Wednesday, May 07, 2014

ചില മിഥുന കാഴ്ചകൾ

പഴയൊരു കഥ ഓർമ്മ വന്നതാ...

കേരളത്തിന്റെ വക്കീൽ കോടതിയോട്  : കേരളത്തെ നശിപ്പിക്കാൻ ഈ മഹാപാപി കൂടോത്രം ചെയ്തു കുഴിച്ചിട്ടു. കുട്ടികൾ മണ്ണുവാരി കളിച്ചപ്പോ കുഴിച്ചിട്ട ചെമ്പുകുടം കിട്ടി..

സ്വാമി :  ശത്രുവിനെ നിഗ്രഹിക്കാനുള്ള ശക്തി നാമീ തേങ്ങയിലേക്ക് ആവാഹിച്ചിരിക്കുകയാണ്.. തൊട്ടു പ്രാർഥിച്ചോളൂ...   ഹേയ് .. തേങ്ങയിൽ  തൊട്ടു പ്രാർഥിച്ചോളൂ ..

വക്കീൽ : കേരളത്തെ കൂടോത്രം ചെയ്തു നശിപ്പിക്കാൻ ശ്രമിച്ച ആ നായിൻറെ മോൾടെ തലമണ്ട പിളർന്നു ചാവണേ...

സ്വാമി : ഛെ.. പൂജാകർമ്മവേളയിൽ അസഭ്യം പുലമ്പരുത് ..

വക്കീൽ : എന്നാൽ ആ മഹാന്റെ ശിരസ്സ്‌ പിളർന്നു അന്തരിക്കണേ..

ഉമ്മച്ചൻ : എന്താ ജയാമ്മേ ഒന്നും മിണ്ടാത്തത്..

വക്കീൽ : അവളിനി ഒന്നും മിണ്ടൂല.. അവളിനി ജീവിതത്തിൽ ആരോടും മിണ്ടൂല.. ഈ പൂജ സുനാമണി കഴിഞ്ഞു തേങ്ങ നിലത്തെറിഞ്ഞു ഉടയ്ക്കുമ്പോ ഇവള്ടെ തല പൊട്ടിത്തെറിക്കും.. തലയും തലച്ചോറും തൂത്തുവാരി കഴുകാൻ സോപ്പും വെള്ളവും ചൂലും കരുതി വെച്ചോ പെമ്പെറന്നോരെ ..

സ്വാമി : ദേവീ.. പാപകരാധവിഭോ..

വക്കീൽ : ആഹ് .. കൂടോത്രം ചെയ്തവൾ ഈ പരിപാടി കഴിയുമ്പോ വിവരം അറിയുമെന്നാണ് ചെർക്കോടൻ സ്വാമി പറയുന്നത്.. പറ സ്വാമീ... പറ.. പറ..

സ്വാമി : പക്ഷസ്വക്ഷ പരമനപരാക്രമഗുണാ വൈരക്ഷയക്ഷയ പ്രദ്യുക്തെ..

വക്കീൽ : കേട്ടോ.. ആക്രമിക്കാൻ വന്നവൻ ക്ഷയരോഗം വന്നു കുരച്ചു കുരച്ചു ചാവുമെന്ന്.. ഇപ്പൊ പറഞ്ഞോ എതവനാ ഇത് ചെയ്തതെന്ന്  ... സത്യം പറഞ്ഞു മുന്നോട്ടു വന്നാൽ മരണത്തീന്നു രക്ഷപെടാം..

ഉമ്മച്ചൻ to ജയാമ്മ: എടീ.. ചെർക്കോടൻ സ്വാമിയോട് വാശി വേണ്ട.. നീ അങ്ങോട്ട്‌ സമ്മതിച്ചേക്ക്.. വെറുതെ തമിഴ് നാടിനെ അനാഥരാക്കുന്നതെന്തിനാ ?

ജയാമ്മയുടെ മുഖത്ത് പുച്ഛഭാവം...

വക്കീൽ : നീ സമ്മതിക്കണ്ടെടീ ... സമ്മതിച്ചാൽ നിന്റെ തല പൊട്ടി തെറിക്കുന്നതു കാണാൻ എനിക്ക് പറ്റില ..

സ്വാമി: സൂര്യാധി ഗ്രഹങ്ങൾ നീചത്തിലും രാഹുകേതുക്കളാകുന്ന അനിഷ്ടഭാവനാഥന്മാരോടും കൂടി നിൽക്കുന്നതായിട്ടാണ് കാണുന്നത്..

വക്കീൽ : അതെ.. അവൾ അവിടെ തന്നെ നില്ക്കുകയാണ്.. എന്നെ നശിപ്പിക്കാൻ എന്നെ കൊളം തോണ്ടാൻ.. പക്ഷെ അത് നടക്കൂല.. അതിനു മുൻപേ പൂച്ച് പുറത്തായി..

സ്വാമിയുടെ മന്ത്രോച്ചാരണം കൂടുന്നു..

മേടമന്ത്ര ധ്വനികളുടെ ഊർജം ഈ തേങ്ങയിലേക്ക് ആവാഹിക്കപെട്ടു കഴിഞ്ഞു.. പരീക്ഷണം മതിയാക്കൂ.. ദുഷ്കർമി മറനീക്കി പുറത്തു വരൂ..  

വക്കീൽ : തേങ്ങ ഉടയ്ക്കൂ സ്വാമീ..

സ്വാമി: സത്യം തുറന്നു പറയൂ.. ആരാണിതിവിടെ കുഴിച്ചിട്ടത്..

വക്കീൽ : തേങ്ങ എറിഞ്ഞുടയ്ക്ക് സ്വാമീ.. അവൾടെ തല പൊട്ടിത്തെറിക്കട്ടെ...

സ്വാമി: അരുത്.... പാപിക്ക്‌ പശ്ചാത്തപിക്കാൻ ഒരു ചെറുപഴുത് കൂടി.. അന്തസായി തെറ്റ് തുറന്നു പറയൂ.. നാം വെറുതെ വിടാം..

