായ നേഴ്സ് തന്നെ പറ്റി എന്ത് വിചാരിച്ചു കാണുമോ ആവോ ?
***

Tuesday, May 08, 2012

അവനവൻ ‍കുഴിക്കുന്ന കുഴികളില്‍...



സുഖിയന്‍ ഡോറില്‍ മുട്ടി..


"അകത്തേക്ക് വന്നോളൂ".. അശരീരി....
അകത്തൊന്നു കൂടി ശീതീകരിച്ച മുറി. എന്തൊരു തണുപ്പ്.. ഇയാള്‍  എസ്കിമോ ആണോ ആവോ  തണുപ്പ് എങ്ങിനെ സഹിക്കുന്നു..


" ഇരിക്കാം"..

ഇരുന്നു.. വല്ലാതെ തണുക്കുന്നു..

"എന്നെ ഓര്‍മ്മയുണ്ടോ" ?

ഉണ്ടോ? എവിടെയോ കണ്ടു മറന്ന മുഖം.. ഇല്ല ഓര്‍ക്കാൻ കഴിയുന്നില്ല.
ആരാണാവോ?

"ഞാൻ  ഹാംബര്‍‍ഗര്‍‍.  എല്ലാവരും കൊച്ചുമുതലാളി എന്ന് വിളിക്കും".

പഴയ സിനിമ - സീരിയല്‍ നടനാണോ. അല്ല പേര് എവിടെയോ കേട്ടിട്ടുണ്ട്.
ഹാം: ഞാൻ താങ്കളുടെ കമ്പനിയില്‍ നിന്നൊരു സര്‍വീസ് എടുത്തിരുന്നു..

സു : 
അതെയോ.. അല്ലെങ്കിലും ഞങ്ങളുടെ കമ്പനീയില്‍ ഭയങ്കര സര്‍വീസ് ആണ്..

ഹാം:
സര്‍വീസ് ചെയ്തത് താനാണ്.
സു : ഉവ്വോ.. ഒരുപാട് മുഖങ്ങള്‍ ഇങ്ങനെ കയറി ഇറങ്ങി പോകുന്നതല്ലേ സര്‍‍‍..

ഹാം:
സര്‍‍‍വീസ് മോശം ആയതിനു  തന്നെ വിളിച്ചു പത്തു  പറഞ്ഞത്  ഓര്‍‍‍മ്മയുണ്ടോ?

സുഖിയന്റെ  മുഖം വിളറി.. സംഗതി സത്യം ആണെങ്കിലും ഇങ്ങനെ വിളിച്ചു പറയാമോ ? ഇതിനൊക്കെ  സമയവും  സന്ദര്‍ഭവുമില്ലേ ? മാത്രമല്ല  ഇതൊരു  ഒരു  സ്ഥിരം  സംഭവമായത് കൊണ്ട് മുഖം ഓര്‍ത്തു വയ്ക്കാനും  പറ്റില്ല..

തുടര്‍ന്ന് ആ സര്‍വീസിന്റെ പോരായ്മകളും അദ്ദേഹത്തിന്  ഉണ്ടായ  ബുദ്ധിമുട്ടുകളും  ഇടതടവില്ലാതെ,  ആക്രോശമാണോ  അതോ  പൊട്ടിത്തെറി  ആണോ  എന്ന്  വേര്‍തിരിച്ചു  പറയാന്‍  പറ്റാത്ത  വിധം  പുലമ്പി  കൊണ്ടിരുന്നു..

സുഖിയന്‍ ഒന്നും കേള്‍ക്കുന്നുണ്ടായിരുന്നില്ല. ഇന്റര്‍വ്യൂനു ചെല്ലുമ്പോള്‍ തന്നെ അദ്ദേഹത്തിനെ കൈയില്‍ എടുക്കാൻ പാകത്തിന്  ചില നമ്പര്‍ ഒക്കെ റെഡി ആക്കി വച്ചിരുന്നു.. എല്ലാം  പോയി..  തകര്‍‍ന്നു.. തുടക്കത്തില്‍  തന്നെ  കല്ല്‌  കടിച്ചു.. അതും  ഒരു  മുട്ടന്‍ കല്ല്‌...


ജോലി കിട്ടുമോ ഐ മീന്‍ പണി കിട്ടുമോ ?