വക്കീൽ : ആഗ്ഹാ.. വെറുതെ വിടാൻ പറ്റില്ല ... മന്ത്രവാദി ചതിക്കല്ലേ..

 സ്വാമി: ഈ തേങ്ങയും തലയും അണ്ടകടാഹങ്ങളും ഞെട്ടിച്ചു കൊണ്ട് പൊട്ടി ചിതറും മുൻപ് സത്യം തുറന്നു പറഞ്ഞോളൂ.. ഇനിയും ക്ഷമിക്കാനാവില്ല ..

വക്കീൽ : താൻ പൊട്ടിക്കുന്നെങ്കി  പൊട്ടിക്കെടോ ..

സ്വാമി: എങ്കിൽ അനുഭവിച്ചോ.. ഞാൻ ഇതാ പൊട്ടിക്കാൻ പോകുന്നു........ ഇപ്പൊ പൊട്ടിക്കും....... ദാ അടുത്ത നിമിഷം പൊട്ടാൻ പോകുന്നു ............ ഇപ്പൊ പൊട്ടും  ............ ഇപ്പൊ പൊട്ടും  .. അടുത്ത നിമിഷം പൊട്ടാൻ പോകുന്നു... ഇതാ പൊട്ടുന്നു..

വക്കീൽ : തനിക്കു പൊട്ടിക്കാൻ പറ്റില്ലെങ്കിൽ ഞാൻ പൊട്ടിക്കാമെടോ..

വക്കീൽ ബലമായി തേങ്ങ വാങ്ങി എറിഞ്ഞുടയ്ക്കുന്നു ...  ഒപ്പം കുറെ നിലവിളികളും ..


കോടതി വിധിയ്ക്കു ശേഷം..

ജയാമ്മ : എല്ലാരും ഒന്ന് നോക്കിയേ.. എനിക്കിപ്പോ തലയുണ്ടോന്നു..

വക്കീൽ സ്വാമിയോട് : ആരടെ തലയാടോ പൊട്ടിതെറിച്ചേ ? തന്റെ അപ്പൂപ്പന്റെയോ

സ്വാമി: താനെന്തിനാടോ എന്റെ കയ്യിൽ നിന്ന് തേങ്ങ മേടിച്ചു എറിഞ്ഞുടയ്ച്ചത് . ബ്ലഡി ഫൂൾ..

വക്കീൽ : തേങ്ങ ആരുടച്ചാലെന്തെടോ ?

സ്വാമി: എന്നാ പിന്നെ തനിക്കു കുറെ തേങ്ങ വാങ്ങിച്ചങ്ങ്  ഒടച്ചാൽ പോരായിരുന്നോ  ?  എന്നെ എന്തിനാടോ വിളിച്ചത് .. മരമാക്രീ..

ജയാമ്മ : നിർത്ത് നിർത്ത് .. നിങ്ങൾ തമ്മിൽ തലതല്ലി പോളിക്കണ്ട.. ഞാനൊരു സത്യം പറയട്ടെഡാ പട്ടീ.. ആ ചെമ്പുകുടം ആരാണിവിടെ കുഴിച്ചിട്ടത് എന്നറിയോ.. ഞാൻ പറയാം.. കേൾക്കണോ .. ഞാൻ തുറന്നു പറയാം  ..  ഞാനാ ഇതിവിടെ കുഴിച്ചിട്ടത്..

സ്വാമി :  ആാാ

ജയാമ്മ : പോടോ

*************************************************************************





Saturday, November 16, 2013

കസ്തൂരിരംഗൻ റിപ്പോർട്ട്‌ ..

മുല്ലപ്പെരിയാറിന്റെ വൻപ്രദർശന വിജയത്തിന് ശേഷം ഇതാ വരുന്നു....

കസ്തൂരിരംഗൻ റിപ്പോർട്ട്‌ ...

അന്യൻ വിയർക്കുന്ന കാശും കൊണ്ട് അപ്പവും തിന്നു വീഞ്ഞും കുടിച്ചു കോണ്ടാസ്സേയിലും ബെൻസിലും കേറി നടക്കുന്ന പളുപളുത്ത കുപ്പയാക്കാർ സംവിധാനം ചെയ്തു ഇടതു വലതുപക്ഷങ്ങളുടെ നിർമ്മാണ  സഹായത്തോടെ വെള്ളിയാഴ്ച മുതൽ വയനാട്, ഇടുക്കി ജില്ലകളിൽ പ്രദർശനം തുടങ്ങി. പല തീയറ്ററുകളിലും  ജനത്തിരക്ക് നിയന്ത്രിക്കാൻ പോലീസ് നന്നേ പാട് പെട്ടു.

ഒരു കാർഷിക പശ്ചാത്തലത്തിൽ എടുത്തിരിക്കുന്ന സിനിമ പ്രകൃതിഭംഗിയുള്ള ദൃശ്യങ്ങൾ കൊണ്ട് തന്നെ സമ്പുഷ്ടമാണ്..  താമരശ്ശേരി ചുരത്തിനു ചുവടെ അടിവാരത്തും, ഇടുക്കിയിലെ "ഭ്രാന്ത"പ്രദേശങ്ങളിലും ചിത്രീകരിച്ച സിനിമയുടെ ഏറിയ പങ്കും  canon 7D  ഉപയോഗിച്ചാണ്‌ ചിത്രീകരിച്ചിരിക്കുന്നത്.  

ഇടുക്കി അതിരൂപത തീയേറ്ററിന്റെ ഓണറും പ്രധാന നടനും ഒക്കെയായ മാർ ഗോപാലകൃഷ്ണൻ,  "അടുത്ത തിരഞ്ഞെടുപ്പിൽ തോമാച്ചൻ മത്സരിച്ചാൽ തോല്പിക്കു"മെന്ന ഉശിരൻ ഡയലോഗിനു നിർത്താതെയുള്ള കയ്യടി നേടി കൊടുക്കുന്നു. മാറിനെയും തോമച്ചനെയും കൂടാതെ കെപിസിസി, സി പി എം തീയറ്ററുകളിലെ കൂടാതെ ചില "കർഷക" സംഘടനകളുടെയും പ്രമുഖ നടീനടന്മാരും ഈ ചിത്രത്തിൽ ശ്രദ്ധേയമായ അഭിനയം കാഴ്ച വെച്ചിരിക്കുന്നു.. ഡിഫി, കെഎസ് യു തീയറ്ററുകളിലെ ന്യൂജെനറേഷൻ നടന്മാരും തങ്ങളുടെ അരങ്ങേറ്റം നന്നായി തന്നെ നിർവഹിച്ചിരിക്കുന്നു..    

ടിക്കറ്റ്‌ കിട്ടാത്തതിനെ തുടർന്ന് വയനാട് വനം വകുപ്പ് ഓഫീസിലേക്ക് തള്ളികയറിയ ഫാൻസ്‌, ടിക്കറ്റ്‌ വെച്ചിരുന്ന ഫയലുകൾ മുഴുവൻ കത്തിച്ചു കളയുന്ന സീൻ canon 7D ഉപയോഗിച്ചാണ് ചിത്രീകരിച്ചിരിക്കുന്നത്.. പോരാത്തതിനു ചില സംഘട്ടന രംഗങ്ങളിൽ ക്യാമറയ്ക്കും ക്യാമറമാനും പരുക്കേറ്റതു സിനിമയുടെ ഒറിജിനാലിറ്റിയെ തെല്ലൊന്നുമല്ല സഹായിച്ചിരിക്കുന്നത്..

പുതിയ ഹാസ്യതാരങ്ങൾ തികച്ചും അച്ചടക്കത്തോടെയാണ് തങ്ങളുടെ റോളുകൾ അവതരിപ്പിച്ചിരിക്കുന്നത്. സാമൂഹ്യവിരുദ്ധരാണ് ഫയലുകൾ കത്തിച്ചതെന്നു പറഞ്ഞ ഒരു MLA ഹാസ്യനടൻ 2 മണിക്കൂറിനുള്ളിൽ തന്റെയും സഹോദരന്റെയും ഫോട്ടോ അക്രമികളുടെ കൂടെ പുറത്തു വന്നത് കണ്ടു അന്ധാളിച്ചു നിൽക്കുന്നതു ഹാസ്യത്തിന് പുതിയ മാനമേകുന്നു..

അവസാനം ഗസ്റ്റ് റോളിൽ പ്രശസ്ത ഹോളിവുഡ് / ബോളിവുഡ് നടി ഇറ്റലിക്കാരി -Edvige Antonia Albina Màino അവർകളുടെ അഭിനയവും എടുത്തു പറയേണ്ടതാണ്.. ഗോഡ്ഫാദറിലെ അഭിനയത്തിന് ഫിലോമിന ചേച്ചിയോട് (നിന്റെ അമ്മേടെ ചെവിട്ടിലും വെയ്ക്കെട പഞ്ഞീ) കിടപിടിക്കത്തക്ക അഭിനയമാണ് അവർ കാഴ്ചവെച്ചിരിക്കുന്നത്..

എങ്കിലും അക്രമത്തിന്റെ മറവിൽ അരമനബാർ തള്ളിപ്പൊളിക്കുന്ന സീൻ, സിനിമയുടെ ഒരു കുറവ് തന്നെയാണ്. ദേശീയപാനീയത്തെ അവഹേളിക്കുന്ന തരത്തിൽ ചിത്രീകരിച്ചതിന് ഓൾകേരളാമദ്യപാനി അസോസിയേഷൻ സിനിമയ്ക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്.      

ഇനിയും കൂടുതൽ സീനുകൾ വരാനിരിക്കുന്നതേ ഉള്ളൂ എന്ന സംവിധായകന്റെ ആഹ്വാനം തികച്ചും പ്രതീക്ഷയ്ക്ക് ഇടനൽകുന്നതാണ്.
 
 ഈ ആഴ്ചയിലെ നിരൂപണത്തിൽ  കസ്തൂരിരംഗൻ റിപ്പോർട്ട്‌ - 9/10. 

Tuesday, November 05, 2013

മുതലക്കണ്ണീർ പൊഴിക്കുന്ന വങ്കന്മാർ

ചില കിഴങ്ങന്മാരുണ്ട് .. എന്ത് ചെയ്താലും അതിപ്പോ ശാസ്ത്രസാങ്കേതികവിഭാഗവുമോ, കലാവിഭാഗത്തിലോ ആയിക്കോട്ടെ, പുരോഗതിയെ കുറിയ്ക്കുന്ന എന്തു ചെയ്താലും, അത് കൊണ്ട് ഇന്ത്യയിലെ ദാരിദ്ര്യം തുടച്ചു മാറ്റാൻ കഴിയുമോ എന്ന് ചോദിക്കുന്ന കുറേ വിഡ്ഢികൂഷ്മാണ്ടങ്ങൾ. ലോക്കൽ കമ്മിറ്റി വിഭാഗീയത തീർക്കാൻ വൈറ്റ് ഹൌസ് ഇടപെടും എന്നൊക്കെ പറയും പോലെ തമാശയ്ക്ക് വക നല്കുന്നതും തികച്ചും ബാലിശവുമാണ് ഇത്തരം ചിന്തകൾ. ഇതിനു മുന്നേ ഈ രോഗം റിപ്പോർട്ട്‌ ചെയ്തത് ബിനാലെ നടന്നപ്പോഴാണ്..