അയാള്‍... ക്ഷമിക്കണം "അദ്ദേഹം"... അതും  മുതലാളി  ആകാൻ ‍ ചെറിയ സാധ്യത പോലുമുള്ള  ഒരു വ്യക്തിയെ ബഹുമാന പൂര്‍വ്വം അങ്ങിനെ അഭിസംബോധന ചെയ്യണം‍..
അദ്ദേഹത്തിന്റെ ആദ്യ ചോദ്യം വിചാരിച്ച പോലെ തന്നെ .

ചായ അടിക്കാനുള്ള  പ്രവര്‍ത്തി പരിചയത്തെക്കുറിച്ച്  നാല്  വാക്ക് .

ചെയ്തതും  ചെയ്യാത്തതുമായ  കാര്യങ്ങള്‍  പ്രാസം  ഒപ്പിച്ചു  എടുത്തു  താങ്ങി. ചായ  എത്ര  പൊക്കിയടിച്ചു,  എത്ര പതപ്പിച്ചു,  ലൈറ്റ്,  മീഡിയം, സ്ട്രോങ്ങ്‌  ചായകളുടെ  അളവുകള്‍ ,  പോരാത്തതിനു  'കടികളുടെ'  രാസനാമം, അവ  തയ്യാറാക്കുന്ന  വിധം,  എത്ര  ആളുകള്‍   വാങ്ങി  കുടിച്ചു,  കടിച്ചു, കട്ടനും  കാപ്പിയും  തമ്മിലുള്ള  വ്യത്യാസം...  ഇവയെല്ലാം  നാലാം  ക്ലാസ്സില്‍  മനപ്പാഠം  പഠിച്ചു  ചൊല്ലുന്ന  ഒരു  കുട്ടിയുടെ ആവേശത്തോടെ  പറഞ്ഞു തീര്‍‍ത്തു.. 

ഹാം: അപ്പൊ  ആറ്  വര്‍ഷത്തെ പ്രവര്‍ത്തി പരിചയം. അല്ലെ?

അതല്ലേടോ ഇത്രേം  നേരം ഞാൻ ഘാണ്ടം ഘാണ്ടമായി പറഞ്ഞത്.  അങ്ങിനെ ചോദിക്കണം  എന്നുണ്ടായിരുന്നു‍.. 
പക്ഷെ, അതെ... എന്നൊരു  ദയനീയ  സ്വരം  മാത്രമേ  പുറത്തു  വന്നുള്ളൂ...

അദ്ദേഹം  വീണ്ടും ബയോടാറ്റയിലേക്ക് മൂക്ക് കുത്തി..

ഹാം: ആറ്   വര്‍‍ഷത്തിനുള്ളില്‍‍ നാല്  കടകള്‍‍... അപ്പൊ താനൊരു ജോബ്ഹോപ്പര്‍ ആണല്ലോ? 
ഗ്രാസ്ഹോപ്പര്‍  എന്നത് പുല്‍ച്ചാടി ആണെന്ന് അറിയാം. അഞ്ചാം ക്ലാസ്സില്‍വിക്ടോറിയ സിസ്റ്റര്‍ന്നെകൊണ്ട് ഇമ്പോസിഷൻ  എഴുതിച്ചതാ. മറക്കില്ല..
അപ്പൊ  ഹോപ്പര്‍ എന്ന് വെച്ചാല്‍ ചാട്ടക്കാരൻ‍..  അതായതു ജോബ്ഹോപ്പര്‍ അഥവാ  ജോലി ചാട്ടക്കാരൻ‍..‍.. 
മനസിലായി.. തന്നെ കുത്തിയതാണ്.
അതിനുള്ള മറുപടി ഇങ്ങനെ..
ആദ്യം ജോലി ചെയ്തിരുന്ന ‍ ഹോട്ടലില്‍ സാമ്പത്തിക പ്രതിസന്ധി.. അപ്പൊ തന്നെ ഈ പുല്‍ച്ചാടി അടുത്ത് തന്നെയുള്ള  മറ്റൊരു   തട്ടുകടയിലേക്ക്  കൂട് മാറ്റി. പിന്നെ ഒരു എട്ട് മാസം ചായ  അടിച്ചത്  അവിടെ. ഇതിനിടെ   ദുഫായ്ക്ക്  ഒരു  ഉരു  പോകുന്നതു  അറിഞ്ഞു അതില്‍  കേറി  സ്ഥലം  വിട്ടു. പത്തിരുപത്  ദിവസം  അലഞ്ഞു  തിരിഞ്ഞു ജോലി സമ്പാദിച്ചു. രണ്ടു  ദിവസം  ജോലിക്കും പോയി ദുഫായില്‍ വന്നാലുടനെ  പോറോട്ടയും  ചിക്കനും ഉണ്ടാക്കാമെന്നും , ‍ഒരു  വര്‍‍ഷത്തിനുള്ളില്‍  അമേരിക്കൻ  ചോപ്സിയും  പിസ്സയും  ഒക്കെ  ഉണ്ടാക്കാമെന്നും   തുടര്‍‍ന്ന് ഒരു   ഹോട്ടലും വിലയ്ക്ക് വാങ്ങാമെന്നു  കരുതിയതാണ്.  തെറ്റി.. അവിടെ  ചായ  അടിക്കണമെങ്കില്‍ ആദ്യം  വെള്ളം  കോരലും, പിന്നെ  തൂത്തു  വാരണമെന്നും  പറഞ്ഞതോടെ  സുഖിയന്റെ   ആത്മാഭിമാനത്തിന്  ക്ഷതമേറ്റു.  ഇത് ചെയ്യാൻ ദുഫായില്‍ വരണോ ? നാട്ടില്‍  പറയത്തക്ക  ബാധ്യത  ഒന്നുമില്ല. പിന്നെ തിന്നത്  എല്ലിന്റെ  ഇടയില്‍ കേറി  പുറപ്പെട്ടു  പോന്നതാണ്.   പിന്നൊന്നും  ആലോചിച്ചില്ല..   അടുത്ത  വണ്ടിക്ക്  തിരിച്ചു  നാട്  പിടിച്ചു. ഉടൻ  തന്നെ  മറ്റൊരു  തട്ടുകടയില്‍  ഉദ്യോഗം.   ആറ് മാസത്തോളം   അവരെ  ബുദ്ധിമുട്ടിക്കുന്നതിനിടയിലാണ്   ദുരിതാശ്വാസത്തില്‍  സാമാന്യം  ഭേദപെട്ട  തുക  വാഗ്ദാനം  ചെയ്തു  ഒരു ത്രീ സ്റ്റാര്‍ ഹോട്ടല്‍ ചാക്കിട്ടു പിടിക്കുന്നത്.  അവിടെ  വീണ്ടും രണ്ടില്‍  കൂടുതല്‍  കൊല്ലം..  ഇതൊക്കെ ജീവിതം എന്നെകൊണ്ട് കെട്ടിച്ച വേഷമല്ലേ..  ഇതിലെവിടെയാ സാറേ കോപ്പിംഗ് ?

ആറ് വര്‍ഷത്തിനുള്ളില്‍ നാല് കടകള്‍ എന്നത് മഹാപരാധം ആണത്രേ. പോരാത്തതിനു രണ്ടെണ്ണം തട്ടുകടകള്‍.  എന്നെ കുത്തിമലര്‍ത്താന്‍ കിട്ടിയ അവസരം  അദ്ദേഹം  നന്നായി  വിനിയോഗിച്ചു.  വെടിവെച്ചിട്ട   പന്നിയെ  നോക്കുന്ന  പോലെ  അദ്ദേഹം  നോക്കി.
ഒരു ശ്വാസത്തിന്റെ ഇടവേളയ്ക്കു ശേഷം അടുത്ത ചോദ്യം..
ദുരിതാശ്വാസം എത്ര കിട്ടുന്നുണ്ട്‌ ?

സുഖിയന്‍ തന്റെ പരിതാപകരമായ  അവസ്ഥ  പറഞ്ഞു.

ഹാം: അതിന്റെ എഴുത്ത് കുത്തുകള്‍ ഉണ്ടോ?

സു: ഉണ്ടല്ലോ..  അതും കാണിച്ചു..

ഹാം: ആട്ടെ.. എത്ര ആണെങ്കില്‍ വരും  ?