സ്വാതന്ത്ര്യം കിട്ടി അറുപതു വർഷം കഴിഞ്ഞിട്ടും ദാരിദ്ര്യം അത് പോലെയൊക്കെ തന്നെ ഉണ്ട്. കുറച്ചൊക്കെ വ്യത്യാസം വന്നിട്ടുണ്ടെങ്കിലും കാര്യമായ പുരോഗതി ഒന്നും തന്നെ ഉണ്ടായിട്ടില്ല.. ഗാന്ധി കുടുംബത്തെയും, താമരയെയും ഭരണത്തിലേറ്റി നമ്മൾ ഉണ്ണാക്കന്മാർ എല്ലാ അഞ്ചു കൊല്ലത്തിലും രണ്ടിലേതെങ്കിലും ഒരുത്തനെ കുത്താൻ, മുണ്ടും മടക്കി കുത്തി പോകും.. ശാസ്ത്രത്തിനു 475 കോടി കാശു മുടക്കുമ്പോൾ മാത്രം ഇവനൊക്കെ എന്താ ഇത്ര കടി ? INR1766.45 ബില്ല്യൻ കോടി വലിപ്പിച്ചോണ്ട് രാജയും, INR185591 കോടി കൽക്കരിയിലും ഊമ്പിച്ചോണ്ട് പോയ വാർത്ത‍ പത്രത്തിൽ വായിക്കുമ്പോൾ, നേരെ ടോയിലറ്റിൽ പോയി രാഷ്ട്രീയക്കാരെയും അവരുടെ പൂർവികരെയും അമ്മയ്ക്ക് വിളിച്ചു ധാർമികരോഷം തീർക്കും.

ചില "ചെറിയ" അഴിമതി കഥകുളുടെ ചുരുക്ക പട്ടിക താഴെ ചേർത്തിരിക്കുന്നു..

1. DIAL Scam – Central government lost INR166972.35 Cr.  (US$2,600) by undue favours to GMR-led DIAL. DIAL (Delhi International Airport Limited) is a consortium of the GMR Group (50.1%), Fraport AG (10%), Malaysia Airports (10%), India Development Fund (3.9%), and the Airports Authority of India (26%).
2. Granite scam in Tamil Nadu
3. Highway scam – INR16000 Cr.
4. ISRO's S-band scam (also known as ISRO-Devas deal, the deal was later called off) – INR200000 Cr .
5. Arunachal Pradesh PDS scam – INR1000 Cr.
6. Scorpene Deal scam
7. The Satyam scam
8. Navy War Room spy scandal (related to Scorpene Deal Scam)
9. Oil for food scam
10. Gegong Apang PDS scam
11. Taj corridor scandal
12. Hawala scandal
13. Bihar land scam – INR4 billion Cr.
14. SNC lavalin power project scam – INR3.74 billion Cr.
15.  Bihar fodder scam – INR9.5 billion Cr.
16. Purulia arms drop case* The Mundhra scandal – INR12 million Cr.
17. Jeep scandal – INR8 million Cr.
18. Bofors Scandal
19. Nagarwala scandal – INR6 million Cr.
20.  Commonwealth Games scam – INR700 billion Cr.

എന്നാൽ ഈ വെട്ടിച്ച പണം തിരിച്ചു പിടിച്ചു പാവപ്പെട്ടവന് തിരിച്ചു കൊടുക്കാൻ ആരും ശ്രമിച്ചതായി കണ്ടിട്ടില്ല? ആരുടേയും കമന്റോ ലൈക്കോ ഒന്നും കണ്ടില്ല.. എന്നിട്ടും ഒരു ബോയിംഗ് വിമാന വിലയായ ഈയൊരു  475 കോടിയ്ക്ക് വേണ്ടി പൊഴിക്കുന്ന കണ്ണീർ കണ്ടാൽ മുതല വരെ നാണിച്ചു പോകും..

കുട്ടികളുടെ  പോഷകാഹാരകുറവ് നേരിടാൻ Midday meal scheme in Indian schools, Integrated child development scheme, National Children's Fund,National Plan of Action for Children തുടങ്ങിയ നിരവധി പദ്ധതി ആവിഷ്കരിച്ചു നടപ്പാക്കിയിട്ടുണ്ട്.. അതിലേക്കായി 1.5 ബില്ല്യൻ കോടി രൂപ എല്ലാവർഷവും ചിലവാക്കുന്നുണ്ട്.. ഇത് കൂടാതെ UNESCO യുടെ ഫണ്ട്‌ വേറെയും കിട്ടുന്നുണ്ട്. ആദ്യം ഇതൊക്കെ അവരിലേക്ക്‌ തന്നെ എത്തുന്നുണ്ടോ എന്ന് പോലും ഉറപ്പു വരുത്താൻ പറ്റുന്നില്ല. എന്നിട്ടാവാം ദാരിദ്ര്യ നിർമാജ്ജനത്തിന് വേണ്ടി ബഡ്ജറ്റിൽ വകയിരുത്തിയിരിക്കുന്ന കോടികൾ ചിലവാക്കുന്നതിന്റെ കണക്കുകൾ.  

ചൊവ്വയിലും മാഴ്സിലും ചന്ദ്രനിലുമൊക്കെ  എന്താ നടക്കുന്നതെന്ന് അറിയാനും പറ്റുമെങ്കിൽ അവിടെ താമസിക്കാൻ കഴിയുമെങ്കിൽ അതൊരു നല്ല കാര്യമല്ലേ ? (ഒന്നുമില്ലെങ്കിൽ ഇവിടുത്തെ തിരക്കിനൊരു കുറവ് വരുമല്ലോ ? ).  ദാരിദ്ര്യത്തിനോപ്പം തന്നെ വലുത് തന്നെയാണ് ശാസ്ത്രവും കലയും.  ഏറ്റവും കൂടുതൽ വരുമാനം ലഭിക്കുന്ന ക്രിക്കറ്റ്‌, ബോളിവുഡ് എന്നിവയിലും കോടികൾ ചിലവാക്കുന്നില്ല്ലേ? അവ ദാരിദ്ര്യ നിർമാർജ്ജനത്തിനു എന്ത് കൊണ്ട് ഉപയോഗിക്കുന്നില്ല.. അങ്ങിനെ നോക്കുമ്പോൾ  ഈ പ്രശ്നം ഉണ്ടാക്കുന്നവർക്ക് ലക്‌ഷ്യം ദരിദ്രരോടുള്ള സ്നേഹമല്ല എന്ന് വ്യക്തം.

ഇത് എന്റെ മാത്രം അഭിപ്രയാമാണേ.. ഇത് എന്റെ സാധാ ബുദ്ധിയ്ക്ക് തോന്നിയത്  മാത്രം കുത്തി കുറിച്ചതാണ്കൊ.  അങ്ങിനെ ഒന്ന് എനിക്കുണ്ട് എന്ന്  ഞാൻ വിശ്വസിക്കുന്നു.. അതിര് കടക്കുന്നു എന്നു തോന്നുന്ന വാക്കുകൽ വിട്ടുകളഞ്ഞു താങ്കളുടെ മനോധർമം അനുസരിച്ച് പൂരിപ്പിച്ചു വായിക്കാവുന്നതാണ്..

Tuesday, August 27, 2013

ഹാപ്പി ബർത്ത്ഡേ !


ഇന്നു രാവിലെ എഴുന്നേറ്റപ്പോൾ നല്ലപകുതിയുടെ ചോദ്യം "അമ്പലത്തിൽ പോകുന്നില്ലേ ?". അതെനിക്കിട്ടു  വെച്ചതാണെന്നു മനസിലായി.. എല്ലാ ഞായറാഴ്ച്ചയും വെളുപ്പിന് അവളെ പള്ളിയിലേക്ക് അനുഗ്രഹം മൊത്തമായി വാങ്ങിവരാൻ പറഞ്ഞു വിട്ടു, ഒൻപതു മണി വരെ കിടന്നുറങ്ങാറുള്ളതിനുള്ള ഒരു മധുരപ്രതികാരം..
എന്തിനാ പോകുന്നെ എന്ന മറുചോദ്യത്തിനു അവള് കിടന്നു തപ്പി. വിഷുവും ഓണവുമല്ലാതെ ഏതൊക്കെ ആഘോഷങ്ങൾ ഉണ്ടെന്നു ചോദിച്ചാൽ ഒരു ഇളി സമ്മാനമായി കിട്ടുമെന്നെനിക്കറിയാമായിരുന്നു.. പക്ഷെ എന്നെ അത്ഭുതപ്പെടുത്തി, കലണ്ടർ തപ്പി, കൃഷ്ണജയന്തി അല്ലേന്ന് മറുചോദ്യം അവൾ ഉന്നയിച്ചു..

ഇങ്ങനെയുള്ള അവസരങ്ങളിൽ അമ്പലത്തിൽ പോകാറില്ല എന്ന് അവൾക്കു നന്നായറിയാം.. രാവിലെയും വൈകുന്നേരവും കുടുംബസമേതം അവിടുത്തെ ഫാഷൻ ഷോ കാണാൻ എനിക്കാവില്ല.. കഴിയുന്നതും ഒറ്റയ്ക്കിരിക്കുമ്പോഴാണ് ഞാൻ ഇവരെയൊക്കെ സന്ദർശിക്കുക. അങ്ങിനെ ഒരു അവസരം കിട്ടാത്തത് കൊണ്ടാവണം ഗുരുവായൂരപ്പനെയും ജീവിതത്തിൽ ആകെ രണ്ടു തവണ മാത്രമേ കണ്ടിട്ടുള്ളു..

അഞ്ചു വയസ്സു മുതൽക്കാണെന്ന് തോന്നുന്നു മിക്കവാറും എല്ലാ ശിവരാത്രിക്കും, അഷ്ടമിരോഹിണിക്കും, വിഷുവിനും, ഓണത്തിനുമെല്ലാം എന്നെയും അനിയനെയും കൂട്ടി അമ്മ അമ്പലത്തിൽ പോകാറുണ്ട്.. അവിടെ ചെന്ന് എന്ത് പ്രാർത്ഥിക്കും എന്നൊന്നും ചോദിക്കരുത്..  പ്രാർത്ഥിക്കാൻ ഓരോരോ കാരണങ്ങൾ ഉണ്ടാവുമെന്നാണല്ലോ മഹാകവി സൈക്കിൾ അഗർബത്തി പറഞ്ഞിട്ടുള്ളത്.. എനിക്കും അന്നൊക്കെ ഓരോ കാരണങ്ങൾ ഉണ്ടായിരുന്നു..

പക്ഷെ എസ്എസ്എൽസി യിൽ എന്നെ വേണ്ടവിധം പരിഗണിക്കാത്തത്തിന്റെ വിഷമം എന്നിൽ ആദ്യത്തെ വിശ്വാസക്കുറവിന്റെ വിത്തുകൾ പാകി. പിന്നീടുള്ള പ്രീഡിഗ്രി പരീക്ഷയും കഴിഞ്ഞതോടെ ശിവയണ്ണനും കൃഷ്ണേട്ടനും എന്റെ കാര്യങ്ങൾ ഗൗനിക്കുന്നില്ല എന്നെനിക്കു തോന്നിത്തുടങ്ങി. പിന്നീടങ്ങോട്ട് അവർ എന്നോട് ചെയ്ത ചതി ആലോചിക്കാനേ വയ്യ.. ആദ്യത്തെ പ്രണയത്തിന്, ക്ലാസ്സു പരീക്ഷയ്ക്ക്, ക്രിക്കറ്റ് മാച്ചുകൾക്ക്‌, സിനിമാ തീയേറ്ററുകളിലെ ഫസ്റ്റ്ഡേ എല്ലാത്തിനും വലിയ തകർച്ചകൾ നേരിടേണ്ടി വന്നപ്പോൾ ഞാൻ ഇവരുമായുള്ള ചങ്ങാത്തം തീരെയങ്ങ് കുറച്ചു.. പിന്നീടുള്ള പരീക്ഷകൾക്ക് അവരുമായി ഞാൻ ഒരു കരാറിലേർപ്പെട്ടു, പ്രതിഫലം ഉറപ്പിച്ചു. കണക്കു പരീക്ഷ ജയിച്ചാൽ പഴവങ്ങാടി ഗണപതിക്ക്‌ മൂന്നു തേങ്ങ..പരീക്ഷയെല്ലാം ജയിച്ചാൽ ആറ്റുകാലമ്മച്ചിയെ മൂന്നു വെള്ളിയാഴ്ച്ച കുളിച്ചു തൊഴുവൽ, പിന്നെ പാളയം ഹനുമാനദ്ദേഹത്തിനു എല്ലാ വ്യാഴായ്ച്ചയും കണ്ടു മിച്ചം വരുന്ന കാര്യങ്ങളൊക്കെ ഏല്പിക്കുക..  അങ്ങിനെ ഓരോ പ്രാദേശികദൈവങ്ങൾക്കും ചെയ്യുന്ന ജോലിയനുസരിച്ചു കൂലി തിട്ടപെടുത്തി. അതും അവർ ചെയ്ത ജോലിയിൽ ഞാൻ സംതൃപ്തനാനെങ്കിൽ മാത്രം..