സു: സാധാരണ  ഇപ്പോഴത്തെ  കൂലിയില്‍  നിന്നും  നാല്പതു  ശതമാനം  കൂടുതലാ   ചോദിക്കുന്നത്.  പിന്നെ   താങ്കള്‍  ആയതുകൊണ്ടും   ഈ  ഹോട്ടലില്‍ ജോലി   ചെയ്യണം   എന്നത്  എന്റെ  ചിരകാലാഭിലാഷം   ആയതുകൊണ്ടും മുപ്പതു ശതമാനം മതി..
അദ്ദേഹം ചിരിച്ചോചിലപ്പോ തോന്നിയതായിരിക്കും..

ഹാം: അതായത് രമണാ... അല്ല സുഖിയാ..  താങ്കളുടെ രണ്ടു  വര്‍‍‍ഷത്തോളം പ്രവര്‍‍‍ത്തി പരിചയം തട്ടുകടയിലായിരുന്നുപിന്നെയാണ്  താങ്കള്‍  ഹോട്ടലുകളില്‍ പണി  ചെയ്തു  തുടങ്ങുന്നത്. അപ്പോള്‍  ഞങ്ങളുടെ  ആവശ്യകതയുമായി  ഇത്  യോജിച്ചു  പോകുന്നില്ലലോ..


സു: അപ്പൊ നാല് വര്‍ഷത്തെ പ്രവര്‍‍‍ത്തി പരിചയം മതി എന്ന് നിങ്ങളുടെ  എച്ച് ആര്‍ കൊച്ചു പറഞ്ഞതോ മാത്രമല്ല  ഇക്കാര്യം ഞാൻ ഫോണിലൂടെ   ആവര്‍‍‍‍ത്തിച്ചു  ചോദിച്ചതല്ലേ.  എന്നെ  പിന്നെന്തിനാ  മിനക്കെടുത്തിയത്  ?


ഉടന്‍ തന്നെ അദ്ദേഹം എച്ച് ആര്‍ കൊച്ചിനെ ഫോണില്‍ ബന്ധപെട്ടു.. മേല്പറഞ്ഞ അവകാശവാദം ബോധ്യപെട്ടതിനാലാകണം  അദ്ദേഹത്തിന്റെ  മുഖം  വീണ്ടും  ബയോടാറ്റയിലേക്ക്.. പിന്നീടുള്ള   അദ്ദേഹത്തിന്റെ  ശബ്ദത്തിനു  ഒരു  മയം. 
അത് ശരി... അപ്പൊ  താങ്കള്‍ക്ക്   വിപണനതന്ത്രങ്ങളും  അറിയാം  അല്ലെ? അത് കൊണ്ടാണ് വിളിപ്പിച്ചതു.. അപ്പോള്‍   നിങ്ങള്‍  ഭയങ്കര സംഭവമാണ്.   ഇത്  പോലെ  എല്ലാം തികഞ്ഞ  ഒരാളെ  ഞങ്ങള്‍‍ക്ക്   ഇത്  വരെ  കിട്ടീടില്ല..

താൻ  ഭയങ്കര സംഭവമാണത്രേ .. തമാശയാണെങ്കിലും  സുഖിയനു   അതങ്ങ്  സുഖിച്ചു.  കസേരയില്‍  ഒന്ന് കൂടി  നിവര്‍‍ന്നിരുന്നു..  അപ്പൊ കുറച്ചു മുന്‍പ്  തന്നെ   പറ്റി പറഞ്ഞത്,  ഇനി അദ്ദേഹത്തിന്  വല്ല  മറവി  രോഗം  ബാധിച്ചതാണോ ? അതോ എല്ലാ ഇന്റര്‍വ്യൂനും ഇങ്ങനാണോ ? ആവോ ?

ഇത്രേം  വല്യ  'സംഭവത്തിനെ'  എവിടെ  ഫിറ്റു  ചെയ്യും  എന്നാണ് ‍ അദ്ദേഹത്തിന്റെ അടുത്ത ആലോചന.

മനസിലായില്ല.. ഫിറ്റു ചെയ്യാൻ താൻ വല്ല പൈപ്പോ മറ്റോ  ആണോ..

ഹാം:  ഞങ്ങള്‍ ഉദ്ദേശിക്കുന്ന പോലുള്ള ഒരാളാണ് താങ്കള്‍.. പക്ഷെ...
സുഖിയന്റെ സ്വരം  താഴ്ന്നു.. സര്‍ എവിടെയാ പ്രശ്നം..  തുറന്നു പറഞ്ഞോളൂ..

ഹാം: ഇപ്പൊ താങ്കള്‍ വാങ്ങുന്ന റേഷൻ‍.. അതിത്തിരി കൂടതലാ...

സു: ഉവ്വ മനസിലായി. അത്  തന്നെയാകും  താങ്കളുടെ  വിഷയം  എന്ന്  എനിക്ക് തോന്നിയിരുന്നു..

ഹാം: അതില്‍ ഒരു നീക്ക് പോക്ക് ഉണ്ടാക്കണം. അപ്പൊ  എത്ര  ആണെങ്കില്‍ വരും ?


സു: ഞാൻ പറഞ്ഞല്ലോ സര്‍‍...


ഹാം: അതിത്തിരി കൂടുതലല്ലേ.. അത്ര  ഒന്നും  തരാൻ  പറ്റുമെന്നു   തോന്നുന്നില്ല.


സു: എങ്കില്‍ സാറ് തന്നെ പറ. എത്ര  തരാൻ  പറ്റും..

ഹാം: പതിനഞ്ച് ശതമാനം.

സു: അത് നക്കാപിച്ച അല്ലെ?

ഹാം: അതാണ് നമ്മുടെ ഹോട്ടലിന്റെ  ഒരു  സ്റ്റാൻ‍ഡേര്‍‍ഡ്.

നാശം.. മാറേണ്ടത്  തന്റെ  ആവശ്യം..   ഇല്ലെങ്കില്‍  അടുത്ത  മാസം പ്രോമോഷന്  വല്ല   ഗോകര്‍‍ണ്ണത്തെക്കും  പോകേണ്ടി വരും.. എന്ത് ചെയ്യണം ?  സുഖിയന്‍ ആലോചിച്ചു അവസാനം ഓക്കേ പറഞ്ഞു.. ഇത് മതി..

എലി പുന്നെല്ലു കണ്ടപോലെ അദ്ദേഹം ചിരിച്ചു..

ഹാം: നിയമന ഉത്തരവ് അയയ്ക്കാം. അത്  ഒപ്പിട്ടു  സമ്മതപത്രം  കൈപറ്റിയതുമായി കാണിച്ചു തിരിച്ചു  ഒരു  ഇണ്ടാസ്സും  തരണം. ബാക്കി  എല്ലാം  എച്ച്  ആര്‍  കൊച്ചു  പറഞ്ഞു  തരും.. എന്നാ വിട്ടോ..

സു: ശരി. വളരെ നന്ദിയുണ്ട്.

അന്ന് വൈകുന്നേരം തന്നെ ഉത്തരവ്  കിട്ടി  ബോധിച്ചു,  ഒരു കുഞ്ഞു പുസ്തകത്തിന്റെ  (ശരിയായി വായിക്കുക )  അത്രേം  ഉള്ള നിയമനഉത്തരവ്.. ഇതിനിടയില്‍ തന്റെ സ്ഥാവരജംഗമം ഒക്കെ  എഴുതി  ചേര്‍ത്തിട്ടുണ്ടാവുമോ. പണ്ടേ  വായിക്കാന്‍  പുസ്തകം  എടുത്താല്‍  ഉറക്കം  വരുന്ന  പതിവുണ്ട്. ആയതിനാല്‍  മുഴുവന്‍  വായിച്ചു   നോക്കാതെ  അപ്പൊ   തന്നെ  ഒപ്പിട്ടു.   ഒപ്പിടാന്‍ നേരം  ആരെങ്കിലും  ആ  പാട്ട്  കേട്ടോ ? ഏതു പാട്ട് ? തോന്നലായിരിക്കും.  ഒപ്പിട്ടു ഇണ്ടാസ് തിരിച്ചു  കൊടുത്തു.

രണ്ടു  ദിവസം  കഴിഞ്ഞപ്പോള്‍  ഒരു  കിളിമൊഴി..  അങ്ങേത്തലയ്ക്കല്‍  എച്ച് ആര്‍ കൊച്ചു.. ക്ഷമിക്കണം  മാടം..

എച്ച് ആര്‍: പിന്നെ  ഒരു  കാര്യം  അന്ന് പറയാൻ വിട്ടു പോയി... പി എഫ് ഇല്ല..