അതായിരുന്നു ഞാനും ദൈവങ്ങളുമായുള്ള ഒരു ഇരിപ്പുവശം..
ഏതായാലും എന്റെ പ്രിയപ്പെട്ട കൃഷ്ണേട്ടന് , എന്റെയും എന്റെ ഭാര്യയുടെ പേരിലും നല്ലൊരു പിറന്നാൾ ദിനം ആശംസിക്കുന്നു... Happy Birthday !

-# എന്ന് സ്വന്തം പച്ചപരിഷ്കാരി

Saturday, July 13, 2013

അഞ്ചരയ്ക്കുള്ള വണ്ടി ....... (ഒന്നാം ഖാണ്ഡം)


ഒരു ബുധനാഴ്ച. ക്ലാസ്സ്‌ കഴിഞ്ഞു കാന്റീനില്‍ ചായ കുടിക്കാന്‍ എത്തി വായിനോട്ടം എന്ന പരമ്പരാഗതകലയെ എന്നാലാവുംവിധം പരിപോഷിപ്പിച്ചു കൊണ്ടിരിക്കുമ്പോഴാണ് തടിയന്റെ രംഗപ്രവേശം. ഉറക്കച്ചവട് ആ മുഖത്ത് വ്യക്തമായി പ്രതിഫലിക്കുന്നുണ്ട്. ഇനി ഒരു ചായ കുടിച്ചിട്ട് ഉറങ്ങാം എന്ന് കരുതി ഇറങ്ങിയതാവും. വന്നപാടെ ഒരു കട്ടന് ഓർഡർ കൊടുത്തിട്ട് മുന്നിലിരുന്ന പെണ്ണിന്റെ "ചന്തം" ആസ്വദിച്ചു, താടിക്ക് കയ്യും കൊടുത്തിരുന്നു. അപ്പോഴേക്കും ആശാൻ, ശ്രീലേഷ് , വിബിൻ, എന്നിവരും എത്തിച്ചേർന്നു.

പഴംപൊരിയുമായി മല്ലിട്ട്കൊണ്ടിരിക്കുമ്പോളാണ് എന്റെ നോക്കിയ - ആയിരത്തിഒരുനൂറു നിലവിളിക്കുന്നത്. ഈശ്വരാ.. ചോര വാർന്നു കിടന്നാൽ പോലും മിസ്സ്ഡ് കാൾ അടിക്കുന്ന മത്തൻ അങ്ങേത്തലയ്ക്കൽ. ഇത് മിസ്സ്ഡ്കാളാണെന്ന് കരുതി, കുറച്ചു നേരം മിണ്ടാതിരുന്നു.. അല്ല.. അവൻ വിളിക്കുന്നു. സത്യമായും അവൻ വിളിക്കുന്നു. എന്തെങ്കിലും അത്യാഹിതം ?

വിറയാർന്ന കൈകളോടെ കാൾ അറ്റൻഡ് ചെയ്തു.
എടുത്തയുടനെ ത, മ, പു കളുടെ സംഗമശബ്ധതാരാവലികൾ..

"എന്താടാ കാൾ അറ്റൻഡ് ചെയ്യാൻ ഇത്ര താമസം.. നീ എവിടുണ്ട് ?"
"ക്യാന്റീനിൽ".. ഉത്തരം അറിയാതെ വന്നു പോയി.
"എന്നാൽ കട്ട്‌ ചെയ്യ്‌.... ...അങ്ങോട്ട്‌ വരാം..."

അഞ്ചു മിനുട്ട് കഴിഞ്ഞപ്പോൾ പേപ്പട്ടി ഓടിച്ച പോലെ മത്തൻ ക്യാന്റീനിലേക്ക് ഓടികയറി വന്നു..

"അറിഞ്ഞോ ? "

"എനിക്കറിയാമെടാ ? അവളതു പറയുമെന്ന് ഞാൻ അന്നേ പറഞ്ഞില്ലേ ? നീ കുടുങ്ങിയെടാ മോനെ"... അവന്റെ സന്തോഷം കണ്ടപ്പോൾ തന്നെ വിബിൻ കാര്യം ഊഹിച്ചു പറഞ്ഞു..

"അതൊന്നുമല്ല.. ടോണിക്ക്  .. ടോണിക്ക് ..  " കിതപ്പിൽ മത്തന് മുഴുമിക്കാൻ കഴിയുന്നില്ല..

ആശാൻ നേരെ ഇറങ്ങി ഓടി റൂമിൽ പോയി ചുമയ്ക്കുള്ള മരുന്നും എടുത്തു  കൊണ്ട് വന്നു മത്തന് നേരെ നിന്ന് കിതച്ചു .. "ഇന്നാ പിടി.."

"എന്ത് ?"

"നീ ചോദിച്ച ടോണിക്ക് !.."

"ആശാനെ.. അതല്ല.. ടോണിയില്ലേ ? അവന്റെ പിറന്നാളാണ് ഇന്ന്.."

ഹോസ്റ്റല്‍ അന്തേവാസികളായ ഞങ്ങള്‍ ആ ഞെട്ടിക്കുന്ന വാര്‍ത്ത‍ അറിഞ്ഞു. ഇന്ന് സഹമുറിയനായ ടോണിയുടെ പിറന്നാള്‍ . അതിനവന്‍ ചെലവ് ചെയ്യാന്‍ പോകുന്നു, അടുത്തുള്ള ജിനോ ബാറില്‍, അതും വിത്ത്‌ ഫുഡ്‌..., കേട്ടവര്‍ കേട്ടവര്‍ നെഞ്ചത്ത് കൈവെച്ചു. ചിലര്‍ ബോണ്ട തൊണ്ടയില്‍ കുരുങ്ങി അകത്തേക്കുമില്ല പുറത്തേക്കുമില്ല എന്ന അവസ്ഥയില്‍ പ്രാണവായുവിനു വേണ്ടി വെപ്രാളപ്പെടുന്നു.

ചിലവ് ചെയ്യുക.. അതും ടോണി.. ആറുമാസമായി ഹോസ്റ്റല്‍ വാടക കൊടുക്കാതെ രാവിലേം വൈകിട്ടും വാര്‍ഡനച്ചന്‍ കാണാതെ മുങ്ങി നടക്കുന്ന അവന്‍ ഇങ്ങനെ ഒരു സാഹസത്തിനു മുതിരുമോ ?  ടോണിയുടെ പിറന്നാള്‍ പോലും. അവനു പോലും ഓര്‍മ്മയില്ലാത്ത ആ പിറന്നാള്‍ദിനം ഇപ്പൊ എങ്ങിനെ മാലോകര്‍ അറിഞ്ഞു ? സംശയം തീരുന്നില്ല... 

മത്തന്റെ കിതപ്പ് മാറിയപ്പോഴാണ് കാര്യം പിടി കിട്ടിയത്.. മത്തൻ  ടോണിയെ മുന്നൂറു വെള്ളിക്കു ഒറ്റിയതാണ്..   എന്തോ സൗന്ദര്യപിണക്കമാണ് പിറന്നാള്‍ദിന രഹസ്യം ചോരാനുള്ള കാരണം. പിറന്നാൾ ദിനം സത്യമാണ്.. പക്ഷെ ബാക്കി ചിലവിന്റെ തിരക്കഥാകൃത്ത് മത്തനാണ്.

കുറച്ചുസമയം കഴിഞ്ഞപ്പോൾ ഇതൊന്നുമറിയാതെ ടോണി വന്നു.. വൈകാതെ അവൻ അകപെട്ടിരിക്കുന്ന ചതി അവനു മനസിലായി... അവൻ ദയനീയമായി ചില്ലലമാരയിൽ നോക്കി. അയ്യട മോനെ.. ബോണ്ട കൊണ്ട് ഞങ്ങൾക്ക് തുലാഭാരം നടത്തണ്ട. ജിനോയിൽ തന്നെ പോണം.. ചെലവ് ചെയ്യണം എന്ന ആവശ്യം മുദ്രാവാക്യമായി മുഴങ്ങിയപ്പോൾ, അവസാനം ടോണിയ്ക്കു സമ്മതിക്കേണ്ടി വന്നു.

തടിയന്‍, മത്തന്‍, ആശാന്‍, ഡെൽവിൻ, പന്നിപ്പൊളി, വിബിന്‍, ശ്രീലേഷ്, റോണി, റോബിന്‍ പിന്നെ ഞാനും ചേര്‍ന്ന് ടോണിയെയും കൊണ്ട് ബാര്‍ ലക്ഷ്യമാക്കി നീങ്ങി. പോകുന്നതിനുമുന്നേ ഞങ്ങളുടെ എല്ലാവരുടെയും പേഴ്സ് ഒളിപ്പിച്ചു വെയ്ക്കാനും മറന്നില്ല. 

ഏഴു മണിയോടെ ബാറിലെത്തി. കഴിക്കാത്തവരുടെ കൂട്ടത്തിൽ ആശാൻ, ശ്രീലേഷ്, പിന്നെ ഡെൽവിനും. പക്ഷെ ഡെൽവിന്റെ കന്യകാത്വം അധികം നീണ്ടില്ല. അവൻ ബിയർ കഴിക്കുമെന്നുള്ള മഹാസത്യം ഞങ്ങൾ മനസിലാക്കി. ഞങ്ങൾ മലയാളി സ്വഭാവം എടുത്തു തുടങ്ങി. കുടിക്കുന്ന അല്ലെങ്കിൽ കുടിച്ചുകൊണ്ടിരുന്ന ഡെൽവിൻ എന്ത് കൊണ്ട് ഇപ്പൊ കഴിക്കുന്നില്ല. വി എസിന്റെ പേർസണൽ സെക്രട്ടറിമാരുടെ വിശദീകരണം പോലെ ഞങ്ങളവന്റെ വിശദീകരണങ്ങൾ ഒന്നൊന്നായി  തള്ളി കളഞ്ഞു. അതിനെ ചൊല്ലി ലഹള പൊട്ടിപുറപ്പെടും എന്നായപ്പോൾ അവൻ സമ്മതിച്ചു. ഒരു ഗ്ലാസ്‌......,... ഒരേ ഒരു ഗ്ലാസ്... നമ്മുടെ സൗഹൃദത്തിനു വേണ്ടി. അങ്ങിനെ മലയാളി ജയിച്ചു.. ഡെൽവിൻ തോറ്റു ..

ഒരു ഗ്ലാസിൽ നുര പതഞ്ഞു പൊങ്ങി മേശപ്പുറത്തു വെച്ചതും, പശു കാടി കുടിക്കുന്ന പോലെ ഒറ്റ വലിക്കു ഡെൽവിൻ അകത്താക്കി.. എല്ലാരും ഒന്ന് ഞെട്ടി.. ഇവനാണോ വല്ലപ്പോഴും മാത്രം, അതും അപ്പനും അമ്മാവന്മാരും ക്രിസ്തുമസിനു കൊടുക്കുന്ന അര ഗ്ലാസ്‌ മോന്തുന്ന സത്യക്രിസ്ത്യാനി ..