സു: വേണം  എന്നെനിക്ക്   നിര്‍‍ബന്ധമില്ല..  അപ്പൊള്‍    മുഴുവൻ   തുകയും  കയ്യില്‍ കിട്ടും  അല്ലെ..

എച്ച് ആര്‍:  ഇല്ല.. ഒരു  നിശ്ചിത   തുക   എല്ലാ   മാസവും   പിടിക്കും.  മൂന്നു   വര്‍‍ഷം   കഴിയുമ്പോള്‍   തിരിച്ചു  ഒരുമിച്ചു  ഒരു  തരല്‍  തരും.. അപ്പൊ  വേണ്ടാന്നു  പറയരുത്..

സു:   ഉ.. ഉ.. ഉജ്വലമായി.. അപ്പൊ ഇതെന്താ നേരത്തെ പറയാത്തെ?

എച്ച് ആര്‍:  ഇത്  സാധാരണ കടകളില്‍  ഉള്ളതാ.. ഹോട്ടല്‍  ഭീമന്മാര്‍  ഒക്കെ  ഇപ്പൊ  ഇങ്ങനാ..

സു: ആര് പറഞ്ഞു.. ഞാൻ ആദ്യമായിട്ടാ  കേള്‍ക്കുന്നെ.  അതൊക്കെ പോട്ടെ,  പറഞ്ഞു  വരുമ്പോ  എത്ര കയ്യില്‍  കിട്ടും..

എച്ച് ആര്‍: എല്ലാം കൂടി ഇത്ര കിട്ടും..


ദൈവമേ.. പണി കിട്ടി.. അല്ല തന്നു.. താന്‍ അത്  ചോദിച്ചു വാങ്ങി.
പഴയ  കൂലിയെക്കാള്‍  അഞ്ച് ശതമാനം മാത്രം കൂടുതല്‍‍. മുപ്പതു  ചോദിച്ചിട്ട് അവസാനം അഞ്ചില്‍  എത്തി.  ഇതെന്തിനാ.. ?


സു: അങ്ങനെ ആണെങ്കില്‍ എനിക്കീ ജോലി വേണ്ട.

എച്ച് ആര്‍: സമ്മതപത്രം  കൈപറ്റി  ഒപ്പിട്ടില്ലേ ? ഇനി  ജോയിൻ ചെയ്തില്ലെങ്കില്‍  വേറെ  കുറെ  കാശ്  ഇങ്ങോട്ട്‌  തരേണ്ടി  വരും

അതിലൊരു ഭീഷണിയുടെ സ്വരം തലപൊക്കിയില്ലേ..  

ഇതൊരു  കുരുക്കായി പോയല്ലോ ഈശ്വരാ...

അപ്പുറത്തെ വീട്ടിലെ  കുഞ്ഞു ചെക്കന്‍  മികച്ച   ടൈമിങ്ങില്‍  ഒരു  പാട്ട്  കൂടി  തൊടുത്തു   വിട്ടപ്പോള്‍  എല്ലാം പൂര്‍ത്തിയായി ..അവനവൻ ‍ കുഴിക്കുന്ന കുഴികളില്‍....

സമ്മതപത്രത്തില്‍ ഒപ്പിട്ടപ്പോള്‍  കേട്ട    ഗാനം  ഇത് തന്നെയായിരുന്നു എന്ന്   സുഖിയന്‍  ഇപ്പോള്‍  ഓര്‍‍ക്കുന്നു....






Thursday, April 26, 2012

ഒരു ബ്ലോഗൻ‍ ജനിയ്ക്കുന്നു.....

ബ്ലോഗ്ബ്ലോഗ്എന്ന് ആദ്യംകേട്ടപ്പോള്‍ വൈറസ്പോലെ പകരുന്ന എന്തോ ഒന്നാണെന്ന് മനസ്സില്‍ കരുതിയത് തെറ്റിയില്ല... പകര്‍ന്നു... 2009ല്‍ ബ്ലോഗ് തുടങ്ങിയ സമയത്ത് ആംഗലേയം കൂട്ട് പിടിച്ചു രണ്ടെണ്ണം കാച്ചി.. തരക്കേടില്ല, നല്ലത് എന്നിങ്ങനെ അഭിപ്രായങ്ങളും കിട്ടി.. പക്ഷെ അത് വായിച്ചിട്ട് മനസ്സിലാകാത്തള്‍‍ക്കാരുടെ ജല്പനമല്ലേ എന്ന ചിന്ത ബ്ലോഗിനെ അകാലചരമത്തില്‍‍‍ കൊണ്ടെത്തിച്ചു.. പിന്നീടു ഇതില്‍ കുത്തിക്കുറിച്ച് സമയം കളയാൻ ആവശ്യത്തിനു സമയം മിച്ചം വച്ചില്ല. മാത്രമല്ല ഊണും ഉറക്കവും പിന്നെ അത്യാവശ്യം ചില ചിന്തകളില്‍ സമയം കളഞ്ഞു എന്ന് പറയുന്നതാവും ശരി. അന്നുണ്ടാക്കിയ ബ്ലോഗ് രണ്ടു നാള്‍ മുന്നേ പൊടി തട്ടി എടുക്കുകയായിരുന്നു.

അതിനാസ്പദം രണ്ടു നാള്‍ മുന്നേ ഹരി പാല എന്ന ഒരു ഭീമസേനന്റെ ബ്ലോഗുകള്‍ വായിക്കാനിടയതാണ്. പോങ്ങുംമൂടനെന്ന പേര് എനിക്കത്ര ബോധിച്ചില്ലെങ്കിലും രസകരമായ എഴുത്ത് സ്വാധീനിച്ചു. എഴുതുമ്പോള്‍ മനസ്സില്‍ഉള്ളത് അതേ പടി പകര്‍ത്തുന്നത് തികച്ചും ഒരു കഴിവ് തന്നെയാണ്. അതും നര്‍മത്തില്‍ചാലിക്കുമ്പോള്‍ അതിന്റെ പ്രഹരശേഷി കൂടും. തുടര്‍ന്നു അവയുടെ ലിങ്ക് പിന്തുടര്‍ന്ന് ബെര്‍ലിയുടെയും നട്ടപിരാന്തന്റെയും ബ്ലോഗുകളിലൂടെ ഒരു സഞ്ചാരം.


കുത്തിക്കുറിക്കുക എന്നത് ഒരാളുടെ ജന്മവകാശവും മൌലികവകാശവും ആണെന്നത് ബ്ലോഗുകളിലൂടെ ഞാൻ മനസ്സിലാക്കി. "പഹയാ ഞങ്ങളെ മെനക്കെടുത്തുന്നത് എന്തിനു" എന്ന് ഇത് വായിക്കുന്നവര്‍ക്ക് തോന്നിയാല്‍ "എനിക്ക് തോന്നി, ഞാനെഴുതി. വേണമെങ്കില്‍ വായിച്ചാല്‍‍‍  മതി" എന്ന് പറയാനുള്ള ധൈര്യം ബ്ലോഗുകള്‍ തന്നു.

ഇത്തരമൊരു സാഹസത്തിനു പിന്നിലെ ചാലക ശക്തി എന്തെന്ന്  ചിലപ്പോള്‍ചോദിക്കുമായിരിക്കും.. എതൊരു തെമ്മാടിയുടെയും വിജയത്തിനു പിന്നിലും ഒരു പെണ്ണ് ഉണ്ടാകും. എന്റെ കാര്യത്തില്‍ അതെന്റെ വാമഭാഗം ആകുന്നു. എന്റെ മൂന്ന് നാല് കുത്തിക്കുറിപ്പുകള്‍ അവള്‍ കയ്യോടെ പിടികൂടി. ഒരുപക്ഷെ അവിഹിതബന്ധം സംശയിച്ചാണോ.. അറിയില്ല.. ചോദിക്കാ‍ ധൈര്യവുമില്ല. പ്രോഗ്രസ്സ് കാര്‍ഡിന് അവളുടെ സൈൻ കിട്ടുമോ അതോ ചൂ(ര)ലെടുക്കുമോ എന്ന് പ്രതീക്ഷിച്ചു നിന്ന എന്നോട്, എന്ത് കൊണ്ട് ബ്ലോഗിക്കൂട എന്നൊരു  ചോദ്യം. സ്വതവേ ലോലഹൃദയനായ  ഞാ‍ ആ ചോദ്യത്തിനു  മുന്നില്‍‍ പകച്ചു പോയി.  പെണ്ണ് വാക്ക് പിൻ വാക്കെന്നാണ്. ഏതായാലും പരീക്ഷിച്ചു നോക്കിയിട്ട്  പഴഞ്ചൊല്ല് വിശ്വസിക്കാം എന്ന് ഞാനും കരുതി. പുട്ടിനു പീര പോലെ ഇതിനു മണിക്കൂറുകള്‍മുന്നേ പോങ്ങുംമൂടന്റെ ഒരു റിവ്യൂ വായിച്ചിരുന്നു. "പത്താം നിലയിലെ തീവണ്ടി". സിനിമ കാണണം എന്ന് മനസ്സിലോര്‍‍ത്തു  ഇരിക്കുമ്പോള്‍ ദിവാകര‍ ചാനലില്‍രാത്രി അതേ സിനിമ. അത്യാവശ്യം ശുഭാപ്തി വിശ്വാസി ആയതിനാല്‍ഇതിനെ ഒരു നിമിത്തം ആയി ഞാൻ വ്യാഖാനിക്കുകയും കൂടി ചെയ്തു.  എല്ലാം ശുഭം.