ഏതായാലും ആമ്പിയർ ഉള്ളവനാണ്. ഒരു ഗ്ലാസും കൂടി അവനു പകർന്നു വച്ചു ..  ഡെൽവിനിൽ ഒരു പുഞ്ചിരി വിരിഞ്ഞു. അവൻ ഗ്ലാസ്‌ നിഷേധിക്കുന്നില്ല. കഥകളുടെയും തമാശകളുടെയും ഇടയിൽ അവൻ ആ ഗ്ലാസും കാലിയാക്കി.  ഇതിനിടെ ഭക്ഷണം എത്തി. എല്ലാരും കഴിച്ചെന്നു വരുത്തി..

കാര്യങ്ങൾ ഇങ്ങനെ പുരോഗമിക്കുമ്പോഴാണ്  ഡെൽവിന്റെ സ്വഭാവവ്യത്യാസം ഞങ്ങൾ ശ്രദ്ധിക്കുന്നത്. എന്തൊക്കെയോ സന്തോഷത്തോടെ പറയുന്നുണ്ട്. പലതും വെള്ളി.. ടോണിയുടെ കടയിൽ  പോലും കിട്ടാത്ത പത്തരമാറ്റു വെള്ളി.. കൂടാതെ സംഭാഷണത്തിന് കൂട്ടുകിടക്കാൻ ചിരിയുമുണ്ട്.. ക്രമേണ ചിരി പൊട്ടിച്ചിരിയായും,  പൊട്ടിച്ചിരി അട്ടഹാസമായും രൂപാന്തരം പ്രാപിക്കുന്നത് ഞങ്ങളറിഞ്ഞു. ഒടുവിൽ അടി, ഓട്ടോ പിടിച്ചു വരുമെന്നായപ്പോൾ സ്ഥലം വിടാൻ തീരുമാനിച്ചു. 

പുറത്തിറങ്ങിയ ഡെൽവിൻ ലഹരി ആസ്വദിക്കുകയാണ്.  ഞങ്ങൾ അവനെയും. സന്തോഷം കൊണ്ടെനിക്ക് നടക്കാൻ വയ്യേ ഞാനിപ്പോ ആശാന്റെപുറത്തു വലിഞ്ഞു കയറും എന്ന അവസ്ഥയിലാണ് ഡെൽവിൻ. അങ്ങിനെ ആശാനിലായി സംരക്ഷണചുമതല. 

"ആശാനെ.. നമ്മളിപ്പോ എവിടെത്തി ? "

"ഡാ.. നമ്മൾ കോളേജിനടുത്തു എത്താറായി.."

"പാതിരാത്രിയിൽ നമ്മളെന്തിനാടാ  കോളേജിൽ വരുന്നേ ?" ഡെൽവിൻ വിടുന്നില്ല ..

"കോളേജ് വളപ്പിനുള്ളിലല്ലേ നമ്മുടെ ഹോസ്റ്റൽ "

"അപ്പൊ കപ്പോള (കുരിശടി) കഴിഞ്ഞോ ? "

"അത് നീ വരുന്ന വഴിക്ക് കണ്ടില്ലേ ?" ആശാന് ദേഷ്യം വന്നു തുടങ്ങി ..

"ആശാനിന്നു  പ്രാർത്ഥിച്ചോ ?"

"എന്ത് ?"

"ഇന്നു  ടോണിയുടെ പിറന്നാൾ അല്ലെ ? അവനു വേണ്ടി കപ്പോളയിൽ പോയി ഒന്ന് മുട്ടിപ്പായി പ്രാർത്ഥിക്കണം .. ആശാനും വാ.. "

"അതിനു ഇവിടെ കോളേജിൽ തന്നെ പള്ളിയുണ്ടല്ലോ ? പിന്നെന്തിനാ ഒന്നര കിലോമീറ്റർ അകലെയുള്ള കപ്പോളയിൽ പോകുന്നെ ? ".. ആശാന്റെ കൗണ്ടർ അറ്റാക്ക്‌...

"അതെ ആശാനെ.. ആരോടും പറയരുത് .. ഞാൻ ചെറുതായി രണ്ടെണം വിട്ടിട്ടുണ്ട്.. പള്ളീൽ ആകുമ്പോ നമ്മുടെ വാര്‍ഡനച്ചന്‍ പൊക്കിയാലോ ? അതോണ്ടാ "..

കേട്ടതും എല്ലാരുടെയും "കിളി പോയി". കുടിക്കാത്തവൻ കുടിച്ചപ്പോൾ കള്ളു കൊണ്ട് ആറാട്ട്‌ എന്നോ മറ്റോ ഒരു പഴഞ്ചൊല്ല് ഇല്ലേ..

"വാ പോകാം..ആശാനും , അഭിയും, വിബിനും നീയും കൂടെ വാ.. " ആ ക്ഷണം ഞങ്ങൾ ആദ്യമേ സ്വീകരിച്ചു കഴിഞ്ഞിരുന്നു.. മണി പതിനൊന്നായതേ ഉള്ളു. രാത്രിയിലെ നടപ്പ് ഞങ്ങൾക്ക് ഒത്തിരി ഇഷ്ടവുമാണ്.

"വാ അളിയാ നമുക്ക് പ്രാർത്ഥിച്ചിട്ട് വരാം." വിബിന്റെ പിന്താങ്ങൽ..

ബാക്കി ഉള്ളവർ രക്ഷപെട്ടു..  അങ്ങിനെ ടോണിയുടെ ദീർഘായുസ്സിനു വേണ്ടി ഞങ്ങൾ അഞ്ചുപേർ ഇറങ്ങി തിരിച്ചു.. 

 (തുടരും ....)