എന്റെ സ്വഭാവത്തിന്, പലതും തുടങ്ങണം തുടങ്ങണം എന്ന് വിചാരിക്കുകയല്ലാതെ  തുടങ്ങാറില്ല. അതിവിടെയും ആവര്‍ത്തിക്കും  എന്ന് മനസ്സിലാക്കിയിട്ടാകും എന്റെ സഹധര്‍മിണി പതിവിലും കൂടുതല്‍ എന്നെ വാക്കുകള്‍ കൊണ്ട് കുത്തി നോവിക്കാൻതുടങ്ങി. ബ്ലോഗ്‌ എഴുതുക ചില്ലറ കാര്യമല്ല. അതിനു ഒരുപാട് ലേഖനങ്ങളും, കഥകളും മറ്റും വായിച്ചു പക്വത വരുത്തേണ്ടതുണ്ട്. മാത്രമല്ല സ്വന്തമായ ഒരു ശൈലിയും ഉണ്ടാക്കേണ്ടതുണ്ട്. മനുഷന്റെ അടിസ്ഥാനാവശ്യമായ ഭക്ഷണത്തിന് വേണ്ടിയുള്ള പാച്ചിലിനിടയില്‍വേണ്ടത്ര സമയം നീക്കിവയ്ക്കാൻകഴിയില്ല. ഇതൊക്കെ പറഞ്ഞാല്‍‍ എന്നെ പിന്തിരിപ്പ‍  മൂരാച്ചിയെന്നു മുദ്ര കുത്തും. അവസാനം എപ്പോഴത്തെയും പോലെ ഇത്തവണയും ഭാര്യയുടെ നിര്‍ബന്ധത്തിനു വഴങ്ങേണ്ടി വന്നു.

നിങ്ങളുടെ അനുഗ്രഹാശിസ്സുകളോടെ ഞാനും ഇന്ന് മുതല്‍‍ ബ്ലോഗിതുടങ്ങും എന്ന പ്രതിഞ്ജ ഇതിനാല്‍ ചെയ്തു കൊള്ളുന്നു. എന്റെ ബ്ലോഗുകള്‍ വായിക്കാൻ‍ ശ്രമിക്കുന്നവര്‍‍ക്ക് എന്നെ പത്തു പറയണം എന്നുണ്ടെങ്കില്‍‍ ദയവായി ഇലക്ട്രോണിക് കത്തുകളിലൂടെ മാത്രം കുത്തി നോവിക്കുക. അല്ലാതെ ഒരു സൈക്കിളും ഒരു മൈക്കും എടുത്തു നാട്ടിലേക്ക് ഇറങ്ങരുത്. നാലുപേരുടെ മുന്നില്‍ വെച്ച് നാണം കെടാനുള്ള പക്വത എനിക്കായിട്ടില്ല. എത്ര നാണം കെട്ടാലും എന്നാലാവും വിധം ഈ കൊച്ചു ബ്ലോഗിനെ നെഞ്ച് വിരിച്ചു നിര്‍‍‍‍ത്താൻ‍ ശ്രമിക്കുന്നതായിരിക്കും....